മുംബൈ: റിപ്പബ്ലിക് ടിവി സ്ഥാപക എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്കും മാധ്യമപ്രവര്‍ത്തക പ്രേമ ശ്രീദേവിക്കുമെതിരെ ഇരുവരുടെയും മുന്‍ സ്ഥാപനമായ ടൈംസ് നൗവിന്‍റെ മാതൃസ്ഥാപനം ബെന്നറ്റ്‌ കോള്‍മാന്‍ ആന്‍ഡ്‌ കോ ലിമിറ്റഡിന്‍റെ ക്രിമിനല്‍ കേസ്. കോപിറൈറ്റ് ലംഘനം, കമ്പനിയുടെ സ്വകാര്യസ്വത്ത്‌ മോഷണം എന്നീ ആരോപണങ്ങളോടെയാണ്  കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ബെന്നറ്റ്‌ കോള്‍മാന്‍ ആന്‍ഡ്‌ കമ്പനി ലിമിറ്റഡിന്‍റെ തന്നെ ഉടമസ്ഥതയിലുള്ള ഇക്കോണമിക് ടൈംസ് ആണ് കേസിനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. മുംബൈ ആസാദ് മൈദാന്‍ പൊലീസ് സ്റ്റേഷനില്ലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ പീനല്‍ കോഡിലെ സെഷന്‍ 378, 379 (മോഷണം), 405 (കുറ്റകരമായ വിശ്വാസവഞ്ചന ), 411 (മോഷണവസ്തു കയ്യില്‍ വെക്കല്‍ ), 414 (മോഷ്ടിച്ച വസ്തു രഹസ്യമായി സൂക്ഷിക്കല്‍), 418 (നഷ്ടമുണ്ടാകും എന്ന അറിവോടെയുള്ള വഞ്ചന) വകുപ്പുകളും ഐടി ആക്ട് 2000 ലെ സെഷന്‍ 66-ബി, 72, 72 എ എന്നീ വകുപ്പുകളും ചേര്‍ത്താണ് എഫ്ഐആര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഒന്നിലേറെ തവണ ഈ കുറ്റങ്ങള്‍ ആവര്‍ത്തിച്ചു എന്നും പരാതിയില്‍ പറയുന്നു.

ബെന്നറ്റ്‌ കോള്‍മാന്‍റെ ടൈംസ് നൗ മുന്‍ എഡിറ്റര്‍- ഇന്‍-ചീഫായ അര്‍ണാബ് ഗോസ്വാമി മെയ്‌ 6 നാണ് റിബബ്ലിക് ടിവി ആരംഭിക്കുന്നത്. സംപ്രേഷണം ആരംഭിച്ച  ദിവസം തന്നെ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവും ഇപ്പോള്‍ തടവില്‍ കഴിയുന്ന മുന്‍ എംപി ഷഹാബുദ്ദീനും തമ്മിലുള്ള ഒരു സ്വകാര്യ ഫോണ്‍ സംഭാഷണം സംപ്രേഷണം ചെയ്തിരുന്നു. ഇതിനുപുറമേ, മെയ്‌ 8 നു സുനന്ദ പുഷ്കറും അവരുടെ വീട്ടുജോലിക്കാരനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണവും റിപബ്ലിക് ടിവി സംപ്രേഷണം ചെയ്യുകയുണ്ടായി. ഈ രണ്ടു സംഭാഷണങ്ങളും ടൈംസ് നൗ ജീവനക്കാരായിരിക്കെ ശ്രീദേവിയും അര്‍ണാബ് ഗോസ്വാമിയും കൈവശപ്പെടുത്തിയതാണെന്നും ബെന്നറ്റ്‌ കോള്‍മാന്‍റെ സ്വകാര്യ സ്വത്താണ് ഇതുരണ്ടും എന്ന് ബെന്നറ്റ്‌ കോള്‍മാന്‍ ആന്‍ഡ്‌ കമ്പനി പരാതിപ്പെടുന്നതായി ഇക്കോണമിക്സ്‌ ടൈംസ് റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ബെന്നറ്റ്‌ കോള്‍മാനും അര്‍ണാബ് ഗോസ്വാമിയും തമ്മില്‍ നടക്കുന്ന രണ്ടാമത്തെ നിയമയുദ്ധമാണിത്. നേരത്തെ, ടൈംസ് നൗവിലെ ന്യൂസ് ഹവര്‍ അവതരണങ്ങള്‍ക്കിടെ അര്‍ണാബ് സ്ഥിരം ഉപയോഗിച്ചുകൊണ്ടിരുന്ന ‘ദി നാഷന്‍ വാണ്ട്സ് ടു നോ’ എന്ന വാചകത്തിന്‍റെ ട്രേഡ്മാര്‍ക്ക് തനിക്കവകാശപ്പെട്ടുകൊണ്ട് അര്‍ണാബ് ബെന്നറ്റ്‌ കോള്‍മാനെതിരെ നിയമപോരാട്ടം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ