ന്യൂഡൽഹി: ജീവനക്കാരുടേയും തൊഴിലാളി സംഘടനകളുടേയും പ്രതിഷേധം തള്ളി ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബിപിസിഎല്‍) ഓഹരികള്‍ വിറ്റഴിക്കാനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്.  53 ശതമാനം ഓഹരി വിൽക്കാനാണ് തീരുമാനം.

കമ്പനിയുടെ ഓഹരികൾ വിറ്റഴിക്കുകയാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ബിപിസിഎല്ലിന്റെ ഓഹരികൾ വാങ്ങാൻ താൽപര്യമുള്ളവരെ ക്ഷണിച്ച് കേന്ദ്രം നോട്ടീസ് പുറത്തിറക്കി. ധനകാര്യ മന്ത്രാലയമാണ് ബിപിസിഎൽ ഓഹരികൾ വിറ്റഴിക്കുന്നതിനായി താൽപര്യപത്രം ക്ഷണിച്ചത്.

Read Also: ചെറുതായി കാണാവുന്ന ഒരു താക്കീതല്ല ഇത്

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന നടപടിക്കെതിരെ തൊഴിലാളി സംഘടനകളും പ്രതിപക്ഷവും നേരത്തെ രംഗത്തെത്തിയിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ കേന്ദ്ര സർക്കാർ നശിപ്പിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിച്ച് 1.05 കോടി രൂപ സമാഹരിക്കുമെന്ന് രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിച്ച് പണം സ്വരൂപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.

അഞ്ച് പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുമെന്നാണ് കേന്ദ്ര സർക്കാർ നേരത്തെ അറിയിച്ചിരുന്നത്. അതിലൊന്ന് ഭാരത് പെട്രോളിയമായിരുന്നു. ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ടിഎച്ച്ഡിസി ഇന്ത്യ, നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവയുടെ ഓഹരികൾ വിറ്റഴിക്കുമെന്നും കേന്ദ്രം പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook