ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കളിയാക്കിയ കോൺഗ്രസിന് മറുപടിയുമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ജീവിക്കാൻ വേണ്ടി പക്കുവട വിൽക്കുന്നത് നാണക്കേടല്ലെന്ന് ഷാ രാജ്യസഭയിൽ പറഞ്ഞു.

പക്കുവട വിൽക്കുന്ന ഒരാൾ ദിവസം 200 രൂപ സമ്പാദിക്കുന്നുണ്ട്, അപ്പോൾ അയാളെ തൊഴിൽരഹിതനെന്നു വിളിക്കാനാവില്ലെന്ന് നരേന്ദ്ര മോദി അടുത്തിടെ പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ ഭിക്ഷാടനവും ഒരു തൊഴിലാണെന്നായിരുന്നു കോൺഗ്രസ് നേതാവ് പി.ചിദംബരം ഇതിനെ പരിഹസിച്ചത്.

കോൺഗ്രസിന്റെ ഈ പരിഹാസത്തിനാണ് രാജ്യസഭയിൽ അമിത് ഷാ മറുപടി നൽകിയത്. ”തൊഴിൽരഹിതർ ആയിരിക്കുന്നതിനെക്കാൾ നല്ലത് പക്കുവട വിൽക്കുന്നതാണ്. പക്കുവട വിൽക്കുന്നതിൽ ഒരു നാണക്കേടുമില്ല” അമിത് ഷാ പറഞ്ഞു.

ബെംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത തിരഞ്ഞെടുപ്പ് പരിപാടിയുടെ വേദിക്ക് പുറത്ത് പക്കുവട വിൽക്കുന്നത് ബിരുദധാരികളെന്നായിരുന്നു കോൺഗ്രസ് പ്രചാരണം. രാജ്യത്തെ മുഴുവൻ ചെറുപ്പക്കാർക്കും തൊഴിൽ നൽകുമെന്ന നരേന്ദ്ര മോദിയുടെ വാഗ്‌ദാനത്തെ കളിയാക്കുകയായിരുന്നു കോൺഗ്രസ്.

”ഇന്ന് പക്കുവട വിറ്റ് ജീവിതച്ചെലവ് കണ്ടെത്തുന്ന ഒരാളുടെ മകൻ നാളെ വലിയൊരു വ്യവസായി ആയിട്ടായിരിക്കും മാറുക. ഒരു ചായക്കച്ചവടക്കാരന്റെ മകനാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി മാറിയത്”- ഷാ പറഞ്ഞു.

70 വർഷം ഭരണത്തിലിരുന്നിട്ടും പാവപ്പെട്ടവർക്ക് ബാങ്ക് അക്കൗണ്ട് തുറന്നു കൊടുക്കാൻ അവർക്കായിട്ടില്ലെന്നും കോൺഗ്രസ് പദ്ധതികളെ വിമർശിച്ച് അമിത് ഷാ പറഞ്ഞു. എൻഡിഎ സർക്കാരിന്റെ ജൻ ധൻ പദ്ധതിയിലൂടെ അത് സാധിച്ചു. അതിന് ഈ സർക്കാരിനെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും ഷാ തുറന്നടിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ