ഗാംഗ്ടോക്: മുൻ ഇന്ത്യൻ ഫുട്ബോൾ താരം ബൈചുങ് ബൂട്ടിയ സിക്കിം കേന്ദ്രമാക്കി പുതിയ രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകി. പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും. നേരത്തെ തൃണമൂൽ കോൺഗ്രസ് താരമായിരുന്ന ബൂട്ടിയ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പാർട്ടി വിട്ടിരുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സിക്കിം സംസ്ഥാനത്ത് ഒറ്റയ്ക്ക് ഭരണം പിടിക്കാനും, ഗൂർഖാലാന്റെന്ന ആശയത്തിന് ശക്തിപകരാനുമാണ് താരത്തിന്റെ ശ്രമമെന്നാണ് റിപ്പോർട്ട്. സിക്കിമിൽ സ്വന്തം രാഷ്ട്രീയ പാർട്ടിയെന്ന ലക്ഷ്യവുമായാണ് ബൂട്ടിയ തൃണമൂൽ അംഗത്വം രാജിവച്ചതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഫുട്ബോൾ കരിയർ അവസാനിപ്പിച്ച ശേഷം 2013 ലാണ് ഇദ്ദേഹം തൃണമൂൽ കോൺഗ്രസിന്റെ ഭാഗമായി രാഷ്ട്രീയ രംഗത്തേക്ക് വന്നത്. എന്നാൽ ഈയടുത്ത് ബംഗാളിൽ നടന്ന ഗൂർഖാലാന്റ് പ്രക്ഷോഭത്തോടെ രാഷ്ട്രീയ നയം മാറ്റുകയായിരുന്നു.

വെസ്റ്റ് ബംഗാളിൽ ഡാർജിലിങ് മേഖലയിൽ നടന്ന പ്രക്ഷോഭത്തിന് പിന്നാലെയാണ് ബൂട്ടിയയുടെ തൃണമൂൽ കോൺഗ്രസിൽ നിന്നുളള രാജി പ്രഖ്യാപനവുമാണ്ടായത്. ഇദ്ദേഹം ഡാർജിലിങ് കേന്ദ്രമാക്കിയുളള ഗൂർഖാലാന്റിന് വേണ്ടി വാദിച്ചിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായാണ് ഈ തീരുമാനം അദ്ദേഹം കൈക്കൊണ്ടത്.

വൻ പ്രക്ഷോഭം നടന്ന ഡാർജിലിങ്ങിൽ, പ്രക്ഷോഭ കാലത്ത് സന്ദർശിച്ച ബൂട്ടിയ ഇവിടെ ഗൂർഖാലാന്റ് സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ വിലക്ക് മറികടന്നായിരുന്നു ഈ തീരുമാനം. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹം പാർട്ടി അംഗത്വവും രാജിവച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ