ന്യൂഡൽഹി: “എനിക്ക് ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. എല്ലാം തികഞ്ഞ ഭാര്യയായിരുന്നു. ഏറ്റവും നല്ല അമ്മയായിരുന്നു. അവളെ ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾക്ക് നൽകുന്നു,” രാഷ്ട്രീയ പ്രവേശനം നടത്തിയ പ്രിയങ്ക ഗാന്ധിക്ക് ഭർത്താവ് റോബർട്ട് വാദ്രയുടെ ആശംസ ഇപ്രകാരമായിരുന്നു.

“രാജ്യത്തെ ജനങ്ങളെ സേവിക്കാനും ഉത്തർപ്രദേശിൽ പ്രവർത്തിക്കാനുമുളള നിന്റെ യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു. നീയെന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. എല്ലാം തികഞ്ഞ ഭാര്യയായിരുന്നു, നമ്മുടെ കുട്ടികൾക്ക് ഏറ്റവും നല്ല അമ്മയായിരുന്നു. പ്രതികാര ബുദ്ധിയും കഠിനഹൃദയരുമാണ് രാഷ്ട്രീയ രംഗത്തുളളത്. പക്ഷെ, ഈ ഘട്ടത്തിൽ ജനങ്ങളെ സേവിക്കേണ്ടത് അവളുടെ ഉത്തരവാദിത്തമാണ് എന്ന് എനിക്ക് അറിയാം. ഞങ്ങളവളെ ഇന്ത്യയിലെ ജനങ്ങൾക്ക് വിട്ടുനൽകുകയാണ്. ദയവായി അവളെ സംരക്ഷിക്കൂ,” എന്നാണ് സമൂഹമാധ്യമങ്ങളിൽ വാദ്ര കുറിച്ച വൈകാരിക കുറിപ്പ്.

കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി ലക്നൗവിൽ റാലി നടത്തുകയാണ്. രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെയാണ് റാലി. ജനസ്വാധീനം നേടിയെടുക്കുക, ഉത്തർപ്രദേശിലെ കോൺഗ്രസിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കുക എന്നീ ഭാരിച്ച ഉത്തരവാദിത്തങ്ങളാണ് പ്രിയങ്കയ്ക്ക് മുന്നിലുളളത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും, യോഗി ആദിത്യനാഥിനെ പലകുറി ലോക്സഭയിലെത്തിച്ച ഗോരഖ്‌പുരും അടക്കം ബിജെപിയിലെ അതികായന്മാരുടെ മണ്ഡലങ്ങളിലാണ് പ്രിയങ്കയുടെ രാഷ്ട്രീയ അരങ്ങേറ്റം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ