കശ്മീർ: കശ്മീരില്‍ താന്‍ ആക്രമിക്കപ്പെടുമെന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെങ്കിലും ജനങ്ങള്‍ കൈയ്യില്‍ ഗ്രനേഡുകളല്ല നല്‍കിയത്, മറിച്ച് ഹൃദയം നിറഞ്ഞ സ്‌നേഹമാണ് നല്‍കിയതെന്നും ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ജമ്മു കശ്മീരില്‍ ബിജെപി അംഗങ്ങള്‍ക്ക് ഇങ്ങനെ നടക്കാന്‍ സാധിക്കാത്തത് അവര്‍ക്ക് ഭയം ഉള്ളതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ പിതാവ് രാജീവ് ഗാന്ധിയുടെ കൊലപാതകത്തെ ഓര്‍ക്കുമ്പോള്‍ നഷ്ടപ്പെടലിന്റെ വേദന മനസിലാകും പുല്‍വാമ ആക്രമണത്തില്‍ തങ്ങളുടെ ബന്ധുക്കളെ നഷ്ടപ്പെട്ടവരുടെ വേദന തനിക്ക് മനസിലാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ചടങ്ങില്‍ പരമ്പരാഗത കശ്മീരി ഫെറാന്‍ ധരിച്ചായിരുന്നു രാഹുല്‍ ജനങ്ങളോട് സംസാരിച്ചത്.
ശ്രീനഗറില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്കിടെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തിലാണ് രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയുടെ സമാപനം കുറിച്ചത്. ഡിഎംകെ, എന്‍സി, പിഡിപി, സിപിഐ, ആര്‍എസ്പി, ഐയുഎംഎല്‍ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഭാരത് ജോഡോ യാത്ര തിരഞ്ഞെടുപ്പ് ജയിക്കാനായിരുന്നില്ലെന്നും വിദ്വേഷത്തിനെതിരെയായിരുന്നുവെന്നും ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
ശ്രീനഗറിലെ ചെഷ്മ സാഹിയിലെ യാത്രയുടെ ക്യാമ്പ് സൈറ്റില്‍ രാവിലെ രാഹുല്‍ ദേശീയ പതാക ഉയര്‍ത്തി. അഞ്ച് മാസത്തിനിടെ 12 സംസ്ഥാനങ്ങളില്‍ സഞ്ചരിച്ച് ഭാരത് ജോഡോ യാത്രയുടെ 4,000 കിലോമീറ്റര്‍ നീണ്ട പദയാത്ര ഇന്നലെ അവസാനിപ്പിച്ചിരുന്നു. ഇന്ന് ശ്രീനഗറിലെ പാര്‍ട്ടി ആസ്ഥാനത്ത് ഖാര്‍ഗെ ത്രിവര്‍ണ പതാകയും ഉയര്‍ത്തി, ഭാരത് ജോഡോ യാത്ര സ്മാരകവും സ്ഥാപിച്ചു.