ന്യൂഡല്‍ഹി: സെപ്തംബര്‍ 7 ന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് ശ്രീനഗറില്‍ അവസാനിക്കും. ശ്രീനഗറിലെ പന്ത ചൗക്കില്‍ നിന്ന് ലാല്‍ ചൗക്കിലേക്കാണ് ഇന്നത്തെ യാത്ര. 10 മണിക്ക് ആരംഭിക്കുന്ന യാത്ര 12 മണിക്ക് രാഹുല്‍ ഗാന്ധി ലാല്‍ ചൗക്കില്‍ പതാക ഉയര്‍ത്തുന്നതോടെ സമാപിക്കും.
ജമ്മു കശ്മീര്‍ പി സി സി ഓഫീസില്‍ രാവിലെ പത്ത് മണിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പതാക ഉയര്‍ത്തും. പതിനൊന്ന് മണിക്ക് സമാപന സമ്മേളനം തുടങ്ങും.രണ്ട് മണി വരെ നീളുന്ന സമ്മേളനത്തില്‍ 11 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കും.പ്രധാന കക്ഷികള്‍ വിട്ടുനില്‍ക്കുന്നത് കോണ്‍ഗ്രസിന്റെ സഖ്യനീക്കങ്ങള്‍ക്ക് ക്ഷീണമായി. ത്രിതല സുരക്ഷയാണ് രാഹുല്‍ ഗാന്ധിക്കായി ഒരുക്കിയിരിക്കുന്നത്. നാളെ ഷെര്‍ -ഇ-കശ്മീര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം.
136 ദിവസം പിന്നിട്ട് 4080 കിലോമീറ്ററോളം സഞ്ചരിച്ചാണ് രാഹുലിന്റെ ഭാരത് ജോഡോ യാത്ര അവസാനിക്കുന്നത്. നിരവധി രാഷ്ട്രീയ മൂഹൂര്‍ത്തങ്ങള്‍ക്കൊപ്പം തന്നെ വിവാദവും നിറഞ്ഞതായിരുന്നു യാത്ര. യാത്രക്കിടെ നടത്തിയ പൊതുസമ്മേളനങ്ങളിൽ രാഹുൽ കേന്ദ്രത്തെയും ബിജെപിയെയും കടന്നാക്രമിച്ചു. പല വിവാദവിഷയങ്ങളിലും രാഹുൽ നിലപാട് അറിയിച്ചു. പത്ത് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പും നിർണായക ലോകസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ യാത്രയുടെ ഊർജം പാർട്ടി എത്രത്തോളം നിലനിർത്തുമെന്നത് പ്രധാനമാണ്.