ന്യൂഡല്‍ഹി: ഭാരത്‌ ബന്ദുമായ് ബന്ധപ്പെട്ട് ഉത്തരേന്ത്യയില്‍ അങ്ങിങ്ങായ് നടന്ന സംഘര്‍ഷത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരുക്ക്. വിദ്യാഭ്യാസ- തൊഴില്‍ മേഖലയില്‍ ജാതിയടിസ്ഥാനത്തിലുള്ള സംവരണം എടുത്ത് കളയണം എന്ന് ആവശ്യപ്പെട്ടാണ് ബന്ദ് നടന്നത്. ബന്ദിനെ തുടര്‍ന്ന് ബീഹാറില്‍ മാത്രം 127 ഓളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സുപ്രീംകോടതി വിധി പട്ടിക ജാതി പട്ടിക വര്‍ഗ ( പീഡന നിരോധന) നിയമം ദുര്‍ബലപ്പെടുത്തുന്നതാണ് എന്നാരോപിച്ച് ദലിത് സംഘടനകള്‍ നടത്തിയ ഭാരത്‌ ബന്ദിന് ഒരാഴ്ചയ്ക്കിപ്പുറമാണ് ജാതി സംവരണ വിരുദ്ധരുടെ ബന്ദ്.

രാജ്യവ്യാപകമായി നടക്കുന്ന ബന്ദില്‍ അക്രമങ്ങള്‍ തടയണം എന്ന്‍ തിങ്കളാഴ്ച തന്നെ ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിര്‍ദേശം കൈമാറിയിരുന്നു. മുഖ്യധാരയില്‍ പെട്ട സംഘടനകള്‍ ഒന്നും പരസ്യമായി പിന്തുണ പ്രഖ്യാപ്ക്കാത്ത്ത ബന്ദ് വിളിച്ചത് രാജസ്ഥാനില്‍ നിന്നുള്ള സര്‍വ് സമാജ് എന്ന സംഘടനയാണ്.


ബിഹാറില്‍ ഹര്‍ത്താലിനിടയില്‍ കല്ലേറ്

മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്‌, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ഫെയ്സ്ബുക്ക് വഴിയായിരുന്നു ബന്ദിന്റെ പ്രചരണം.

ഉത്തര്‍പ്രദേശിനെ ഭാരത്‌ ബന്ദ് സാരമായ് ബാധിച്ചില്ല. ജനജീവിതം സാധാരണ രീതിയിലായിരുന്ന സംസ്ഥാനത്ത് കടകംബോളം തുറന്ന് കിടക്കുകയും വാഹനങ്ങള്‍ നിരത്തിലിറങ്ങുകയും ചെയ്തു. സ്കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പതിവ് പോലെ പ്രവര്‍ത്തിക്കുന്നുണ്ട്. സവര്‍ണ സംഘടനകള്‍ ശക്തമായ ഉത്തര്‍പ്രദേശിലെ സഹരന്‍പൂരില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിട്ടുണ്ട്. സഹരന്‍പൂരില്‍ അംബേദ്‌കര്‍ പ്രതിമ നശിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്.

മധ്യപ്രദേശിലെ ഭിന്ദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മെയ്‌ ഇരുപതാം തീയ്യതി വരെ നിരോധനാജ്ഞ തുടരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഏപ്രില്‍ 14 അംബേദ്‌കര്‍ ജയന്തി നാളിലും 18നും നടക്കുന്ന ദലിത് റാലികള്‍ പിന്‍വലിച്ചതായ് അംബേദ്‌കറൈറ്റ് സംഘടനകളും അറിയിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും കടകമ്പോളങ്ങള്‍ അടപ്പിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എങ്കിലും തലസ്ഥാനമായ ഭോപാല്‍ അടക്കമുള്ള നഗരങ്ങളില്‍ സ്കൂളും സര്‍ക്കാര്‍ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചു. ബന്ദ് സംസ്ഥാനത്ത് ചലനങ്ങള്‍ ഒന്നും ഉണ്ടാക്കിയില്ല എന്നായിരുന്നു അഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ്ങിന്റെ പ്രതികരണം,


ബിഹാറിലെ സംഘര്‍ഷം

ബിഹാറില്‍ ഹര്‍ത്താല്‍ അനുകൂലികളും സംവരണാനുകൂലികളും തമ്മില്‍ നടന്ന സംഘര്‍ഷങ്ങളിലായ് പന്ത്രണ്ടോളം പേര്‍ക്കാണ് പരുക്കേറ്റത്. പല സ്ഥലത്തും തോക്ക് ഉപയോഗിച്ചായിരുന്നു ഏറ്റുമുട്ടല്‍. ഉത്തര ബിഹാറിലെ ഭോജ്പൂരില്‍ സവര്‍ണ വിഭാഗക്കാര്‍ റോഡ്‌ ഗതാഗതം സ്തംഭിപ്പിച്ചു. ബിഹാറിലെ പല സ്ഥലങ്ങളിലും ട്രെയിന്‍ അടക്കമുള്ള ഗതാഗത മാര്‍ഗങ്ങള്‍ തടസ പ്പെട്ടുകയും കടകമ്പോളങ്ങള്‍ അടപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഗയയിലെ മന്‍പൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസിനെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന്‍ സംഘര്‍ഷം അരങ്ങേറിയതായ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐഇ റിപ്പോര്‍ട്ട് ചെയ്യുന്നു.

പഞ്ചാബിലെ ലുധിയാനയില്‍ പ്രതിഷേധക്കാര്‍ കടയടപ്പിക്കാന്‍ ശ്രമിച്ചു.

രാജസ്ഥാനില്‍ ബന്ദിന് സമ്മിശ്ര പ്രതികരണമായിരുന്നു. തലസ്ഥാനത്ത് സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചിട്ടുണ്ട്. കടുത്ത പൊലീസ് വലയത്തിലാണ് രാജസ്ഥാന്‍.  പല സ്ഥലങ്ങളിലും സ്കൂളുകളും കച്ചവട സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പലസ്ഥലത്തും ബിഎസ്എഫ് സിആര്‍പിഎഫ് സുരക്ഷാ ഭടന്മാരെയും വിന്യസിപ്പിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ നിന്നും അക്രമസംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook