/indian-express-malayalam/media/media_files/uploads/2018/11/twitter.jpg)
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരുമായുള്ള ആശയവിനിമയം കൂടുതല്‍ ദൃഢമാക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥ തലത്തില്‍ വലിയ അഴിച്ചുപണിക്ക് തയാറാണെന്ന് ട്വിറ്റർ. കൂടുതൽ മുതിർന്ന ഉദ്യോഗസ്ഥരെ പ്രാദേശിക ഓഫീസുകളിലേക്ക് നിയോഗിക്കും. നിയമപരമായ പൊരുത്തക്കേടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നന്നായി കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് സർക്കാർ തലത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.
ഇലക്‌ട്രോണിക്‌സ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയിൽ ട്വിറ്ററിൽനിന്നുള്ള എക്സിക്യൂട്ടീവുകൾ ചില ഘടനാപരമായ മാറ്റങ്ങൾ അംഗീകരിച്ചതായി വൃത്തങ്ങൾ അറിയിച്ചു. കേന്ദ്ര സർക്കാരും ട്വിറ്ററിന്റെ ആഗോള സംഘവും തമ്മിലുള്ള ആശയവിനിമയങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ.
കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട 95 ശതമാനം അക്കൗണ്ടുകൾക്കെതിരെയും നടപടിയെടുത്തിട്ടുണ്ടെന്നും ബാക്കി ഉള്ളടക്കവും പരിശോധിച്ച് നീക്കം ചെയ്യുമെന്നും യോഗത്തിൽ ട്വിറ്റർ എക്സിക്യൂട്ടീവുകൾ മന്ത്രാലയത്തെ അറിയിച്ചു.
Read More: സർക്കാർ നിർദേശ പ്രകാരം ബ്ലോക്ക് ചെയ്ത ഭൂരിഭാഗം അക്കൗണ്ടുകളും ട്വിറ്റർ പുനസ്ഥാപിച്ചു
1,200 അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നത്. മോദി കര്‍ഷകരുടെ വംശഹത്യ ആസൂത്രണം ചെയ്യുന്നുവെന്ന ഹാഷ്‌ടാഗിലൂടെ ട്വീറ്റ് ചെയ്തിരുന്ന 257 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്നും ട്വിറ്ററിനോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പല അക്കൗണ്ടുകളും ട്വിറ്റർ മരവിപ്പിച്ചിരുന്നുവെങ്കിലും ഈ അക്കൗണ്ടുകൾ അഭിപ്രായസ്വാതന്ത്ര്യ നയത്തെ ലംഘിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പിന്നീട് പുനഃസ്ഥാപിച്ചു.
കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായ കിസാൻ എക്ത മോർച്ചയുടെയും ബികെയു എക്ത ഉർഗഹാന്റെയും അക്കൗണ്ടുകളടക്കം ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു. ഇതിന് പുറമെ മാധ്യമ സ്ഥാപനമായ ദി കാരവന്‍ എന്നിവയുടേതടക്കം നിരവധി ട്വിറ്റര്‍ അക്കൗണ്ടുകള്‍ രാജ്യത്ത് മരവിപ്പിച്ചിരുന്നു.
ഇന്ത്യന്‍ നിയമങ്ങളും ഭരണഘടനയും പാലിച്ച് പ്രവര്‍ത്തിക്കണമെന്ന് ട്വിറ്ററിന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കയിലും ഇന്ത്യയിലും വ്യത്യസ്ത നിലപാടുകള്‍ അംഗീകരിക്കാന്‍ കഴിയില്ല. യുഎസിലെ ക്യാപിറ്റോള്‍ ഹിൽ സംഭവത്തിലും ചെങ്കോട്ടയിൽ അതിക്രമിച്ചുകടന്ന സംഭവത്തിലും രണ്ട് തരത്തിലാണ് ട്വിറ്റര്‍ നടപടിയെടുത്തതെന്ന് കേന്ദ്രസര്‍ക്കാര്‍ കമ്പനിയെ കഴിഞ്ഞ ദിവസം അറിയിച്ചത്.
വിവാദ ഹാഷ്ടാഗിന്റെ ഉപയോഗം അഭിപ്രായ സ്വാതന്ത്ര്യമോ മാധ്യമസ്വാതന്ത്ര്യമോ ആയി കാണാൻ കഴിയില്ലെന്നും ഇത് പ്രകോപനമുണ്ടാക്കാനുള്ള നീക്കമാണെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. സര്‍ക്കാര്‍ നിര്‍ദേശം കമ്പനി അനുസരിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് ട്വിറ്ററിന്റെ പുതിയ നടപടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us