scorecardresearch
Latest News

ഇന്ത്യയിലേത് ജനാധിപത്യം എന്ന് തോന്നിപ്പിക്കുന്ന ഏകാധിപത്യം: ചന്ദ്രശേഖര്‍ ആസാദ്

‘ഞാന്‍ ഒരു ദൈവത്തെ എന്റെ ദൈവമായി കണക്കാക്കുന്നില്ലെങ്കില്‍ അത് അനാദരവല്ല. ഒരു ദൈവത്തിനെതിരായി ഞാന്‍ എന്തെങ്കിലും പറഞ്ഞാലതാകാം… ഡല്‍ഹി മന്ത്രി ഗൗതമിനെതിരെ ആരാണ് പരാതി പറഞ്ഞത്? ബി ജെ പി, ആരാണ് അദ്ദേഹത്തെ രാജിവയ്ക്കാന്‍ നിര്‍ബന്ധിച്ചത്? എ എ പി. ഇരുവരും അംബേദ്കറുടെ പേര് വോട്ടിനായി ഉപയോഗിക്കുന്നു. ചന്ദ്രശേഖര്‍ ആസാദ്, അസദ് റഹ്‌മാനോട് സംസാരിക്കുന്നു.

ഇന്ത്യയിലേത് ജനാധിപത്യം എന്ന് തോന്നിപ്പിക്കുന്ന ഏകാധിപത്യം: ചന്ദ്രശേഖര്‍ ആസാദ്

മറ്റു പാര്‍ട്ടികള്‍ പരിഗണക്കാത്ത, യുവതലമുറയുടെ അഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന നേതാവാണ് ഭീം ആര്‍മിയുടെയും ആസാദ് സമാജ് പാര്‍ട്ടിയുടെയും അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്. അതുകൊണ്ട് തന്നെ, അദ്ദേഹം യുവതലമുറയുടെ പ്രത്യേകിച്ച് ദലിതുകളുടെ യുവനേതാവായി ഉയര്‍ന്നു. ഉത്തര്‍പ്രദേശ് പ്രിലിമിനറി എന്‍ട്രന്‍സ് ടെസ്റ്റിനു വേണ്ടിയുള്ള ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ ട്രെയിനുകളിലും ബസുകളിലുമായി പരീക്ഷാ കേന്ദ്രങ്ങളിലെത്താന്‍ ശ്രമിക്കുന്നതിന്റെ പശ്ചാത്തലത്തില്‍, തൊഴിലില്ലായ്മയെക്കുറിച്ചും തന്റെ പാര്‍ട്ടിയുടെ ഭാവി പദ്ധതികളെക്കെുറിച്ചും അദ്ദേഹം സംസാരിക്കുന്നു. ഡല്‍ഹി മന്ത്രി രാജേന്ദ്ര പാല്‍ ഗൗതമിന്റെ രാജിയിലേക്ക് നയിച്ച മതപരിവര്‍ത്തന വിവാദത്തെ്ത്തുടര്‍ന്ന് വീണ്ടും വാര്‍ത്തകളില്‍ നിറയുന്ന ദളിത് പ്രാതിനിധ്യത്തെത്തക്കുറിച്ചും അസദ് അസദ് റഹ്‌മാനുമായി സംസാരിക്കുന്നു. സംഭാഷണത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍:

കഴിഞ്ഞ ആഴ്ച യുപിപിഇടി പരീക്ഷയ്ക്ക് എത്തിയത് വലിയ ജനക്കൂട്ടമാണ്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഉദാഹരണമായാണിതിനെ വിലയിരുത്തുന്നത്. നിങ്ങള്‍ അതിനെ എങ്ങനെ കാണുന്നു?

ആസാദ്: ഇന്ത്യയില്‍ ജനാധിപത്യമില്ലാതെയായിക്കഴിഞ്ഞു, കാരണം ജനാധിപത്യം ജനങ്ങളുടെ ഭരണമാണ്. ഇപ്പോള്‍, ജനാധിപത്യം പോലെ തോന്നിക്കുന്ന ഏകാധിപത്യമാണ്. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. രണ്ടു കോടി തൊഴില്‍ നല്‍കുമെന്ന് ചിലര്‍ പറയുന്നു. ഈ വര്‍ഷം ആദ്യം യുപിയില്‍ തിരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാര്‍ ആളുകള്‍ക്ക് റേഷന്‍ നല്‍കാന്‍ തുടങ്ങിയത് നിങ്ങള്‍ക്ക് അറിയാമായിരിക്കണം… ഇത് വോട്ടിന് വേണ്ടിയുള്ള കോഴയാണ്. തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ കള്ളം പറയുന്നു. ഇതുമൂലം യുവതലമുറയും ബുദ്ധിമുട്ടുകയാണ്. അവര്‍ പഠിക്കുമ്പോള്‍ സര്‍ക്കാര്‍ ജോലി പ്രതീക്ഷിക്കുന്നു… തൊഴിലില്ലായ്മയുടെ അവസ്ഥ വളരെ മോശമാണ്, ക്ലാസ് ഫോര്‍ തസ്തികയിലേക്കുള്ള 10 ഒഴിവുകളിലേക്ക് പോലും അഞ്ച് ലക്ഷം പേര്‍ അപേക്ഷിക്കുന്നു. അഞ്ച് ലക്ഷത്തില്‍ രണ്ട് ലക്ഷം പേര്‍ ഉന്നത യോഗ്യതയുള്ളവരാണ്. രാജ്യത്തിന്റെ സാധ്യതകള്‍ പോലും നമ്മള്‍ നന്നായി ഉപയോഗിക്കുന്നില്ല.

യുപിപിഇടി പരീക്ഷയ്ക്കിടെ സംഭവിച്ച തരത്തിലുള്ള കെടുകാര്യസ്ഥത നമ്മള്‍ കണ്ടു. ഞാന്‍ വിമര്‍ശനത്തില്‍ വിശ്വസിക്കുന്നില്ല, പക്ഷേ എല്ലാവരും പറഞ്ഞു, പരീക്ഷ ഒരു മതപരമായ ചടങ്ങായിരുന്നെങ്കില്‍, ഉദ്യോഗാര്‍ത്ഥികള്‍ക്ക് മേല്‍ പുഷ്പവൃഷ്ടി നടത്തുമായിരുന്നുവെന്ന്. സംസ്ഥാന മുഖ്യമന്ത്രി വെല്ലുവിളികളെക്കുറിച്ച് ബോധവാനായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. മതപരമായ പരിപാടികള്‍ക്ക് വേണ്ടിയും തിരഞ്ഞെടുപ്പ് റാലികള്‍ക്ക് വേണ്ടിയും പ്രത്യേക ട്രെയിനുകള്‍ ഓടുന്നു, മുഖ്യമന്ത്രി എന്ന നിലയില്‍ നിങ്ങള്‍ സംസ്ഥാനത്തിന്റെ സംരക്ഷകനാണ്, വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ അവസ്ഥയില്‍ യാത്ര ചെയ്യാനുള്ള സ്ഥിതി നിങ്ങള്‍ ഉറപ്പാക്കിയിരിക്കണം.

സഹോദരിമാരുടെയും പെണ്‍മക്കളുടെയും സുരക്ഷയെക്കുറിച്ച് അദ്ദേഹം (യോഗി ആദിത്യനാഥ്) സംസാരിച്ചുകൊണ്ടേയിരിക്കുന്നു. അവര്‍ക്ക് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു… ആരാണ് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക? നിങ്ങളുടെ വീട്ടിലിരുന്ന് മതപരമായ ചടങ്ങുകള്‍ നടത്താനല്ല, ജനങ്ങള്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്തതെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. യുവാക്കളുടെ അഭിലാഷങ്ങള്‍ നിറവേറ്റാനാണ് നിങ്ങളെ അധികാരത്തിലെത്തിച്ചത്. അതിന് കഴിയുന്നില്ലെങ്കില്‍, ദയവായി രാജിവയ്ക്കുക.

ഫീസ് വര്‍ധനയ്ക്കെതിരെ അലഹബാദ് സര്‍വകലാശാലയിലും ബനാറസ് ഹിന്ദു സര്‍വകലാശാലയിലും വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം നടക്കുകയാണ്?

ആസാദ്: ഭീം ആര്‍മി വിദ്യാര്‍ത്ഥി വിഭാഗം ഈ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. ഈ സര്‍വകലാശാലകളില്‍ സാമ്പത്തികമായി ദുര്‍ബലരായ പട്ടികജാതി,വര്‍ഗ്ഗ, ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളുണ്ട്. ഫീസ് വര്‍ദ്ധനവ് ഈ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം അപ്രാപ്യമാക്കും. ആര്‍എസ്എസും ബിജെപിയും വിദ്യാഭ്യാസത്തിന്റെ മൂല്യം മനസ്സിലാക്കിയിട്ടില്ല. അവരുടെ രാഷ്ട്രീയം മതത്തെയും വിഭാഗീയതയെയും ചുറ്റിപ്പറ്റിയാണ്, ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാതാക്കന്‍ അവര്‍ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസം നേടുന്നവര്‍ ശബ്ദമുയര്‍ത്തുമെന്ന് അംബേദ്കര്‍ പറയാറുണ്ടായിരുന്നു, അങ്ങനെ ശബ്ദം ഉയര്‍ത്തുന്നത് ബിജെപി ഇഷ്ടപ്പെടുന്നില്ല.

ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. ഈ തിരഞ്ഞെടുപ്പുകള്‍ക്ക് ആസാദ് സമാജ് പാര്‍ട്ടിക്ക് എന്തെങ്കിലും പദ്ധതികളുണ്ടോ?

ആസാദ്: രണ്ട് സംസ്ഥാനങ്ങളിലും ഞങ്ങള്‍ക്ക് ശക്തമായ ഒരു സംഘടനയുണ്ട്. ഞങ്ങള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുകയും അവരുടെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. അടിസ്ഥാന വിഷയങ്ങളില്‍ ശബ്ദം ഉയര്‍ത്തുന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. ഞാന്‍ ഹിമാചല്‍ പ്രദേശിലേക്ക് പോകും. എല്ലാ ശക്തിയും വിനിയോഗിച്ച് അവിടെ തിരഞ്ഞെടുപ്പിനെ നേരിടും. അവിടെ സഖ്യത്തിന് സാധ്യതയുണ്ടെങ്കില്‍ അതും ചര്‍ച്ച ചെയ്യും.

ബിജെപിയില്‍ നിന്ന് പുറത്താക്കപ്പെട്ട മധ്യപ്രദേശിലെ ചമ്പല്‍ മേഖലയിലെ ഒബിസി നേതാവായ പ്രീതം സിങ് ലോധിയെ നിങ്ങള്‍ അടുത്തിടെ കണ്ടിരുന്നു. 2023-ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനായി എന്തെങ്കിലും പദ്ധതി ഉണ്ടോ?

ആസാദ്: നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍, മധ്യപ്രദേശിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒബിസി വിഭാഗങ്ങള്‍ക്കുള്ള 27 ശതമാനം സംവരണമാണ് പ്രധാനമെന്ന് തോന്നുന്നു. ഞങ്ങള്‍ അവിടെ ഒബിസികളെയും ദലിതരെയും ന്യൂനപക്ഷങ്ങളെയും ഒന്നിപ്പിച്ച് അവരോടൊപ്പം പ്രവര്‍ത്തിക്കുകയാണ്. ഞങ്ങള്‍ ഒബിസി, ആദിവാസി വിഭാഗങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നു. ഒരു ആദിവാസിയെ മധ്യപ്രദേശ് മുഖ്യമന്ത്രിയാക്കുക എന്ന സംസ്ഥാനത്ത് ഇതുവരെ സംഭവിക്കാത്തത് ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ആദിവാസികള്‍ക്ക് അവരുടെ വോട്ടിന്റെ വില മനസ്സിലാക്കിക്കൊടുക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു.ഈ ഗ്രൂപ്പുകളില്‍നിന്ന് നേതൃസഖ്യം രൂപീകരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു, ഈ സഖ്യത്തിന് കീഴില്‍ ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഞങ്ങള്‍ സമാനമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

മതംമാറ്റ പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ ബിജെപി നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ മന്ത്രി രാജേന്ദ്ര പാല്‍ ഗൗതം രാജിവച്ചു. പരിപാടിയില്‍ ഹിന്ദു വിരുദ്ധ പ്രസ്താവനകള്‍ നടന്നതായിട്ടായിരുന്നു ബിജെപി ആരോപണം. എന്നാല്‍, ഗൗതമിനെ പിന്തുണച്ച് എഎപി രംഗത്തെത്തിയില്ല. ഈ വിഷയത്തില്‍ എഎപിയുടെ പങ്കിനെ എങ്ങനെ കാണുന്നു?

ആസാദ്: ഗൗതമിനെ രാജിവയ്ക്കാന്‍ എ എ പി നിര്‍ബന്ധിതനാക്കി… ഗൗതമിനെ (ചോദ്യം ചെയ്യുന്നതിനായി) പൊലീസ് സ്റ്റേഷനില്‍ കൊണ്ടു പോയിരുന്നു. അവിടെ അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍നിന്ന് ആളുകള്‍ വന്നില്ല, പക്ഷേ ഞങ്ങള്‍, ഭീം ആര്‍മിയുടെ പ്രവര്‍ത്തകര്‍, അദ്ദേഹത്തിന് പിന്തുണയുമായി അവിടെയെത്തി. പൊലീസിന് അദ്ദേഹത്തെ വിട്ടയയ്‌ക്കേണ്ടി വന്നു. ഇതിനുശേഷം ഒന്നുരണ്ടു കാര്യങ്ങള്‍ വ്യക്തമാണ്. ബി ജെ പി ഡോ. അംബേദ്കറിനെക്കുറിച്ച് സംസാരിക്കുകയും അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ നിറവേറ്റാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുകയും ചെയ്യുന്നു, അതുപോലെ എഎപിയും പറയുന്നു. എന്നിട്ടും ഡല്‍ഹിയിലെ പരിപാടിയിലെ 22 തീരുമാനങ്ങള്‍ (ബിജെപി എതിര്‍ത്തത്) ഡോ. അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ചപ്പോള്‍ പ്രഖ്യാപിച്ചതാണ്… താന്‍ ഹിന്ദു മതത്തില്‍ ജനിച്ചത് തന്റെ നിയന്ത്രണത്തിന് അതീതമായിരിക്കെയാണെങ്കിലും ഹിന്ദുവായി മരിക്കാതിരിക്കുന്നത് തനിക്കുള്ള അവകാശമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബുദ്ധമതം സ്വീകരിച്ചപ്പോള്‍ അദ്ദേഹം ദൃഢനിശ്ചയം ചെയ്ത കാര്യങ്ങളിലൊന്ന് ഹിന്ദു ദൈവങ്ങളെ തന്റെ ദൈവങ്ങളായി കണക്കാക്കില്ല എന്നതും ഉള്‍പ്പെടുന്നു. ഇത് അനാദരവല്ല. ഞാന്‍ ഒരു ദൈവത്തെ എന്റെ ദൈവമായി കണക്കാക്കുന്നില്ലെങ്കില്‍, അത് അനാദരവല്ല. ഒരു ദൈവത്തിനെതിരായി ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് അനാദരവായിരിക്കും എന്നാണ് അദ്ദേഹം അത് വ്യക്തമാക്കിയത്.

ഇനി നമുക്ക് ഗൗതമിലേക്കും അദ്ദേഹത്തിന്റെ രാജിയിലേക്കും വരാം. ആരാണ് അദ്ദേഹത്തിനെതിരെ പരാതി നല്‍കിയത്? ബിജെപിയുടെ ഡല്‍ഹി സംസ്ഥാന അധ്യക്ഷന്‍. ആരാണ് അദ്ദേഹത്തെ രാജിവെക്കാന്‍ നിര്‍ബന്ധിച്ചത്? എഎപിയും അരവിന്ദ് കേജ്രിവാളും. അതിനര്‍ത്ഥം ഇരുവരും അംബേദ്കറുടെ പേര് ഉപയോഗിക്കുന്നത് അംബേദ്കറില്‍ വിശ്വസിക്കുന്ന ആളുകളുടെ വോട്ട് കിട്ടാന്‍ വേണ്ടി മാത്രമാണെന്നാണ്. അത് ഇപ്പോള്‍ വ്യക്തമാക്കപ്പെട്ടിരിക്കുകയാണ്. അംബേദ്കറില്‍ വിശ്വസിക്കുന്ന ദലിത്, പിന്നാക്ക, ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവര്‍ എഎപിയുടെ കെണിയില്‍ വീഴരുത് എന്നാണ് പറയാനുള്ളത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Bhim army chandrashekhar azad interview uppet exam bjp