ഇൻഡോർ: മധ്യപ്രദേശിൽ കോൺഗ്രസ് സഖ്യം അധികാരം ഉറപ്പിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ബിജെപി പ്രവർത്തകരെ മർദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തി കോൺഗ്രസ് സ്ഥാനാർത്ഥി. ഇൻഡോർ മൂന്ന് നിയോജക മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ അശ്വിനി ജോഷിയാണ് ബിജെപി പ്രവർത്തകരെ കണ്ടാൽ തല്ലുമെന്ന ഭീഷണിയുമായി രംഗത്ത് വന്നത്.

മുതിർന്ന ബിജെപി നേതാവ് കൈലാഷ് വിജയ്‌വർഗിയയുടെ മകനായ ആകാശിനോടാണ് ഇദ്ദേഹം തോറ്റത്. ചേരികളിൽ കൈലാഷിന്റെ ആളുകൾ പണം നൽകുന്നതായി നേരത്തെ ജോഷി ആരോപിച്ചിരുന്നു. പിന്നാലെയാണ് ബിജെപി പ്രവർത്തകർക്ക് ഒളിക്കാൻ ഇടം നൽകരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇൻഡോറിലെ പാർട്ടി ഓഫീസിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ പ്രവർത്തിക്കുന്നവരുടെ ഹിറ്റ് ലിസ്റ്റ് ഉണ്ടാക്കാനും ജോഷി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ പൊലീസുദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ പേരുകളും ഉൾപ്പെടുത്താൻ ജോഷി നിർദ്ദേശിച്ചു.

ഇതിന് പുറമെ നിയമവിരുദ്ധമായി മദ്യം വിൽക്കുന്നവരുടെയും, ഗുണ്ടകളുടെയും ചൂതാട്ടക്കാരുടെയും പ്രത്യേക പട്ടികയുണ്ടാക്കാനും ജോഷി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ സംസ്ഥാനത്ത് നിന്നും തുടച്ചുനീക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

മണ്ഡലത്തിൽ 5751 വോട്ടുകൾക്കാണ് ഇദ്ദേഹം പരാജയപ്പെട്ടത്. മണ്ഡലത്തിൽ 15000 വോട്ടുകൾക്ക് വിജയിച്ചേക്കണ്ടതായിരുന്നുവെന്നാണ് ആകാശിന്റെ പ്രതികരണം. വോട്ട് ചെയ്യാത്തവരെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി നേതാവും ഈ തിരഞ്ഞെടുപ്പിൽ തോറ്റിരുന്നു. കഴിഞ്ഞ സർക്കാരിൽ മന്ത്രിയായ അർച്ചന ചിറ്റ്നിസാണ് പരാജയപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook