Latest News

ഭാരത് ബന്ദ്: നിരവധിയടങ്ങളിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ബന്ദിൽനിന്ന് ഒഴിവാക്കിയതിനാല്‍ കേരളത്തെ ബാധിക്കില്ല

Bharat Bandh, ഭാരത് ബന്ദ്, Farmers protest, കര്‍ഷക സമരം, Farmers protest news, കര്‍ഷക സമരം വാര്‍ത്തകള്‍, കര്‍ഷക സമരം മലയാളം വാര്‍ത്തകള്‍, Farmer law, കാര്‍ഷിക നിയമം, കാര്‍ഷിക നിയമം മലയാളം വാര്‍ത്തകള്‍, Farmers bill malayalam news,farm bill, കാര്‍ഷിക ബില്‍, farm bill news കാര്‍ഷിക ബില്‍ വാര്‍ത്തകള്‍, IE Malayalam ഐഇ മലയാളം

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക ബില്ലിനെതിരെ സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ പലയിടങ്ങളിലും റെയില്‍ ഗതാഗതത്തെ ബാധിച്ചു. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ പഞ്ചാബ്, ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങളിലെ 31 സ്ഥലങ്ങളില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നതാണു റെയില്‍ ഗതാഗതത്തെ ബാധിക്കുന്നത്. 32 സ്ഥലങ്ങളില്‍ ട്രെയിനുകള്‍ നിര്‍ത്തിയിട്ടതായും നാല് ശതാബ്ദി എക്‌സ്പ്രസ് ട്രെയിനുകള്‍ റദ്ദാക്കിയതായും ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.

കര്‍ഷകര്‍ ഡല്‍ഹി-ഗാസിപൂര്‍ അതിര്‍ത്തി തടഞ്ഞു. ഈ റൂട്ട് ഒഴിവാക്കാന്‍ ട്രാഫിക് പൊലീസ് യാത്രക്കാര്‍ക്കു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹരിയാനയിൽ ദേശീയപാതകൾ ഉൾപ്പെടെയുള്ള മിക്ക റോഡുകളും കർഷകർ ഉപരോധിച്ചു. അംബാലയിലെ ഷാപ്പൂരിനു സമീപം പ്രതിഷേധക്കാര്‍ ജിടി റോഡും റെയില്‍വേ ട്രാക്കും ഉപരോധിച്ചു. റോത്തക്ക്-പാനിപ്പത്ത് ഹൈവേ മക്രൗളി ടോൾ പ്ലാസയ്ക്കു സമീപം ട്രാക്റ്ററുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ നിരത്തി ഗതാഗതം തടഞ്ഞു. കർഷകർ അമൃത്സറിനു സമീപം അമൃത്സർ-ഡൽഹി റെയിൽ പാത ഉപരോധിച്ചു.

കര്‍ഷക യൂണിയനുകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം)യാണ് രാജ്യവ്യാപക ബന്ദിന് ആഹ്വാനം ചെയ്തത്. വിവാദ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷകരുടെ പ്രക്ഷോഭം നാലു മാസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണു സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ബന്ദ് ആഹ്വാനം. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയായിരുന്നു ബന്ദ്.

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ബന്ദില്‍നിന്ന് ഒഴിവാക്കിയതിനാല്‍ കേരളത്തെ ബാധിച്ചിട്ടില്ല. ട്രേഡ് യൂണിയനുകളും രാഷ്ട്രീയ പാര്‍ട്ടികളുമടക്കമുള്ള സംഘടനകള്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. കർഷകരെ പിന്തുണച്ച് കോൺഗ്രസ് എംപി ദിഗ്‌വിജയ സിങ്ങും രംഗത്തെത്തിയിരുന്നു. ബന്ദിന്റെ പശ്ചാത്തലത്തിൽ ഒഡിഷ സർക്കാർ ഇന്ന് സംസ്ഥാനത്തുടനീളം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു.

എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് ബന്ദിനോട് സഹകരിക്കമെന്നും, റെയിൽ, റോഡ് ഗതാഗതം അനുവദിക്കില്ലെന്നും കർഷക സംഘടനകൾ അറിയിച്ചിരുന്നു. മാർച്ച് 28 ന് ‘ഹോളിക ദഹാൻ’ വേളയിൽ കാർഷിക നിയമങ്ങളുടെ പകർപ്പുകൾ കർഷകർ കത്തിക്കുമെന്ന് യൂണിയൻ നേതാക്കൾ ഇന്നലെ പ്രഖ്യാപിച്ചിട്ടുണ്ട്.

Read More: വോട്ടർ പട്ടികയിലെ ക്രമക്കേട്: രമേശ് ചെന്നിത്തലയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നും മിനിമം താങ്ങുവിലയ്ക്ക് (എം‌എസ്‌പി) നിയമപരമായ ഉറപ്പ് നൽകണമെന്നും ആവശ്യപ്പെട്ട് പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങി മറ്റ് നിരവധി സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിഷേധിക്കുന്ന ആയിരക്കണക്കിന് കർഷകർ ഡൽഹി അതിർത്തികളായ സിങ്കു, തിക്രി, ഖാസിപൂർ എന്നിവിടങ്ങളിൽ നടത്തുന്ന സമരം തുടരുകയാണ്.

രണ്ടാം തവണയാണ് കർഷകർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്ക് നടക്കുന്നത്. ഡിസംബർ എട്ടിന് ഡൽഹി, ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, അസം എന്നിവിടങ്ങളിലായിരുന്നു ആദ്യത്തെ ‘ബന്ദ്’ നടന്നത്. ഇതിന് നിരവധി ട്രേഡ് യൂണിയനുകളിൽ നിന്നും മറ്റ് പല സംഘടനകളിൽ നിന്നും കോൺഗ്രസും എൻസിപിയും ഉൾപ്പെടെ 24 പ്രതിപക്ഷ പാർട്ടികളിൽ നിന്നും പിന്തുണ ലഭിച്ചിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Bharat bandh will not affect kerala

Next Story
കർണാടകക്ക് പുറത്തുനിന്നുള്ളവർക്ക് ബെംഗളൂരുവിൽ പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധംCovid Numbers Kerala, കേരളത്തിലെ കോവിഡ് കണക്കുകൾ, Covid Positive Numbers , കോവിഡ് പോസിറ്റീവ് കേസുകൾ, Covid 19, കോവിഡ് 19, Pinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
X