ബെംഗളൂരു: ഒരു ബഹുരാഷ്ട്ര ടെക് കോര്‍പ്പറേഷന്റെ ബെംഗളുരു ഓഫീസില്‍  ഡേറ്റാ സയന്റിസ്റ്റായി ജോലിചെയ്യുന്ന പീറ്റര്‍ ഗൗതം മാര്‍ച്ചിലാണ് സുഹൃത്തിന്റെ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാനായി നാട്ടിലെത്തിയത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസം മുന്‍പ്. മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതശൈലിയിലും തൊഴില്‍ രീതിയിലും മാറ്റം വരുത്തുന്ന അവസ്ഥയിലേക്കാണ് രാജ്യം കടക്കുന്നതെന്ന് ആ സമയം പീറ്റര്‍ ചിന്തിച്ചിരുന്നില്ല.

”ഞാന്‍ സ്വദേശമായ തിരുവനന്തപുരത്തായിരുന്നപ്പോള്‍ ബെംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് സാധനങ്ങള്‍ മാറ്റുകയെന്നതായിരുന്നു പ്രധാന വെല്ലുവിളി. പ്രത്യേകിച്ച് കര്‍ശന യാത്രാ നിയന്ത്രണങ്ങളുണ്ടായിരുന്ന സാഹചര്യത്തില്‍. അത് ചെയ്യണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നതായിരുന്നു മറ്റാരു വെല്ലുവിളി. കോവിഡ് എങ്ങനെ പടരുമെന്നതിനെക്കുറിച്ച് കൂടുതല്‍ വ്യക്തതയുണ്ടായിരുന്നില്ലെങ്കിലും തീരുമാനവുമായി ഞാന്‍ മുന്നോട്ടുപോയി,”ഗൗതം പറയുന്നു.

Read More: അനിതയുടെ ഓര്‍മ്മയില്‍ തിളങ്ങുന്ന ജീവിതത്തിന്റെ വിജയം

വിദൂരനഗരത്തില്‍ ജോലി ചെയ്തിരുന്ന ഗൗതമിനെപ്പോലെയുള്ള നിരവധി പേര്‍ കോവിഡിനെത്തുടര്‍ന്ന് സ്വദേശങ്ങളിലേക്ക് താമസം മാറ്റിക്കഴിഞ്ഞു. ചെലവ് കുറയ്ക്കല്‍, ആരോഗ്യം, കുടുംബാംഗങ്ങളോടൊപ്പം കഴിയാനുള്ള അവസരം എന്നിവയാണ് അത്തരം തീരുമാനങ്ങള്‍ക്കു പിന്നിലെ പ്രധാന കാരണങ്ങള്‍.

ഉദാഹരണത്തിന്, കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ് പ്രൊഫഷണലായ എം നിതിന്‍ തന്റെ ചെലവ് കുറയ്ക്കാനായി ബെംഗളുരു കോറമംഗലയിലെ തന്റെ വാടക അപ്പാര്‍ട്ട്‌മെന്റ് ഒഴിയാൻ തീരുമാനിച്ചു. ശമ്പളം ജൂലൈ മുതല്‍ 15 ശതമാനം കുറയ്ക്കാന്‍ നിതിന്റെ കമ്പനി തീരുമാനിച്ച സാഹചര്യത്തില്‍ കൂടിയായിരുന്നു ഈ തീരുമാനം.

”ശമ്പളം വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് എന്നെപ്പോലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള മിക്ക ജീവനക്കാരും ജോലി വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറാന്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. 2021 മാര്‍ച്ച് വരെ വര്‍ക്ക് ഫ്രം ഹോം രീതിയില്‍ ജോലി തുടരാമെന്ന് കമ്പനി വ്യക്തമാക്കിയതിനെത്തുടര്‍ന്ന് ഓഗസ്റ്റ് അവസാനത്തോടെ എനിക്ക് സ്വന്തം നാടായ കോയമ്പത്തൂരിലേക്കു പോകാന്‍ കഴിഞ്ഞു,” അദ്ദേഹം പറഞ്ഞു.

bengaluru lockdown, bengaluru work from home, bengaluru lifestyle, bengaluru rent, bengaluru coronavirus, bengaluru companies

എക്‌സ്‌പ്രസ് ഫൊട്ടൊ/റാൽഫ് അലക്‌സ് അറയ്ക്കൽ

ഒരു കിടപ്പുമുറി, ഹാള്‍, അടുക്കള എന്നിവയുള്ള അപ്പാര്‍ട്ട്‌മെന്റിന് മാസം 15,000 രൂപയായിരുന്നു നിതിൻ വാടക നല്‍കിയിരുന്നതെങ്കില്‍ രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയുമുള്ള ബാനസവാടിയിലെ അപ്പാര്‍ട്ട്‌മെന്റിന് ജി അഖില്‍ നല്‍കുന്നത് 20,000 രൂപയാണ്. കെപിഎംജി കണ്‍സള്‍ട്ടന്റാണ് അഖില്‍.

”ബെംഗളുരുവിനെ അപേക്ഷിച്ച് കേരളത്തിലെ പൊതുജനാരോഗ്യ സൗകര്യങ്ങളില്‍ ഞങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസമുണ്ടായിരുന്നു. അനിശ്ചിതത്വത്തിന്റെ ഈ സമയത്ത് സന്തോഷം കണ്ടെത്താനും മാതാപിതാക്കള്‍ക്കു പിന്തുണ നല്‍കാനുമായി
കുടുംബാംഗങ്ങളോടൊത്ത് സമയം ചെലവഴിക്കാമെന്ന് ഞങ്ങള്‍ ചിന്തിച്ചു,” ബെംഗളുരു വിടാനുള്ള തന്റെയും ഭാര്യയുടെയും തീരുമാനത്തെക്കുറിച്ച് അഖില്‍ പറഞ്ഞു. ഇരുവരുടെയും കമ്പനികളിൽനിന്നുള്ള അറിയിപ്പനുസരിച്ച് വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് അടുത്തവര്‍ഷം പകുതി വരെ തുടരാനാണ് ഈ ടെക്കി ദമ്പതികളുടെ തീരുമാനം.

Read More: കോവിഡ് ബാധിച്ചവര്‍ക്കു കേള്‍വിശക്തി കുറയുന്നുണ്ടോ? കാരണങ്ങള്‍ ഇവയാണ്

അതേസമയം, മൂന്ന് വയസുള്ള മകന് ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചതാണ് ദീക്ഷിത മുരളിയെ വീട്ടില്‍നിന്ന് ജോലിചെയ്യുന്നത് തുടരാന്‍ സഹായിച്ചത്. ടെസ്‌കോയിലെ സീനിയര്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് തമിഴ്‌നാട് ഊട്ടി സ്വദേശിനിയായ ദീക്ഷിത.

”തുടക്കത്തില്‍ ഒരാഴ്ചത്തേക്കു വീട്ടില്‍ പോകാനായിരുന്നു തീരുമാനമെങ്കിലും ബെംഗളുരു വിട്ടിട്ട് ഇപ്പോള്‍ ഏഴുമാസത്തിലേറെയായി. ദിവസവും രാവിലെ ഒരുങ്ങി തിരക്കുപിടിച്ച് ഓടി, കനത്ത ഗതാഗതക്കുരുക്ക് പിന്നിട്ട് ജോലിക്കു പോവേണ്ടതില്ലെന്നത് നല്ലകാര്യമാണെങ്കിലും ദൈനംദിന പ്രവൃത്തിസമയം എട്ട് മണിക്കൂറിലേറെയായി വർധിച്ചിട്ടുണ്ട്. അതേസമയം, മോനെ വീടിനുപുറത്തുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വ്യാപൃതനാക്കുന്നു. നഗരത്തിലെത്തിയശേഷം നഷ്ടമായ മുത്തച്ഛനില്‍നിന്നും മുത്തശ്ശിയില്‍നിന്നുമുള്ള കഥകേള്‍ക്കലും പ്രായോഗിക അറിവുകളും അവനു ലഭിക്കുന്നു,” ദീക്ഷിത പറഞ്ഞു. തനിക്ക് ഓഫീസ് അന്തരീക്ഷത്തിന്റെ അഭാവം അനുഭവപ്പെടുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ജീവനക്കാരില്‍ വലിയ പങ്കും ഏതാനും മാസങ്ങള്‍ കൂടി വീട്ടിലിരുന്ന് ജോലി ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോഴിക്കോട് സ്വദേശിയായ ജെ നവനീത് പറഞ്ഞു. മറാത്തഹള്ളിയില്‍ സ്ഥിതിചെയ്യുന്ന, യുഎസ് കേന്ദ്രമായുള്ള ബഹുരാഷ്ട്ര കമ്പ്യൂട്ടര്‍ ടെക്‌നോളജി കോര്‍പ്പറേഷനില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് നവനീത്.

”ജോലിയും ജീവിതവും തമ്മിലുള്ള തുലനം തുടക്കത്തില്‍ കെട്ടുകഥയായിരുന്നെങ്കിലും കാര്യങ്ങള്‍ ക്രമേണ സ്വഭാവികവമാവുകയാണ്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് എപ്പോഴും വെല്ലുവിളിയാണ്. മികച്ച ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയെന്നത് പ്രധാന പ്രശ്‌നമായി തുടരുകയാണ്,” നവനീത് പറഞ്ഞു. നിലവില്‍ കോഴിക്കോട്ടെ വീട്ടില്‍നിന്ന് ജോലിചെയ്യുന്ന നവനീത് സിവി രാമന്‍ നഗറിലെ അപ്പാര്‍ട്ട്‌മെന്റ് ഒഴിയാനുള്ള തീരുമാനത്തില്‍ സന്തോഷവാനാണ്. കാരണം നവനീതിന് ആറു മാസത്തേക്കു വാടകത്തുക ലാഭിക്കാന്‍ കഴിഞ്ഞു.

സ്വദേശികളല്ലാത്തവര്‍ നഗരം വിടുന്ന പ്രവണത ബെംഗളുരുവിലെ റിയല്‍റ്റി മേഖലയിലെ നേരിട്ട് ബാധിച്ചിട്ടുണ്ട്. ”പ്രതിമാസ വാടക കുറയ്ക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുമ്പോള്‍ തന്നെ, അപ്പാര്‍ട്ട്‌മെന്റോ വീടോ ഒഴിയുന്നവര്‍ക്കു പകരക്കാരെ കണ്ടെത്തുന്നത് വെല്ലുവിളിയായി മാറിയിരിക്കുന്നു,” കോറമംഗല, വൈറ്റ് ഫീല്‍ഡ്, എച്ച്എസ്ആര്‍ ലേ ഔട്ട്, ഡൊംലുര്‍, ജക്കസാന്ദ്ര എന്നിവിടങ്ങളില്‍ അപ്പാര്‍ട്ടുമെന്റുകള്‍ വാടകയ്ക്ക് നല്‍കുന്ന ഗോപാല്‍ മൂര്‍ത്തി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

Read More: കോവിഡ് വ്യാപനം കുറയുന്നു; പ്രതീക്ഷയ്ക്കും ജാഗ്രതയ്ക്കും കാരണങ്ങൾ നൽകി വിദഗ്ധർ

”വാടകക്കാര്‍ പതിവിലും വൈകി വാടക തരുന്നതില്‍ ഞങ്ങള്‍ സഹകരിക്കുന്നുണ്ടെങ്കിലും എന്റെ കെട്ടിടങ്ങളില്‍ 60 ശതമാനവും ഒഴിഞ്ഞുകിടക്കുകയാണ്. വീട്ടില്‍നിന്ന് ജോലി ചെയ്യാനുള്ള സൗകര്യം ലഭിച്ച സാഹചര്യത്തില്‍ വാടകക്കാര്‍ സ്വന്തം നാട്ടിലേക്കു പോയി,”അദ്ദേഹം പറഞ്ഞു.

അതേസമയം, റിയല്‍റ്റി മേഖലയുടെ അതിജീവനത്തിനായി പുതിയ ആശയങ്ങള്‍ നഗരത്തില്‍ വളരുന്നുണ്ട്. ”ടെക്കികളേക്കാള്‍ നേരത്തെ കോളേജ് വിദ്യാര്‍ഥികള്‍ മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ മിക്ക അപ്പാര്‍ട്ടുമെന്റുകളും പേയിങ് ഗസ്റ്റ് സൗകര്യങ്ങളിലേക്കു മാറ്റുകയാണ്, ”ശാന്തിനഗറിലും പരിസരത്തുമായി പ്രവര്‍ത്തിക്കുന്ന ദല്ലാള്‍ ഗോപാല്‍ സുന്ദര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook