ഇന്ധന വില വർധനവിനെതിരെ നാളെ ഭാരത ബന്ദ്; കേരളത്തിൽ ഹർത്താൽ; അറിയേണ്ടതെല്ലാം

ഇടതുപാർട്ടികൾ സ്വന്തം നിലയ്ക്ക് ബന്ദിന് ആഹ്വാനം ചെയ്തപ്പോൾ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ആശയപരമായ പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത്

Petrol Diesel Price Hiked,പെട്രോൾ ഡീസൽ വില, പെട്രോൾ വില, ഡീസൽ വില, petrol pump near me, Petrol price today, petrol price kochi, Petrol Diesel Price Today, Petrol Diesel price in kerala, Diesel Price Today, Diesel price in Kochi, Diesel Price in Kerala, iemalayalam, ഐഇ മലയാളം

കൊച്ചി: രാജ്യത്തെ ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം  ചെയ്ത ബന്ദ് നാളെ നടക്കും. കോൺഗ്രസാണ്  ദേശീയ തലത്തിൽ പ്രതിഷേധ പരിപാടികൾക്ക് ബന്ദിലൂടെ ആഹ്വാനം ചെയ്തത്. സമാന മനസ്‌കരായ പ്രതിപക്ഷ പാർട്ടികളോട് പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിക്കാനും അവർ അഭ്യർത്ഥിച്ചിരുന്നു. പിന്നാലെ ഡിഎംകെയും എൻസിപിയും ആർജെഡിയും ജെഡിഎസും  ബന്ദിന്  പിന്തുണ പ്രഖ്യാപിച്ചു.

എന്താണ് ഭാരത് ബന്ദ്?

തിങ്കളാഴ്ച രാവിലെ ഒമ്പത്  മണി മുതൽ വൈകിട്ട് മൂന്ന് മണി വരെ രാജ്യത്താകമാനം ബന്ദ് നടക്കും. സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് കരുതിയാണ് ബന്ദ് പകൽ സമയത്ത് ആറ് മണിക്കൂർ ആക്കി ചുരുക്കിയതെന്നാണ് കോൺഗ്രസിന്റെ വാർത്താ വിനിമയ വിഭാഗം തലവൻ രൺദീപ് സുർജ്‌വാല പറഞ്ഞത്.

കേരളത്തിൽ എന്തുകൊണ്ട് ഹർത്താൽ?

കോൺഗ്രസാണ് ദേശീയ തലത്തിൽ ബന്ദിന് ആഹ്വാനം ചെയ്തത്. പകൽ ഒൻപത് മണി മുതൽ മൂന്ന് മണി വരെയാണ് ബന്ദ്. എന്നാൽ കോൺഗ്രസിന്റെ പ്രതിഷേധത്തിനൊപ്പം തന്നെയെന്ന് പ്രഖ്യാപിച്ച സിപിഎം ഒറ്റയ്ക്കാണ് ബന്ദിന് ആഹ്വാനം ചെയ്തത്. കേരളത്തിൽ ബന്ദ് നടത്തുന്നതിന് കേരള ഹൈക്കോടതി നേരത്തെ തന്നെ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇതിനാൽ രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ നടത്താൻ ഇടതുപക്ഷം തീരുമാനിക്കുകയായിരുന്നു. കോൺഗ്രസിന്റെ നേതൃത്വത്തിൽ യുഡിഎഫിന്റെ ഹർത്താലാണ് കേരളത്തിൽ നടത്തുക.

പ്രതിപക്ഷത്തിന്റെ പ്രതിഷേധം എന്തിന് വേണ്ടി?

ഇന്ധനത്തിന് ഏർപ്പെടുത്തിയ അധിക എക്സൈസ് തീരുവയിലൂടെയും ഇപ്പോഴത്തെ വില വർദ്ധനവിലൂടെയും രാജ്യത്തെ സാധാരണക്കാരെ കേന്ദ്രം ഭരിക്കുന്ന ബിജെപി കൊളളയടിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കേന്ദ്ര എക്സൈസ് തീരുവ വെട്ടിച്ചുരുക്കുക, അധിക വാറ്റ് നികുതി ഒഴിവാക്കുക, പെട്രോളും ഡീസലും ജിഎസ്‌ടി പരിധിയിൽ കൊണ്ടുവരിക എന്നിവയാണ്   പ്രതിപക്ഷത്തിന്റെ ആവശ്യം.

പെട്രോളിന് 211 ശതമാനവും ഡീസലിന് 443 ശതമാനവും എക്സൈസ് നികുതി ഏർപ്പെടുത്തിയ ശേഷം ഇന്ധനത്തിന്റെ വില അമ്പത് ശതമാനത്തിലേറെ ഉയർന്നതായി  കോൺഗ്രസ് വക്താവ്  സുർജേവാല പറഞ്ഞു. ബിജെപി അധികാരത്തിലെത്തിയ 2014 ന് ശേഷമാണ് ഈ മാറ്റം ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

കേന്ദ്രസർക്കാർ എല്ലാ രംഗത്തും സമ്പൂർണ്ണ പരാജയമാണെന്നാണ് ജനതാദൾ (യു) വിമത നേതാവ് ശരത് യാദവിന്റെ അഭിപ്രായം. എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്കെതിരെ  രാജ്യത്ത് വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ ഇല്ലാതാക്കാൻ കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് സാധിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. ജനങ്ങളുടെ പ്രതിഷേധം പുറത്ത് വിട്ട് ജനവിരുദ്ധമായ തീരുമാനങ്ങളിൽ നിന്ന് കേന്ദ്രസർക്കാരിനെ പിൻവലിപ്പിക്കാനാണ് പ്രതിഷേധമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

ഒറ്റയ്ക്ക് പ്രതിഷേധിച്ച് സിപിഎം ബന്ദിനില്ലെന്ന് മമത

ഇന്ധന വില നാൾക്കുനാൾ ഉയരുന്നതിനെ സിപിഎം എതിർക്കുന്നു. വില നിർണ്ണയാധികാരം സർക്കാർ തിരിച്ചുപിടിക്കണം എന്നതാണ് സിപിഎമ്മിന്റെ ആവശ്യം. സംസ്ഥാന നികുതി വെട്ടിച്ചുരുക്കണമെന്ന ആവശ്യത്തിനല്ല അവർ പ്രധാന്യം നൽകുന്നത്. എക്സൈസ് നികുതി വെട്ടിച്ചുരുക്കണമെന്നതിനാണ് പ്രാധാന്യം. അതേസമയം പെട്രോൾ, ഡീസൽ വില ജിഎസ്‌ടി പരിധിയിൽ കൊണ്ടുവരണം എന്ന നിർദേശത്തെ അംഗീകരിക്കുന്നില്ല.

ഇന്ധന വില വർദ്ധനവിൽ മാത്രം ഊന്നിനിന്നുകൊണ്ടല്ല സിപിഎം പ്രതിഷേധത്തെ സമീപിക്കുന്നത്. കർഷകരും തൊഴിലാളികളും ഡൽഹിയിലേക്ക് കിസാൻ-മസ്‌ദൂർ സംഘർഷ് റാലിയിൽ ഉന്നയിച്ച ആവശ്യങ്ങൾക്കും അവർ പരിഗണന നൽകുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ നയങ്ങൾ രാജ്യത്തെ സമ്പദ്‌ഘടനയെ തകർത്തെന്നാണ് മറ്റൊരു ആരോപണം. നാല് വർഷത്തിനിടെ നാല് ലക്ഷം കോടി കോർപറേറ്റ് കടം എഴുതി തളളിയ സർക്കാർ സാധാരണക്കാരനോട് മുഖം തിരിച്ച് നിൽക്കുകയാണെന്ന് അവർ പത്രക്കുറിപ്പിൽ കുറ്റപ്പെടുത്തി. തങ്ങളുടെ പരാജയങ്ങൾ മറച്ചുപിടിക്കാൻ കേന്ദ്രസർക്കാർ വെറുപ്പും അക്രമവും ഭിന്നിപ്പിന്റെ രാഷ്ട്രീയവും ആയുധമാക്കുകയാണെന്നും ഇതിനാലാണ് ദേശവ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്യുന്നതെന്നും അവർ പറഞ്ഞു.

കോൺഗ്രസും ഇടതുപാർട്ടികളും ഉന്നയിക്കുന്ന വിഷയങ്ങളിൽ അതേ നിലപാടാണ് ബംഗാൾ ഭരിക്കുന്ന തൃണമൂൽ കോൺഗ്രസിനും. എന്നാൽ ഹർത്താലിനും ബന്ദിനും എതിരാണ് തങ്ങളെന്ന് നേരത്തെ തന്നെ അവർ പ്രഖ്യാപിച്ചതാണ്. അതിനാൽ പ്രതിഷേധത്തിന് ആശയപരമായ പിന്തുണ നൽകുന്ന സർക്കാർ ബന്ദിന് അനുമതി നിഷേധിച്ചു.

പൊതുജന സേവന സംവിധാനങ്ങളെല്ലാം തിങ്കളാഴ്ച പ്രവർത്തിക്കുന്നതിന് മമത ബാനർജി സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രതിപക്ഷ പ്രതിഷേധത്തിന് ആശയപരമായ പിന്തുണ അറിയിച്ച് തൃണമൂൽ കോൺഗ്രസ് വെസ്റ്റ് ബംഗാളിൽ പ്രതിഷേധ റാലികൾ സംഘടിപ്പിക്കും. ബസുകളും ട്രാമുകളും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും സാധാരണ രീതിയിൽ പ്രവർത്തിക്കും. വ്യാപാരികളോട് കടകൾ തുറക്കാൻ സർക്കാർ ആവശ്യപ്പെട്ടു. സുരക്ഷയൊരുക്കുമെന്നും വ്യക്തമാക്കി.

ആക്രമിക്കപ്പെടുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട് 24 മണിക്കൂറിനുളളിൽ പരാതി നൽകുന്നവർക്ക് 75000 രൂപ വരെ ഇൻഷുറൻസ് തുക മൂന്ന് ദിവസത്തിനുളളിൽ ലഭ്യമാക്കുമെന്ന് സർക്കാർ അറിയിച്ചു. ബന്ദ് മുന്നിൽ കണ്ട് അവധിയെടുത്ത് പോയ ജീവനക്കാരോട് തിങ്കളാഴ്ച നിർബന്ധമായും ജോലിക്ക് ഹാജരാവാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ബംഗാളിൽ ടിഎംസി നിലപാടിനെ വിമർശിച്ച് കോൺഗ്രസും സിപിഎമ്മും രംഗത്ത് വന്നു. അതേസമയം ഇടത് പാർട്ടിയായ ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക് തങ്ങളോട് കൂടിയാലോചിക്കാതെയെടുത്ത തീരുമാനം എന്ന കാരണം പറഞ്ഞ് ബന്ദിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ട്. ഇത് മമത ബാനർജിയുടെ സമ്മർദ്ദം മൂലമാണെന്ന് വിമർശിച്ച് കോൺഗ്രസ് പിസിസി അദ്ധ്യക്ഷൻ അനിൽ രഞ്ജൻ ചൗധരിയും രംഗത്ത് വന്നു.

ഭാരത് ബന്ദിന് പിന്തുണ അറിയിച്ച കക്ഷികൾ

പ്രതിപക്ഷത്തെ പ്രധാന പാർട്ടികളെല്ലാം കോൺഗ്രസിന് പിന്തുണയുമായി രംഗത്തുണ്ട്. സമാജ്‌വാദി പാർട്ടി, ഡിഎംകെ, എൻസിപി തുടങ്ങിയവർ ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ ജനതദൾ, ജനതാദൾ എസ്, ജെഎംഎം എന്നിവരും കോൺഗ്രസിനൊപ്പം പ്രതിഷേധത്തിൽ പങ്കുചേരും.

ഇടതുപാർട്ടികൾ സ്വന്തം നിലയ്ക്കാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പ്രതിപക്ഷത്തെ പ്രധാന നേതാക്കളായ കോൺഗ്രസിന്റെ അശോക് ഗെഹ്ലോട്ട്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻസിപിയുടെ താരീഖ് അൻവർ എന്നിവർ ശരദ് യാദവിന്റെ വസതിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഭാരത് ബന്ദിനുളള വിശാല ഐക്യത്തിൽ തീരുമാനം കൈക്കൊണ്ടത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Bharat bandh on monday fuel prices congress bjp

The moderation of comments is automated and not cleared manually by malayalam.indianexpress.com