ചെന്നൈ: കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള തങ്ങളുടെ ‘ഭാരത് ജോഡോ യാത്ര’ ഒരു തരത്തിലും ‘മൻ കി ബാത്ത്’ അല്ലെന്നും ജനങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും ഡൽഹിയിൽ എത്തുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും കോൺഗ്രസ് തറപ്പിച്ചു പറയുന്നു. സെപ്റ്റംബർ 7 ന് തുടങ്ങുന്ന 3,570 കിലോമീറ്റർ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം 100-ലധികം ഭാരത് യാത്രികർ പങ്കെടുക്കും. കന്യാകുമാരിയിൽ നിന്ന് ആരംഭിക്കുന്ന യാത്രയുടെ ഗാനം പ്രതിപക്ഷ പാർട്ടി പുറത്തിറക്കി.
സ്വതന്ത്ര ഇന്ത്യയിൽ ഇതുവരെ നടന്നിട്ടില്ലാത്ത ജനസമ്പർക്ക പരിപാടിയായാണ് യാത്രയെ കോൺഗ്രസ് ഉയർത്തിക്കാട്ടുന്നത്. ന്യൂഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേശ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് യാത്രാ ഗാനം പുറത്തിറക്കിയത്. സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ ആരംഭിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ആവശ്യകത ഊന്നിപ്പറയുന്നതിന് മുതിർന്ന നേതാക്കളും പാർട്ടി വക്താക്കളും തിങ്കളാഴ്ച 28 സ്ഥലങ്ങളിൽ വാർത്താസമ്മേളനം നടത്തി.
ഒക്ടോബർ 19 ന് പുതിയ കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാനിരിക്കെ ആരാണ് യാത്രയെ നയിക്കുക, യാത്രയിൽ നേതൃമാറ്റം ഉണ്ടാകുമോ എന്ന ചോദ്യത്തിന്, രാഹുൽ ഗാന്ധി അല്ല യാത്രയെ നയിക്കുന്നതെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാൻ മറ്റുള്ളവർക്കൊപ്പം അദ്ദേഹം നടക്കുന്നുവെന്നുമാണ് രമേശ് പറഞ്ഞത്.
യാത്രയെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
കോൺഗ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ യാത്ര തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് രമേശ് പറഞ്ഞു. സെപ്റ്റംബർ 7ന് ‘ഭാരത് ജോഡോ യാത്ര’ ആരംഭിക്കുന്നതിന് മുമ്പ് ശ്രീപെരുമ്പത്തൂരിലെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്മാരകത്തിൽ നടക്കുന്ന പ്രാർത്ഥനാ യോഗത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. കന്യാകുമാരിയിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ എന്നിവർ പങ്കെടുക്കുന്ന പരിപാടിയിൽ രാഹുൽ പങ്കെടുക്കുമെന്നും അവിടെവച്ച് അദ്ദേഹത്തിന് ഖാദി ദേശീയ പതാക കൈമാറുമെന്നും രമേശ് പറഞ്ഞു.
സ്റ്റാലിൻ പങ്കെടുക്കുന്ന മഹാത്മ ഗാന്ധി മണ്ഡപത്തിലെ പരിപാടിക്ക് ശേഷം രാഹുൽ ഗാന്ധി മറ്റ് കോൺഗ്രസ് നേതാക്കൾക്കൊപ്പം യാത്ര തുടങ്ങുന്ന പൊതുറാലിയുടെ വേദിയിലേക്ക് എത്തും. അവിടെവച്ച് കന്യാകുമാരി മുതൽ ശ്രീനഗർ വരെയുള്ള 3,570 കിലോമീറ്റർ യാത്ര റാലിയുടെ ഉദ്ഘാടനം നടക്കും. സെപ്റ്റംബർ 8 ന് രാവിലെ 7 മണിക്കായിരിക്കും യാത്ര തുടങ്ങുക. ഗാന്ധിയും മറ്റ് നിരവധി കോൺഗ്രസ് നേതാക്കളും യാത്രയുടെ ഭാഗമാകും.
രണ്ട് ബാച്ചുകളായാണ് പദയാത്ര നീങ്ങുക, ഒന്ന് രാവിലെ 7-10.30 വരെയും മറ്റൊന്ന് ഉച്ചകഴിഞ്ഞ് 3.30 മുതൽ 6.30 വരെയും. രാവിലത്തെ സെഷനിൽ വളരെ കുറച്ച് പേർ മാത്രമാകും പങ്കെടുക്കുക. വൈകുന്നേരത്തെ സെഷനിൽ ബഹുജന പങ്കാളിത്തമുണ്ടാകും. പ്രതിദിനം ശരാശരി 22-23 കിലോമീറ്റർ പദയാത്രക്കാർ നടക്കുമെന്നും രമേശ് പറഞ്ഞു. പ്രധാന യാത്രയ്‌ക്കൊപ്പം അസം, ത്രിപുര, ബിഹാർ, ഒഡീഷ, സിക്കിം, പശ്ചിമ ബംഗാൾ, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ചെറിയ ഭാരത് ജോഡോ യാത്രകളും ഉണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.