ന്യൂയോര്‍ക്ക്: അമേരിക്കന്‍ തിരഞ്ഞെടുപ്പ് വിഷയമായി ഡല്‍ഹി കലാപം. കലാപം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ എതിരാളി ബേണി സാന്റേഴ്‌സ് രംഗത്തെത്തി. മനുഷ്യാവകാശ നേതൃത്വത്തിന്റെ പരാജയമാണ് ഡല്‍ഹിയിലെ അക്രമങ്ങളെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ സാന്റേഴ്‌സ് പറഞ്ഞു.
20 കോടിയിലധിക മുസ്ലിങ്ങള്‍ ഇന്ത്യയെ വീടായി കണക്കാക്കുന്നുവെന്ന് സാന്റേഴ്‌സ് പറഞ്ഞു. മുസ്ലിം വിരുദ്ധ അക്രമങ്ങളില്‍ 27 പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍ അത് ഇന്ത്യയുടെ കാര്യമെന്നാണ് ട്രംപിന്റെ പ്രതികരണമെന്ന് സാന്റേഴ്‌സ് ട്വീറ്റ് ചെയ്തു. ഇന്ത്യാ സന്ദര്‍ശനത്തിന്റെ അവസാന ദിവസമാണ് ട്രംപ് ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയില്‍ നടന്ന അക്രമങ്ങളെ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് പറഞ്ഞത്.
നേരത്തെ ഡെമോക്രാറ്റിന്റെ മറ്റൊരു പ്രസിഡന്റ് സ്ഥാനാര്‍ഥി നോമിനിയായ സെനറ്റര്‍ എലിസബത്ത് വാറനും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട ദല്‍ഹിയിലെ അക്രമങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തുമെന്ന് ബിജെപി നേതാവ്. ദേശീയ ജനറല്‍ സെക്രട്ടറി (സംഘടന) ബി എല്‍ സന്തോഷാണ് ഭീഷണി മുഴക്കി ട്വീറ്റ് ചെയ്തത്. തങ്ങള്‍ നിക്ഷപക്ഷരായി നില്‍ക്കാന്‍ ആഗ്രഹിക്കുമ്പോഴും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പങ്കുവഹിക്കാന്‍ നിങ്ങള്‍ പ്രേരിപ്പിക്കുകയാണെന്ന് സന്തോഷ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലേബര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജെര്‍മി കോര്‍ബൈന്‍ ജമ്മുകശ്മീരിന് സവിശേഷാധികാരം നല്‍കുന്ന 370-ാം വകുപ്പ് എടുത്തുകളഞ്ഞതിനെ വിമര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ ഇംഗ്ലണ്ടിലെ ബിജെപി അനുകൂല സംഘടനകള്‍ ഇന്ത്യന്‍ വംശജരായ വോട്ടര്‍മാര്‍ക്കിടയില്‍ കോര്‍ബൈനെതിരെ പ്രചാരണം നടത്തിയിരുന്നു.
സംയമനം പാലിക്കണമെന്ന് യുഎന്‍
ഡല്‍ഹിയില്‍ അക്രമം തുടരുന്നതിനിടെ പ്രതികരണവുമായി യുഎന്‍. പരമാവധി സംയമനം പാലിക്കാന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ഇത് രണ്ടാം തവണയാണ് യുഎന്‍ തലവന്‍ പ്രതികരിക്കുന്നത്. ഡല്‍ഹിയിലെ സാഹചര്യം നിരീക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പ്രതിഷേധം സമാധാനപൂര്‍ണമാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.