ന്യൂഡൽഹി: രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വഹിച്ച സ്വാതന്ത്യ സമര സേനാനി ഭഗത് സിംഗിന്റെ മരണത്തിന് ഇന്ന് 85 വർഷം തികഞ്ഞു. 1931 മാർച്ച് 23 നാണ് ലാഹോർ ഗൂഢാലോചന കേസിൽ അദ്ദേഹത്തെ തൂക്കിലേറ്റിയത്. ഇദ്ദേഹം ബ്രിട്ടീഷ് ഓഫീസർ ജോൺ സോന്റേഴ്സിനെ വധിക്കാൻ ഉപയോഗിച്ച തോക്ക് ഈ വർഷം അതിർത്തി രക്ഷാ സേനയുടെ ആയുധ മ്യൂസിയത്തിലേക്ക് മാറ്റും.

ഇൻ‌ഡോറിൽ പുതുതായി ആരംഭിക്കുന്ന ആയുധ മ്യൂസിയത്തിലേക്ക് മാറ്റുന്നത്. നിലവിൽ ഇൻഡോറിലെ തന്നെ സെൻട്രൽ സ്കൂൾ ഓഫ് വെപ്പൺസ് ആന്റ് ടാക്ടിക്സിലാണ് 32 ബോർ കോൾട് മേക് പിസ്റ്റൾ സൂക്ഷിച്ചിരിക്കുന്നത്. ലാഹോറിൽ വച്ചാണ് 1928 സെപ്തംബർ 17 ന് ഈ കൊലപാതകം നടക്കുന്നത്. ലാഹോർ ഗൂഢാലോചന കേസ് എന്നായിരുന്നു കോടതി രേഖകളിൽ ഈ സംഭവം വിശേഷിപ്പിച്ചിരുന്നത്. ഭഗത് സിംഗ്, രാജ്ഗുരു, സുഗ്ദേവ് എന്നിവരെ 1931 മാർച്ച് 23 നാണ് ലാഹോറിലെ സെൻട്രൽ ജയിലിൽ തൂക്കിലേറ്റിയത്.

അതിർത്തി രക്ഷാ സേന ഇൻസ്പെക്ടർ ജനറൽ പങ്കജ് ഗൂമർ ഇക്കാര്യം പിടിഐ യോട് സ്ഥിരീകരിച്ചിട്ടുണ്ട്. “ഭഗത് സിംഗിന്റെ തോക്ക് പ്രത്യേക പ്രാധാന്യത്തോടെ ഇൻഡോറിലെ പുതിയ മ്യൂസിയത്തിൽ സൂക്ഷിക്കാനാണ് ആഗ്രഹിക്കുന്നത്. ഇത് രണ്ട് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കും” അദ്ദേഹം പറഞ്ഞു. തോക്കിന് പുറമേ ഷാഹീദ്-ഇ-ആസാമിന്റെ ജീവിത കഥയും ഇവിടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

1969 ലാണ് ഇൻഡോറിലെ തന്നെ സെൻട്രൽ സ്കൂൾ ഓഫ് വെപ്പൺസ് ആന്റ് ടാക്ടിക്സിലേക്ക് ഈ പിസ്റ്റൾ എത്തിക്കുന്നത്. അതുവരെ പഞ്ചാബിലെ ഫില്ലോറിലുള്ള പൊലീസ് അക്കാദമിയിലാമ് ആയുധം സൂക്ഷിച്ചിരുന്നത്. ബ്രിട്ടീഷ് ഭരണ കാലത്ത് ലാഹോറിൽ നിന്ന് പഞ്ചാബിലേക്ക് മാറ്റിയതാവാം തോക്കെ ഐജി പങ്കജ് ഗൂഡെ പറഞ്ഞു.

“ഭഗത് സിംഗിന്റെ ജീവിതം പഠന വിധേയമാക്കുന്ന ഒരു സംഘത്തിൽ നിന്നാണ് തോക്കിനെ കുറിച്ച് വിവരം ലഭിക്കുന്നത്. ഇക്കാര്യം പിന്നീട് പരിശോധിച്ച് ഉറപ്പാക്കി. അതിനായി നിരവധി ഔദ്യോഗിക രേഖകൾ പരിശോധിച്ചിരുന്നു. ജോൺ സോന്റേഴ്സിനെ വധിക്കാൻ ഉപയോഗിച്ച തോക്കാണിതെന്ന് വ്യക്തമായി.” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഒരിക്കലും മറക്കാനാകാത്ത മുഹൂർത്തമാണ് ഭഗത് സിംഗിന്റെയും സുഹൃത്തുക്കളുടെയും തൂക്കുമരണം. ലാലാ ലജ്പത് റായിയുടെ മരണത്തിലേക്ക് നയിച്ച ലാത്തി ചാർജ്ജിന് ഉത്തരവിട്ട ജെയിംസ് കോട്ട് എന്ന ഉദ്യോഗസ്ഥനെയാണ് 1928 ൽ ഭഗത് സിംഗും സുഹൃത്തുക്കളും ഉന്നമിട്ടത്. എന്നാൽ ആളുമാറി ജോൺ സോന്റേഴ്സ് കൊല്ലപ്പെടുകയായിരുന്നു. തൂക്കുമരത്തിൽ ഇൻക്വിലാബ് സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ച ഭഗത് സിംഗ ചരിത്രത്തിലെ ജ്വലിക്കുന്ന ഓർമ്മയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ