രാജ്കോട്ട്: ഭാവ്നഗറില്‍ ദലിത് യുവാവിനെ കൊലപ്പെടുത്തിയത് കുതിരയെ ഓടിച്ചതിനല്ല സ്ഥലത്തെ പാട്ടക്കാരന്‍റെ ഭാര്യയെ ശല്യംചെയ്തതിനാണെന്ന് പൊലീസ്. ഭാവ്നഗര്‍ പൊലീസ് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ പൊലീസിന്‍റെ വാദം അംഗീകരിക്കാനാകില്ലെന്ന് കൊല്ലപ്പെട്ട യുവാവിന്‍റെ അച്ഛന്‍ വ്യക്തമാക്കി. ജാതിയുടെ പേരില്‍ നടന്ന കൊലപാതകത്തെ മറച്ചുവയ്ക്കാന്‍ പാട്ടക്കാരനെ ബലിയാടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഭാവ്നഗറിലെ ടിമ്പി ഗ്രാമത്തിലെ പ്രദീപ്‌ റാത്തോഡ് എന്ന ദലിത് യുവാവിന്‍റെ മരണം ജാതിയുടെ പേരില്‍ അല്ലെന്നും ഭാര്യയെ നിരന്തരം ശല്യം ചെയ്തതിന്‍റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയതുമാണെന്ന് ഭാവ്നഗര്‍ എസ്‌പി പ്രവീണ്‍ മാല്‍ അറിയിച്ചത്. ഇതിന്‍റെ ഭാഗമായി മുന്ന തലൈഷാ എന്ന പാട്ടക്കാരനെ ഞായറാഴ്ച അറസ്റ്റ് ചെയ്തു. 28 കാരനായ തലൈഷ ടിമ്പിയുടെ സമീപ പ്രദേശമായ പിപരാലിയില്‍ കൃഷിക്കാരനാണ്‌.

“സംഭവം നടക്കുന്നതിന് ഏതാനും മാസങ്ങള്‍ മുമ്പ് മുതല്‍ പ്രദീപ്‌ തലൈഷയുടെ ഭാര്യയെ ശല്യം ചെയ്യാന്‍ തുടങ്ങുകയും ലൈംഗിക താൽപര്യം അറിയിക്കുകയും ചെയ്തു. തലൈഷയുടെ ഭാര്യ ഭര്‍ത്താവിനെ ഇത് അറിയിച്ചെങ്കിലും നമ്മള്‍ പാവങ്ങളാണെന്നും എങ്ങനെയെങ്കിലും ജീവിക്കാന്‍ ഉള്ള വഴി നോക്കാമെന്നുമായിരുന്നു മറുപടി. എന്നാല്‍ ഒരു ദിവസം പണിയെടുക്കുന്നതിനിടയ്ക്കു പ്രദീപ്‌ അങ്ങോട്ടേയ്ക്ക് കുതിരയില്‍ വരുന്നത് കണ്ട തലൈഷ അയാളെ തടഞ്ഞു നിര്‍ത്തി തന്‍റെ ഭാര്യയെ ശല്യം ചെയ്യുന്നതിനെപ്പറ്റി ചോദിക്കുകയായിരുന്നു. വാക്ക് തര്‍ക്കം ഒടുവില്‍ അടിപിടിയില്‍ കലാശിക്കുകയും കുതിരയെ നിയന്ത്രിക്കുന്ന വടികൊണ്ട് തലൈഷ പ്രദീപിന്‍റെ തലയ്ക്കടിയ്ക്കുകയുമായിരുന്നു. പിന്നീട് അരിവാള്‍ കൊണ്ട് പ്രദീപിനെ സ്ഥലത്ത് വച്ച് തന്നെ കൊലപ്പെടുത്തുകയായിരുന്നു”, വാര്‍ത്താ സമ്മേളനത്തിന് ശേഷം എസ്‌പി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

സംഭവസ്ഥലത്ത് നിന്ന് 500 മീറ്റര്‍ അകലെ കൃഷി സ്ഥലത്ത് തന്നെ താമസിച്ചിരുന്ന തലൈഷ, കൊലപാതകത്തിന് ശേഷം സ്വദേശത്തേക്ക് രക്ഷപ്പെടുകയായിരുന്നു. കുറ്റസമ്മതത്തിന് പുറമേ കുറ്റകൃത്യം നടക്കുന്ന സമയത്തുള്ള മൊബൈല്‍ ലോക്കേഷനും സംഭവസ്ഥലത്തെ തലൈഷയുടെ സാന്നിധ്യം ഉറപ്പിക്കുന്നതാണെന്ന് എസ്‌പി പറഞ്ഞു.

മാര്‍ച്ച് 29ന് രാത്രി ടിമ്പി-കേരിയാ ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡില്‍ മരിച്ച നിലയിൽ പ്രദീപിനെ കണ്ടെത്തുകയായിരുന്നു. പ്രദീപിന്‍റെ അച്ഛന്‍ കലുവിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ചെറുപ്പം മുതലേ കുതിരകളോട് പ്രിയമായിരുന്ന പ്രദീപിനോട് ദലിതർ കുതിരസവാരി നടത്താറില്ലെന്നും അത് സവർണർക്ക് മാത്രം അവകാശപ്പെട്ടതാണെന്നും ക്ഷത്രിയ സമൂഹത്തിലെ ഒരു വിഭാഗം ഭീഷണിപ്പെടുത്തിയിരുന്നതായി അച്ഛൻ പരാതിയിൽ പറയുന്നു.

“സ്ഥലത്തെ പാട്ടക്കാരനാണ് എന്‍റെ മകനെ കൊലപ്പെടുത്തിയതെന്ന് ഞാന്‍ ഒരിക്കലും വിശ്വസിക്കില്ല. ഞങ്ങള്‍ക്ക് അവരെ അറിയുക പോലുമില്ല. പിന്നെങ്ങനെ ആണ് അവര്‍ എന്‍റെ മകനെ ചോദ്യം ചെയ്തു എന്ന് പറയാന്‍ സാധിക്കുന്നത്. ഉയർന്ന ജാതിയിലുള്ളവര്‍ തന്നെയാണ് എന്‍റെ മകനെ കൊലപ്പെടുത്തിയത്. പാട്ടക്കാരന്‍ ഒരു പാവമായത് കൊണ്ട് അവരെല്ലാം കൂടി ഇതില്‍ പെടുത്തുന്നതാണ്. എന്‍റെ മകന്‍ മരിച്ചതിനുള്ള യഥാര്‍ത്ഥ കാരണത്തില്‍ നിന്ന് അവര്‍ അന്വേഷണം വഴി തിരിച്ചു വിടാനാണ് ശ്രമിക്കുന്നത്”, കാലു ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

പൊലീസിന്‍റെ കണ്ടെത്തലിനെതിരെ ദലിതുകളുടെ മനുഷ്യാവകാശ സ്വാതന്ത്രത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ ‘നവ്സര്‍ജനും’ രംഗത്ത് വന്നിട്ടുണ്ട്. “അന്വേഷണത്തില്‍ പുരോഗതി ഒന്നും കാണാത്തതിനെത്തുടര്‍ന്ന് മെയ്‌ 17 മുതല്‍ നിരാഹാര സത്യാഗ്രഹം തുടങ്ങുമെന്ന് ഞങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ സമ്മര്‍ദത്തില്‍ പൊലീസ് കെട്ടി ചമച്ച ഒരു കഥയാണിത്. പ്രദീപിനെക്കാളും പ്രായം കൂടിയ ഒരു സ്ത്രീയെയാണ് അവന്‍ നിരന്തരം ശല്യപ്പെടുത്തി എന്ന് പൊലീസ് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത്. പ്രദീപിന് സ്വന്തമായി ഒരു കുതിരയുണ്ടായതിനും അതില്‍ സവാരി നടത്തിയതിനുമാണ് അവനെ കൊലപ്പെടുത്തിയത് എന്ന സത്യം മറച്ചു വയ്ക്കാനാണത്”, നവ്സര്‍ജന്‍റെ ജില്ലാ ഭാരവാഹിയായ അരവിന്ദ് മക്വാന പ്രസ്താവിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ