scorecardresearch

‘കോവാക്സിൻ 200 ശതമാനം സുരക്ഷിതം; ആരോപണങ്ങളല്ല ഞങ്ങൾ അർഹിക്കുന്നത്:’ ഭാരത് ബയോടെക് എംഡി

“ഇന്ത്യയിൽ മാത്രമല്ല ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നത്; ഒരു ആഗോള കമ്പനിയാണ് ഭാരത് ബയോടെക്,” കൃഷ്ണ എല്ല പറഞ്ഞു

‘കോവാക്സിൻ 200 ശതമാനം സുരക്ഷിതം; ആരോപണങ്ങളല്ല ഞങ്ങൾ അർഹിക്കുന്നത്:’ ഭാരത് ബയോടെക് എംഡി

കോവിഡ്-19 വാക്സിനായ കോവാക്സിന് മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ നിന്നുള്ള ഫലപ്രാപ്തി സംബന്ധിച്ച വിവരങ്ങളൊന്നും ലഭിക്കാതെ തന്നെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയതിനെതിരായ വിമർശനങ്ങളോട് പ്രതികരിച്ച് വാക്സിൻ നിർമാതാക്കൾ. വാക്സിൻ വികസനവുമായി ബന്ധപ്പെട്ട് മികച്ച അനുഭവമാണുണ്ടായതെന്നും വാക്സിനെതിരായ വിമർശനം ഇന്ത്യൻ കമ്പനികളെ മോശമായി കാണിക്കാനുള്ള ശ്രമമാണെന്നും വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെകിന്റെ എംഡി കൃഷ്ണ എല്ല പറഞ്ഞു. കോവിഡ് വാക്സിൻ നിർമിച്ച യുഎസ് കമ്പനി ഫൈസറിന്റേതിൽ നിന്നും ഒട്ടും കുറഞ്ഞതല്ല ഭാരത് ബയോടെക്കിന്റെ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.

“ഇപ്പോൾ വാക്സിൻ രാഷ്ട്രീയവൽക്കരിക്കപ്പെടുന്നു, എന്റെ കുടുംബാംഗങ്ങളിൽ ആരും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ടവരല്ലെന്ന് ഞാൻ വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു. പലരും പറയുന്നത് കിംവദന്തികൾ മാത്രമാണ്, ഇത് ഇന്ത്യൻ കമ്പനികൾക്കെതിരായ ഒരു പ്രചാരണം മാത്രമാണ്. ഞങ്ങളെ സംബന്ധിച്ച് അത് ശരിയല്ല. ഞങ്ങൾക്ക് അതല്ല ലഭിക്കേണ്ടത്. മെർക്കിന്റെ എബോള വാക്സിൻ ഒരിക്കലും ഒരു ഹ്യൂമൻ ക്ലിനിക്കൽ ട്രയൽ പൂർത്തിയാക്കിയിരുന്നില്ല, പക്ഷേ ലൈബീരിയയിലും ഗ്വിനിയയിലും അത് ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടന അടിയന്തര അംഗീകാരം നൽകിയിരുന്നു, ”എല്ല പറഞ്ഞു.

Read More: കോവിഡ്: ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന് ഒരുങ്ങി ഇന്ത്യ

“കോവാക്സിൻ 10 ശതമാനത്തിൽ താഴെയാണ് പ്രതികൂല പ്രതികരണങ്ങൾ കാണിക്കുന്നത്. എന്നാൽ മറ്റുള്ളവയിൽ 60മുതൽ 70 വരെ ശതമാനം പ്രതികൂല പ്രതികരണങ്ങൾ വന്നിരുന്നു. അത്തരം ഫലങ്ങൾ ഇല്ലാതാക്കാൻ സന്നദ്ധപ്രവർത്തകർക്ക് പാരസെറ്റമോൾ നൽകുകയായിരുന്നു ആസ്ട്രസെനെക്ക ചെയ്തത്. ഞങ്ങൾ സന്നദ്ധപ്രവർത്തരിൽ ആർക്കും പാരസെറ്റമോൾ നൽകിയിട്ടില്ല. ഞങ്ങളുടെ വാക്സിൻ 200 ശതമാനം സുരക്ഷിതമാണെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും,” അദ്ദേഹം പറഞ്ഞു.

കോവാക്സിന് ഡ്രഗ് റെഗുലേറ്റർ അംഗീകാരം നൽകിയതിനെ ആരോഗ്യ വിദഗ്ധരും പ്രതിപക്ഷ നേതാക്കളും അടക്കം പലരും ചോദ്യം ചെയ്തിരുന്നു.ഭാരത് ബയോടെക്കിന്റെ വേണ്ടത്ര പരീക്ഷണങ്ങൾ പൂർത്തിയാക്കുന്നതിന് മുൻപാണ് അംഗീകാരം നൽകിയതെന്നായിരുന്നു വിമർശനം.

Read More: അതിതീവ്ര വൈറസ്‌ കേരളത്തിലും; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

അതേസമയം, കോവിഡ് -19 വാക്‌സിനിനെക്കുറിച്ചുള്ള മതിയായ വിവരങ്ങൾ ഇതിനകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഇത് ഇന്റർ നെറ്റിൽ ലഭ്യമാണെന്നും എല്ല പറഞ്ഞു. “വാക്‌സിൻ വികസനത്തെക്കുറിച്ച് പരിചയമില്ലാത്ത കമ്പനിയല്ല ഞങ്ങൾ. ഞങ്ങൾക്ക് വളരെയധികം അനുഭവമുണ്ട്. ഞങ്ങൾക്ക് 123 രാജ്യങ്ങളുമായി ബന്ധമുണ്ട്. വലിയ അനുഭ സമ്പത്തുള്ളതും ജേണലുകളിൽ വിപുലമായി പ്രസിദ്ധീക്കപ്പെട്ടതുമായ ഒരേയൊരു കമ്പനി ഞങ്ങളാണ്, ”അദ്ദേഹം പറഞ്ഞു. ഇന്ത്യക്ക് പുറമെ 12 രാജ്യങ്ങളിൽ കോവാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“ഞങ്ങൾ ഇന്ത്യയിൽ മാത്രം ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുകയല്ല ചെയ്യുന്നത്. യുകെ ഉൾപ്പെടെ 12 ലധികം രാജ്യങ്ങളിൽ ഞങ്ങൾ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തി. പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഞങ്ങൾ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നു. ഞങ്ങൾ ഒരു ഇന്ത്യൻ കമ്പനി മാത്രമല്ല, ഞങ്ങൾ യഥാർത്ഥത്തിൽ ഒരു ആഗോള കമ്പനിയാണ്, ”എല്ല പറഞ്ഞു.

Read More:  രണ്ട് കോവിഡ് -19 വാക്സിനുകൾക്ക് അനുമതി; ഇനിയെന്ത്?

ഭാരത് ബയോടെക്കിന്റെ വാക്സിൻ യുകെ വേരിയൻറ് ഉൾപ്പെടെയുള്ള വൈറസിന്റെ പുതിയ വകഭേദങ്ങൾക്കെതിരെ പ്രവർത്തിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി ഹർഷ് വർധൻ പറഞ്ഞിരുന്നു.

ഞായറാഴ്ചയാണ് കോവാക്സിനും, സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിച്ച കോവിഷീൽഡിനും രാജ്യത്ത് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Bharat biotech md krishna ella covaxin coronavirus vaccine approval