തിരുവനന്തപുരം: കേരളത്തിൽ രാഷ്ട്രപതി ഭരണം എർപ്പെടുത്തണമോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് തീരുമാനിക്കാമെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി പി മുരളീധർ റാവു. പിണറായി വിജയന്റെ ഭരണത്തെയും പക്വതയെയും ആശ്രയിച്ചാണ് കേന്ദ്രസർക്കാരിന്റെ ഇടപെടൽ ഇരിക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സി.പിഎം അക്രമത്തിന് ഇരയായ ബിജെപി പ്രവർത്തകരുടെ വീടുകൾ സന്ദര്‍ശിച്ച ശേഷം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുരളീധർ റാവു.

“പരാജയപ്പെട്ട സർക്കാരാണ് കേരളത്തിൽ ഉള്ളത്. ഭരണ പരാജയമുള്ളിടത്ത് കേന്ദ്ര സർക്കാരിന് ഇടപെടാനുള്ള സാധ്യതയാണുള്ളത്. ഭരണഘടനയിലുള്ള എല്ലാ സാധ്യതയും കേന്ദ്ര സർക്കാർ പരിശോധിക്കും.തങ്ങൾക്കെതിരായ കേസുകൾ ദുർബലപ്പെടുത്താനുള്ള ശ്രമത്തിലാണ് സി.പി.എം നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാർ. ഭരിക്കുന്നവർ തന്നെ പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ ഭരണഘടനാ സാധ്യതകൾ പരിശോധിക്കപ്പെടുക സ്വാഭാവികമാണ്. കൊലയും ഭരണവും ഒത്തുപോകില്ലെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം
ഏകപക്ഷീയമായ അക്രമത്തേയും തിരിച്ചടിയേയും ഒരു പോലെ കാണരുത്. സ്വയരക്ഷക്ക് പോലും അക്രമം പാടില്ലെന്ന നിർദ്ദേശമാണ് ബി.ജെ.പി പ്രവർത്തകർക്ക് നൽകിയിരിക്കുന്നത്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് ക്രമസമാധാനം പുനസ്ഥാപിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംഘം ഗവര്‍ണ്ണർക്ക് നിവേദനം നൽകി. മുരളീധർറാവുവിന്‍റെ നേതൃത്വത്തിൽ ഒ രാജഗോപാൽ എം.എൽ.എ, ബിജെപി നേതാക്കളായ ജോർജ്ജ് കുര്യൻ, കെ സുരേന്ദ്രൻ, എന്നിവരും ഒപ്പമുണ്ടായിരുന്നു. കേരളത്തിലെ സ്വൈര്യ ജീവിതത്തിന് സിപിഎം ഭീഷണിയായി മാറിയതായി നേതാക്കൾ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook