/indian-express-malayalam/media/media_files/uploads/2018/09/rahul-gandhi-1.jpg)
ന്യൂഡൽഹി: ബിജെപിയെ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ചു നേരിടുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപിയെ അധികാരത്തിൽനിന്ന് താഴെ ഇറക്കും. മോദി ഭരണത്തിൽ 20 വ്യവസായികൾക്ക് മാത്രമാണ് അച്ഛേ ദിൻ ഉണ്ടായത്. ഇന്ധനവില കൂടി, രൂപയുടെ മൂല്യം കുറഞ്ഞു എന്നിവയാണ് മോദി ഭരണത്തിന്റെ നേട്ടം. മോദിയെ പുറത്താക്കാൻ പ്രതിപക്ഷ ഐക്യം രൂപപ്പെട്ട് കഴിഞ്ഞെന്നും രാഹുൽ പറഞ്ഞു. ഭാരത് ബന്ദിനോട് അനുബന്ധിച്ച് രാജ്ഘട്ടിൽ സംഘടിപ്പിച്ച പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ.
നാടു മുഴുവൻ ചുറ്റി നടക്കുന്ന പ്രധാനമന്ത്രി ഇന്ധനവിലയുടെ കാര്യത്തിൽ മൗനത്തിലാണ്. രാജ്യത്ത് ഇന്ധനവിലയും പാചകവാതക വിലയും തുടർച്ചയായി വർധിക്കുന്നു. എന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുകയാണ്. കർഷകർ ആത്മഹത്യ ചെയ്യുന്നു, സ്ത്രീകൾ ബലാത്സംഗത്തിനിരയാകുന്നു, എന്നിട്ടും പ്രധാനമന്ത്രി മോദി മൗനം വെടിയാൻ തയ്യാറായിട്ടില്ല. രാജ്യത്തെ ജനങ്ങൾക്ക് നിരവധി വാഗ്‌ദാനങ്ങളാണ് നരേന്ദ്ര മോദി നൽകിയത്. അവയെല്ലാം നടപ്പിലാക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. കഴിഞ്ഞ 70 വർഷത്തെ ചരിത്രത്തിനിടയിൽ രൂപയുടെ മൂല്യം ഇത്രയും ഇടിഞ്ഞിട്ടില്ലെന്ന് രാഹുൽ പറഞ്ഞു.
Opposition leaders during #BharatBandh protest in Delhi. pic.twitter.com/ne2frJmF6Z
— ANI (@ANI) September 10, 2018
റാഫേൽ ഇടപാടുമായി പാർലമെന്റിൽ ഉയർന്ന ചോദ്യങ്ങൾക്ക് നരേന്ദ്ര മോദി മറുപടി പറയാൻ തയ്യാറായില്ല. നോട്ടുനിരോധനം നടപ്പിലാക്കിയത് എന്തിനാണെന്ന് ആർക്കും ഇപ്പോഴും മനസ്സിലായിട്ടില്ല. ഈ സർക്കാർ കർഷകർക്കു വേണ്ടിയുളളതല്ല, മോദിയുടെ ഇഷ്ടപ്പെട്ട ഏതാനും വൻകിട വ്യവസായികൾക്കുളളതാണെന്നും രാഹുൽ പറഞ്ഞു.
ഇന്ധനവില വർദ്ധനവടക്കം കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് കോൺഗ്രസിന്റെ നേതൃതത്തിൽ പ്രതിപക്ഷ പാർട്ടികൾ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. കേരളത്തിൽ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും നേതൃത്വത്തിലാണ് ഹർത്താൽ നടക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.