ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പര്യടനം കശ്മീരില്‍ പര്യടനം തുടരുന്നു. രാഹുലിന്റെ സഹോദരിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും പീപ്പിള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (പി ഡി പി) നേതാവ് മെഹബൂബ മുഫ്തിയെും യാത്രയ്‌ക്കൊപ്പം ചേര്‍ന്നു.
സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടി യാത്ര ഇന്നലെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ജമ്മു കശ്മീരിലെ ബനിഹാലില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.
ഇന്ന് അവന്തിപ്പോരയില്‍നിന്നാണ് യാത്ര പുനഃരാരംഭിച്ചത്. ഇവിടെ വച്ച് പി ഡി പി അധ്യക്ഷ മെഹബൂബ മുഫ്തിയും മകള്‍ ഇല്‍തിജ മുഫ്തിയും രാഹുലിനൊപ്പം ചേര്‍ന്നു. ശ്രീനഗറിലെ പാന്ത ചൗക്ക് ലക്ഷ്യമാക്കി നീങ്ങുന്ന യാത്ര പാംപോറിലെ ബിര്‍ള ഓപ്പണ്‍ മൈന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂളിനു സമീപം അല്‍പ്പസമയം ഇടവേളയെടുക്കും. ലെത്പോരയില്‍നിന്നാണു പ്രിയങ്ക ഗാന്ധി വദ്ര രാഹുലിനൊപ്പം ചേര്‍ന്നത്.
2019 ഫെബ്രുവരിയിലുണ്ടായ ചാവേര്‍ കാര്‍ ബോംബ് ആക്രമണത്തില്‍ സുരക്ഷാ സേനയുടെ ബസ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട40 സി ആര്‍ പി എഫ് ജവാന്മാര്‍ക്കു രാഹുല്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ലെത്പോരയിലെ സംഭവസ്ഥലത്ത് രാഹുല്‍ പുഷ്പാര്‍ച്ചന നടത്തി.
സെപ്റ്റംബര്‍ ഏഴിനു് കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച യാത്ര ജനുവരി 30ന് ശ്രീനഗറിലാണു സമാപിക്കുന്നത്. ഇന്നലത്തെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യാത്രയ്ക്കു മതിയായ സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.
”അടുത്ത രണ്ടു ദിവസങ്ങളിലും തിങ്കളാഴ്ച നടക്കുന്ന ചടങ്ങിലും വലിയ ജനക്കൂട്ടം യാത്രയില്‍ ചേരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നിരവധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മറ്റു പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും സമാപനച്ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.