Bharat Bandh Today Kerala Highlights: ഭാരത് ബന്ദ് കേരള ലൈവ് അപ്ഡേറ്റ്: കൊച്ചി: നരേന്ദ്ര മോഡി സർക്കാരിന്റെ നയങ്ങൾക്കെതിരെ കേന്ദ്ര തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തിൽ സമ്പൂർണം. ചൊവ്വാഴ്ച അര്ധരാത്രി 12 മണിക്ക് ആരംഭിച്ച പണിമുടക്ക് ബുധനാഴ്ച രാത്രി 12 വരെ നടക്കുന്ന പണിമുടക്ക് അവസാന ആറു മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ കേരളത്തിൽ സമ്പൂർണമായിരുന്നു.
ബാങ്കിങ് മേഖലയേയും പണിമുടക്ക് സാരമായി ബാധിച്ചു. ബാങ്കുകൾ തുറന്ന് പ്രവർത്തിച്ചില്ല. പണി മുടക്കിന് പിന്തുണയുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി രംഗത്തെത്തി. തൊഴിലാളികൾക്ക് രാഹുൽ അഭിവാദ്യമർപ്പിച്ചു.
പണിമുടക്ക് കാരണം പല സംസ്ഥാനങ്ങളിലും ഗതാഗതം, മറ്റ് പ്രധാന സേവനങ്ങള് എന്നിവ മുടങ്ങി. കേരളത്തിൽ പണിമുടക്ക് ഹർത്താലിന്റെ പ്രതീതിയുണ്ടാക്കിയപ്പോൾ നിരത്തുകൾ ഒഴിഞ്ഞുകിടന്നു. ഓട്ടോ, ടാക്സി, ബസ് തൊഴിലാളി യൂണിയനുകൾ പണിമുടക്കിനെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്.
തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് അവസാന ആറു മണിക്കൂറുകളിലേക്ക് കടന്നു. കേരളത്തിൽ ഹർത്താലിന്റെ പ്രതീതി സൃഷ്ടിച്ച പണിമുടക്കിൽ നിരത്തുകൾ അടഞ്ഞു കിടന്നു. പലയിടങ്ങളിലും അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ദേശീയ പണിമുടക്കിനിടെ തമിഴ്നാട് കോയമ്പത്തൂരിൽ 800 ഓളം പേർ അറസ്റ്റിൽ. രണ്ട് ഇടതുപക്ഷ എംപിമാരടക്കമാണ് 800 ഓളം ആളുകളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതിഷേധത്തിന് നേതൃത്വം നൽകിയ തമിഴ്നാട് എഐടിയുസി പ്രസിഡന്റും സിപിഐ എംപിയുമായ കെ സുബ്ബാര്യൻ സിപിഎം എംപി നടരാജൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഫൊട്ടോ: നിർമ്മൽ ഹരീന്ദ്രൻ
പശ്ചിമ ബംഗാളിൽ പണിമുടക്ക് അക്രമാസക്തം. സമരക്കാർ പലയിടത്തും വാഹനങ്ങൾ തടഞ്ഞു. വിവിധ സംഭവങ്ങളിൽ കൊൽക്കത്തയിൽ നിന്ന് മാത്രം 55 ഓളം ആളുകളെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട് ചെയ്യുന്നു.
ദേശീയ പണിമുടക്ക് ദിവസം ശബരിമലയിൽ അനുഭവപ്പെട്ട വൻ തിരക്ക്
വിനോദസഞ്ചാരികളായ വിദേശികൾ അടക്കമുള്ളവരുമായി പോയ ബോട്ട് സമരാനുകൂലികൾ തടഞ്ഞു. നൊബേൽ സമ്മാന ജേതാവ് ഉൾപ്പെടെയുള്ള വിദേശ സഞ്ചാരികളാണ് ബോട്ടിൽ മണിക്കൂറുകളോളം കുടുങ്ങിയത്. 2013 ലെ രസതന്ത്രത്തിനുള്ള നൊബേല് സമ്മാനം കരസ്ഥമാക്കിയ മൈക്കിൽ ലെവിറ്റാണ് ബോട്ടിൽ കുടുങ്ങിയത്.
സമരത്തിൽ പങ്കെടുക്കുന്ന കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളം കട്ടാക്കുകയും അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് അറിയിപ്പുണ്ടായിരുന്നു. സമര ദിവസം ഒരു ജീവനക്കാർക്കും കാഷ്വൽ ലീവോ മറ്റേതെങ്കിലും തരത്തിലുള്ള അവധിയോ നൽകരുതെന്നും നിർദേശമുണ്ടായിരുന്നു.
കേന്ദ്രസർക്കാരിന്റെ 'ജനവിരുദ്ധ' നയങ്ങളിൽ പ്രതിഷേധിച്ച് വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക പണിമുടക്ക് തെലങ്കാനയിലുടനീളമുള്ള ബാങ്കിംഗ് സേവനങ്ങളെ സാരമായി ബാധിച്ചു. എന്നിരുന്നാലും, മിക്ക ഷോപ്പുകളും ബിസിനസ്സ് സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുകയും ഗതാഗത സേവനങ്ങൾ പതിവ് പോലെ നടക്കുകയും ചെയ്തു.
പശ്ചിമ ബംഗാളിന്റെ പല ഭാഗങ്ങളിലും പണിമുടക്ക് അക്രമങ്ങളിലേക്ക് നീങ്ങി. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.
ബസ്, ഓട്ടോ, ടാക്സി തൊഴിലാളികൾ പണി മുടക്കിന് പൂർണ പിന്തുണ അറിയിച്ചെങ്കിലും കൊച്ചിയിൽ മെട്രോ സർവീസ് രാവിലെ സാധാരണ നിലയിലായിരുന്നു. എന്നാൽ പിന്നീട് മെട്രോ സ്റ്റേഷനുകളിലും തിരക്കൊഴിഞ്ഞു.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് ട്രേഡ് യൂണിയൻ മാർച്ച് സംഘടിപ്പിച്ചു
ദേശീയ പണിമുടക്കിന് പിന്തുണയുമായി തിരുവന്തപുരത്ത് റെയിൽവേ ജീവനക്കാർ ഡിആർഎം ഓഫീസിലേക്ക് പ്രതിഷേധ റാലി സംഘടിപ്പിച്ചു
കോഴിക്കോട് ജില്ലയിൽ ഹർത്താൽ പ്രതീതിയിലാണ് പണിമുടക്ക് പുരോഗമിക്കുന്നത്. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. ഗതാഗതവും നിശ്ചലമാണ്.
എറണാകുളം ജില്ലയിൽ പണിമുടക്ക് പൂർണം. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. ഓട്ടോ, ടാക്ടസി, ബസ് സർവീസുകളും പണി മുടക്കിനോട് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വിനോദ സഞ്ചാര മേഖലയെ പണിമുടക്കിൽ നിന്നും ഒഴിവാക്കും എന്ന് പറഞ്ഞിരുന്നെങ്കിലും, തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ടാക്സി ലഭിക്കാതെ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ്. വൊളണ്ടിയർമാരാണ് ഇവരെ എത്തേണ്ട സ്ഥലങ്ങളിലേക്ക് എത്തിക്കുന്നത്.
കൊൽക്കത്തയിൽ സർക്കാർ ബസുകൾ സാധാരണ നിലയിൽ സർവീസ് നടത്തുന്നുണ്ടെങ്കിലും സ്വകാര്യ ബസുകളുടെ എണ്ണം നിരത്തിൽ വളരെ കുറവാണ്. മെട്രോ സർവീസും ഓട്ടോ ടാക്സി സർവീസും നടക്കുന്നുണ്ട്. നഗരത്തിന്റെ പല പ്രദേശങ്ങളും കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
മോദിയുടേയും അമിത് ഷായുടേയും ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങൾ രാജ്യത്ത് വൻ തോതിൽ തൊഴിലില്ലായ്മ സൃഷ്ടിച്ചുവെന്ന് രാഹുൽ ഗാന്ധി. ഇന്ന് നടക്കുന്ന ഭാരത് ബന്ദിന് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു.
കർണാടകയിലെ മടികേരിയിൽ പ്രതിഷേധക്കാർ കെഎസ്ആർടിസി ബസിന് നേരെ കല്ലെറിഞ്ഞു. കല്ലേറിൽ ഒരു കെഎസ്ആർടിസി ബസ് കേടായി. അതേസമയം സംസ്ഥാനത്ത് ബസ് സർവീസുകൾ സാധാരണമാണെന്ന് കെഎസ്ആർടിസി പ്രോ ലത ടിഎസ് പറഞ്ഞു.
പശ്ചിമ ബംഗാളിൽ, ഇടതുപക്ഷവുമായി ബന്ധപ്പെട്ട ട്രേഡ് യൂണിയനുകളും മറ്റ് പാർട്ടികളും കേന്ദ്രത്തിലെ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ ബന്ദിനെ പിന്തുണച്ചിട്ടുണ്ട്. എന്നാൽ ഒരു ബന്ദിനെയും പിന്തുണയ്ക്കില്ലെന്ന് ടിഎംസിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ അറിയിച്ചു. പശ്ചിമ ബംഗാളിലെ പ്രതിഷേധക്കാർ ഹൗറയിലെ റെയിൽവേ ട്രാക്ക് തടഞ്ഞു.
കേരളത്തിൽ ട്രേഡ് യൂണിയനുകൾ ബുധനാഴ്ചത്തപൊതു പണിമുടക്കിൽ നിന്ന് സംസ്ഥാന ടൂറിസം മേഖലയെ ഒഴിവാക്കി. പണിമുടക്കിൽ നിന്ന് സംസ്ഥാന ടൂറിസം മേഖലയെ ഒഴിവാക്കാനുള്ള രാഷ്ട്രീയ പാർട്ടികളും ട്രേഡ് യൂണിയനുകളും എടുത്ത തീരുമാനം മാതൃകാപരമെന്ന് കേരള ട്രാവൽ മാർട്ട് (കെടിഎം) സൊസൈറ്റി പ്രശംസിച്ചു.
കേരളത്തിൽ പണിമുടക്ക് ഹർത്താലിന്റെ പ്രതീതിയുണ്ടാക്കാനാണ് സാധ്യത. ഓട്ടോ, ടാക്സി, ബസ് തൊഴിലാണി യൂണിയനുകൾ പണിമുടക്കിന് ശക്തമായ പിന്തുണ അറിയിച്ചിട്ടുണ്ട്. അതേസമയം കൊച്ചിയിൽ മെട്രോ സർവീസുകൾ സാധാരണ നിലയിലാണ്. രാവിലെ ആറ് മണിക്ക് ആരംഭിക്കുന്ന ആദ്യ സർവീസിൽ പതിവിലധികം യാത്രക്കാർ ഉണ്ടായിരുന്നു.
ദേശീയ പണിമുടക്കിനെ തുടർന്ന് മെട്രോയുടെ ആദ്യ സർവീസുകളിൽ പതിവിലധികം ആളുകളാണ് യാത്ര ചെയ്തത്