വഡോദര: തുടര്‍ച്ചയായ രണ്ടാം ദിവസവും നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുൽ ഗാന്ധി. അമിത് ഷായുടെ മകന്‍ ജയ്‌ ഷാക്കെതിരെ ഉയര്‍ന്ന സാമ്പത്തിക അഴിമതിയാരോപണത്തെ രാഷ്ട്രീയായുധമാക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. “2001ല്‍ മോദിജി ഗുജറാത്തിന്‍റെ മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്തപ്പോള്‍ സംസ്ഥാനത്തിന്‍റെ വീട്ടാക്കടം 6,000 കോടിയായിരുന്നു. ഇന്നത് രണ്ടു ലക്ഷം കോടിയാണ്. ചോദ്യം ഈ വായ്പകളുടെ ഗുണഭോക്താക്കളായത് ആരാണ് എന്നാണു ?… എട്ടില്‍ ഒരു വ്യവസായി മാത്രമാണ് വിജയിച്ചിട്ടുള്ളത്… ആരുടെ വ്യവസായമാണ്‌ വിജയിച്ചിട്ടുള്ളത്‌ എന്നറിയുമോ? അമിത് ഷായുടെ മകന്റേത്. “കര്‍ജനില്‍ തടിച്ചുകൂടിയ ജനങ്ങളോട് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രസംഗം ഓര്‍മിപ്പിച്ചുകൂടി കൊണ്ടായിരുന്നു രാഹുലിന്‍റെ പ്രസംഗം. ” കമ്പനിക്ക് (ജയ്‌ ഷായുടെ) ഉറപ്പുപത്രമില്ലാതെ വായ്പ നല്‍കിയത് പീയുഷ് ഗോയലിന്‍റെ മന്ത്രാലയമാണ്. 2014ലെ തിരഞ്ഞെടുപ്പിനു മുമ്പ് മോദിജി പറഞ്ഞത് അദ്ദേഹത്തിനു രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകേണ്ട രാജ്യത്തിന്‍റെ ഒരു കാവല്‍ക്കാരന്‍ ആയാല്‍ മതി എന്നാണ്…ഇന്ന് കാവല്‍ക്കാരന്‍റെ മുന്നില്‍ ഒരു മോഷണം നടന്നിരിക്കുകയാണ്. ആ കുറ്റകൃത്യത്തില്‍ കൂട്ടുപ്രതിയായിരുന്നോ അദ്ദേഹം ?.. ആദ്യം അവര്‍ ‘ബേട്ടി ബച്ചാവോ’ എന്ന കര്‍മപരിപാടി ആരംഭിച്ചു. ഇന്നവര്‍ ആരംഭിച്ച പുതിയ കര്‍മപരിപാടിയുടെ പേര് ‘അമിത് ഷായുടെ ബേട്ടാ ബച്ചാവോ’ എന്നതാണ്. ” രാഹുല്‍ഗാന്ധി പറഞ്ഞു.

Read More : ജയ്‌ ഷാക്കെതിരായ അഴിമതിയാരോപണം; ആയുധമാക്കി പ്രതിപക്ഷം, മാനനഷ്ടക്കേസ് നല്‍കി ജയ്‌

സ്ഥിരവേതനത്തിനും റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ക്കുമായി പൊരുതുന്ന വഡോദരയിലെ ദഭോയി താലൂക്കിലെ ഇരുന്നൂറോളം ആശാ പ്രവര്‍ത്തകരോടും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ സംസാരിച്ചു. കോണ്‍ഗ്രസ് അധികാരത്തില്‍ ഏറുകയാണ് എങ്കില്‍ ആറുമാസത്തിനുള്ളില്‍ അവരുടെ ആവശ്യങ്ങള്‍ പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. നര്‍മദ ദുരിതബാധിതരായവരെ പുനരധിവസിപ്പിച്ച ദഭോയിലെ പന്‍സോളി നര്‍മദ വസഹതലെ കോളനിയും അദ്ദേഹം സന്ദര്‍ശിച്ചു. 2016 ജൂലൈ മുതല്‍ സര്‍ക്കാരിനെതിരെ റിലേ സത്യാഗ്രഹം നയിക്കുന്ന അവിടത്തെ ജനങ്ങളോടും സംവദിച്ച രാഹുല്‍ഗാന്ധി രാവിലെ വഡോദരയിലെ സങ്കല്‍പ്പ് ഭൂമിയില്‍ ചെന്ന് 1917ല്‍ ബി.ആര്‍.അംബേദ്‌കര്‍ ഉച്ചനീചത്വത്തിനെതിരായി പ്രസംഗിച്ച ചരിത്രഭൂമിയില്‍ ബാബാ സാഹേബിനു ആദരാഞ്ജലികളും അർപ്പിച്ചു.

Read More : ‘ബിജെപി പാളയത്തിൽ പട’; അമിത് ഷായുടെ മകൻ ജയ് ഷായ്ക്കെതിരെ അന്വേഷണം വേണമെന്ന് യശ്വന്ത് സിൻഹ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ