ന്യൂഡൽഹി: സവർണ രാഷ്ടീയത്തിന് ശക്തമായ മുന്നറിയിപ്പുമായി രൂപം കൊണ്ട ദലിത് സംഘടനയായ ഭീം ആർമിയുടെ നേതാവ് ചന്ദ്രശേഖർ ആസാദ് അറസ്റ്റിൽ. ഹിമാചൽ പ്രദേശിലെ ഡെൽഹൗസിയിലെ വേനൽക്കാല വസതിയിൽ വെച്ചാണ്​ ച​ന്ദ്രശേഖറിനെ പൊലീസ്​ പിടികൂടിയത്​. ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ആണ് ‘രാവണൻ’ എന്ന പേരിൽ അറിയപ്പെടുന്ന ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്തത്.

ഉത്തർപ്രദേശിലെ സഹരൻപൂരിൽ ജാതീയ സംഘർഷങ്ങൾക്ക്​ പിന്നിൽ പ്രവർത്തിച്ചത്​ അഭിഭാഷകൻ കൂടിയായ ചന്ദ്രശേഖരാണെന്ന്​ പൊലീസ്​ ആരോപണം. ചന്ദ്രശേഖറെയും കുട്ടാളികളെയും കുറിച്ച്​ വിവരം കൈമാറുന്നവർക്ക്​ 12000 രൂപ വീതം നൽകുമെന്നും പൊലീസ്​ പ്രഖ്യാപിച്ചിരുന്നു.

ചന്ദ്രശേഖറി​​ന്റെ നേതൃത്വത്തിൽ ഭീം ആർമി ഡൽഹിയിലെ ജന്തർ മന്ദിറിൽ വൻ ദലിത്​ റാലിയും പ്രക്ഷോഭവും സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെ ചന്ദ്രശേഖറി​ന്​ കോടതിയിൽ ഹാജരാകാൻ നോട്ടീസ്​ നൽകിയെങ്കിലും ഇയാൾ ഒളിവിൽ പോവുകയായിരുന്നു. സഹാരൻപൂരിൽ ജാതീയ സംഘർഷങ്ങൾക്കെതിരെ പൊലീസ്​ അനുമതി മറികടന്ന്​ ഭീം ആർമി മഹാപഞ്ചായത്ത്​ സംഘടിപ്പിച്ചു. ഇത്​ തടയാനെത്തിയ പൊലീസുകാർക്കെതിരെ ഭീം ആർമി പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നു.

അതേസമയം, താൻ അറസ്റ്റിലായാൽ, ജയിലിലേക്കു പോയാല്‍ പ്രതിഷേധിക്കരുതെന്ന് ചന്ദ്രശേ ജന്തർ മന്ദിറിൽ നടത്തിയ റാലിയിൽ പറഞ്ഞിരുന്നു. ‘നിങ്ങള്‍ നിങ്ങളുടെ പ്രദേശത്തെ ഭരണാധികാരികള്‍ക്ക് നോട്ടീസ് നല്‍കണം. സഹരണ്‍പൂരിലെ സബിര്‍പൂരിലെ 56 ദളിത് വീടുകളും 25കടകളും കത്തിച്ചവര്‍ക്കെതിരെ നിങ്ങള്‍ ശബ്ദമുയര്‍ത്തണം. ആ ആക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ദളിത് സഹോദരി സഹോദരന്മാരെയാണ് നിങ്ങള്‍ പിന്തുണയ്‌ക്കേണ്ടത്. അവര്‍ക്കുവേണ്ടിയാണ് നിങ്ങള്‍ ശബ്ദിക്കേണ്ടത്. കള്ളക്കേസെടുത്ത് പൊലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ച ദളിതരെ മോചിപ്പിക്കണമെന്നുപറഞ്ഞാണ് നിങ്ങള്‍ പോരാടേണ്ടത്’ ജന്തർമന്ദിർ പ്രസംഗത്തിൽ ചന്ദ്രശേഖർ പറയുന്നു.

Read More : അടിച്ചമർത്തലുകൾക്കെതിരായ ദലിതരുടെ ദൃഢപ്രതിജ്ഞയാണ് ഭീം ആർമി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ