ഛണ്ഡീഗഡ്: പഞ്ചാബിലെ ഭട്ടിൻഡ സൈനിക കേന്ദ്രത്തില്‍ നടന്ന വെടിവയ്പിൽ നാല് സൈനികര്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 4.30 ഓടെ ആയിരുന്നു ആക്രമണം. സംഭവത്തിന് പിന്നാലെ സ്റ്റേഷന്‍ ക്വിക്ക് റിയാക്ഷന്‍ ടീമുകള്‍ സൈനിക കേന്ദ്രത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചതായി സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡിന്റെ പ്രസ്താവനയില്‍ പറഞ്ഞു.
ആക്രമണം നടന്ന പ്രദേശം വളയുകയും സീല്‍ ചെയ്യുകയും ചെയ്തു, തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും വസ്റ്റേണ്‍ കമാന്‍ഡിന്റെ പ്രസ്താവന പ്രസ്താവനയില്‍ പറയുന്നു. സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം നടന്നിട്ടില്ലെന്നും അസ്വഭാവികമായ എന്തോ സംഭവിച്ചതായി ഇന്ത്യന്‍ എക്സ്പ്രസിനോട് സംസാരിച്ച ബതിന്ഡ സീനിയര്‍ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) ഗുല്‍നീത് സിങ് ഖുറാന സ്ഥിരീകരിച്ചു.
എന്നാല്‍ സംഭവത്തില്‍ സൈന്യം വിശദാംശങ്ങള്‍ പങ്കിട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കരസേനയുടെ ആഭ്യന്തര കോമ്പിങ് ഓപ്പറേഷനുകള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു ഭീകരാക്രമണമല്ലെന്നും സൈനിക സ്റ്റേഷനിലെ ചില സംഭവങ്ങളാണെന്നും എസ്എസ്പി ഖുറാന പറഞ്ഞു.
സ്റ്റേഷനിലെ ഒരു പീരങ്കി യൂണിറ്റില്‍ നിന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആയുധങ്ങള്‍ കാണാതായതായി വൃത്തങ്ങള്‍ പറഞ്ഞു. കാണാതായ ആയുധങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് വൃത്തങ്ങള്‍ വ്യക്തമാക്കി.