ന്യൂഡൽഹി: കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെകിന് ഇൻട്രാനാസൽ (മൂക്കിൽ ഉറ്റിക്കാവുന്ന) വാക്സിൻ ബൂസ്റ്റർ ഡോസിന്റെ പരീക്ഷണങ്ങൾ നടത്താൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി. ഒമ്പത് വ്യത്യസ്ത കേന്ദ്രങ്ങളിൽ ഈ വാക്സിന്റെ ക്ലിനിക്കൽ ട്രയലുകൾ നടക്കുമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.
“ഇൻട്രാനാസൽ വാക്സിനിന്റെ പ്രതിരോധശേഷിയും സുരക്ഷയും കോവാക്സിനുമായി താരതമ്യം ചെയ്യുന്നതിനായി ചട്ടപ്രകാരം വിവിധ കേന്ദ്രങ്ങളിലൈായി മൂന്നാംഘട്ട ക്ലിനിക്കൽ ട്രയൽ നടത്തണം,” ഡിസിജിഐ നൽകിയ കത്തിൽ പറയുന്നു.
ഒരു ബൂസ്റ്റർ ഡോസ് എന്ന നിലയിൽ ഒരു ഇൻട്രാനാസൽ വാക്സിൻ ജനങ്ങൾക്കിടയിൽ വാക്സിനേഷൻ യജ്ഞം വഴി നൽകുന്നത് എളുപ്പമായിരിക്കും. കൂടാതെ രോഗം പകരുന്നത് തടയാനുള്ള കഴിവും ഇതിനുണ്ട്.
നാസൽ വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം നടത്താൻ ഭാരത് ബയോടെക് കഴിഞ്ഞ മാസം ഡ്രഗ് റെഗുലേറ്ററുടെ അനുമതി തേടിയിരുന്നു. കോവാക്സിനും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡിനും പൊതു വിപണിയിൽ വിൽപനയ്ക്ക് അനുമതി ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ ഇൻട്രാ നാസൽ വാക്സിന്റെ മൂന്നാംഘട്ട ട്രയലിനുള്ള അംഗീകാരം.
അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് അവസാനിച്ച കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 2.51 ലക്ഷത്തിലധികം (2,51,209) പുതിയ കോവിഡ് കേസുകളും 627 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 3,47,443 പേർ രോഗമുക്തി നേടി. സജീവ കേസുകൾ 21.05 ലക്ഷമായി (21,05,611) കുറഞ്ഞു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 15.88 ശതമാനമാണ്.
അതേസമയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി ഒരു ഉന്നതതല വെർച്വൽ മീറ്റിംഗിൽ ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് കൂടിക്കാഴ്ച നടത്തും. മേഖലയിലെ കോവിഡ് സാഹചര്യങ്ങളും പ്രോട്ടോക്കോളുകളും അവലോകനം ചെയ്യുന്നതിനായാണ് കൂടിക്കഴ്ച. തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, ലക്ഷദ്വീപ്, തെലങ്കാന, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ ആരോഗ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കുമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.