ബെംഗളൂരു: റോഡിലെ തര്‍ക്കത്തിനിടെ കാറിന്റെ ബോണറ്റില്‍ കയറിയിരുന്ന ഇതുപത്തൊന്പതുകാരനെ നാല് കിലോമീറ്ററോളം കാറോടിച്ചതിന് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനം ആരോപിച്ചുള്ള ഭര്‍ത്താവിന്റെ എതിര് പരാതിയിലും പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച രാവിലെ 10.15 ഓടെ ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റിക്ക് സമീപം ഉള്ളാല്‍ മെയിന്‍ റോഡിലാണ് സംഭവം.
റെഡ് സിഗ്നല്‍ നല്‍കിയിട്ടും ജംഗ്ഷനില്‍ കാര്‍ നിര്‍ത്താത്തതിന് യുവതിക്കെതിരെ ഇതുപത്തൊന്പതുകാരന് പ്രതികരിക്കുകയായിരുന്നു. താന്‍ സ്ത്രീയുടെ നടപടിയെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ എന്നോട് അസഭ്യമായ ആംഗ്യം കാണിക്കുകയും തന്നെ അധിക്ഷേപിക്കുകയും ചെയ്തതതായും യുവാവ് പരാതിയില്‍ പറയുന്നു. താന്‍ അവരുടെ കാര്‍ പിന്തുടര്ന്ന് തടഞ്ഞുനിര്‍ത്തി എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ചോദിച്ചു. അപ്പോള്‍ ഒരാള്‍ എന്റെ ഷര്‍ട്ട് കീറി എന്നെ മര്‍ദ്ദിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പൊലീസ് സ്റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ വരാന്‍ വിസമ്മതിച്ച യുവതി കാറിനുള്ളില്‍ ഇരുന്നു. അവര്‍ കാറുമായി കടന്ന് പോകാതിരിക്കാന്‍ കാറിന്റെ മുന്നില്‍ നില്‍ക്കുകയായിരുന്നു, യുവാവ് പരാതിയില്‍ പറഞ്ഞു.
പ്രിയങ്ക എന്ന യുവതിയാണ് നാട്ടുകാരെ മുള്‍മുനയിലാക്കി വാഹനവുമായി റോഡിലൂടെ ചീറിപ്പാഞ്ഞതെന്ന് പോലീസ് പറഞ്ഞു. ദര്ശന് എന്നയാളാണ് യുവതിയുടെ കാറിന്റെ ബോണറ്റില്‍ കുടുങ്ങിപ്പോയത്. വാഹനം സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ താന്‍ കാറിന്റെ ബോണറ്റില്‍ വീഴുകയായിരുന്നുവെന്ന് ദര്‍ശന്റെ പരാതിയില്‍ പറയുന്നു. നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തുന്നത് വരെ കാര്‍ മൂന്നു മുതല്‍ നാല് വരെ കിലോമീറ്റര്‍ ഓടിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പ്രിയങ്കയ്ക്കെതിരേ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പോലീസ് പറഞ്ഞു.
ദര്ശന് ഭാര്യയെ ക്രൂരമായി മര്‍ദിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തുവെന്ന് പ്രമോദ് നല്കിയ പരാതി പറയുന്നു. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ദര്‍ശനും സുഹൃത്തുക്കളും ചേര്‍ന്ന് കാറിന്റെ ചില്ലുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചു. ”ഞങ്ങള്‍ സ്ഥലം വിടാന്‍ ശ്രമിച്ചപ്പോള്‍ ദര്ശന് ചാടി കാറില്‍ ഇരുന്നു. ഞങ്ങള്‍ ഭയന്ന് സങ്കല്പ ആശുപത്രി വരെ കാര്‍ ഓടിച്ച് നിര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ദര്‍ശനെതിരെ കേസ് എടുത്തത്.