ബെംഗളൂരു: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിക്കുന്ന പോസ്റ്റ് ഫെയ്സ്ബുക്കിൽ ഇട്ടതിനെ തുടർന്ന് യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബിജെപിയുടെ യുവജന സംഘടന യുവമോർച്ചയുടെ പ്രവർത്തകർ നൽകിയ പരാതിയെ തുടർന്നാണ് യുവതിക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി കേസ് എടുത്തിരിക്കുന്നതെന്ന് ബെംഗലൂരു പൊലീസ് അഡിഷണൽ കമ്മിഷണർ (ക്രൈം) എസ്.രവി പറഞ്ഞു.

“ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റുകൾ പ്രചരിച്ചപ്പോഴാണ് യുവമോർച്ച പ്രവർത്തകർ പ്രഭ എൻ ബലവംഗല എന്ന സ്ത്രീക്കെതിരെ പരാതി നൽകിയത്” എന്ന് അദ്ദേഹം പിടിഐ യോട് പറഞ്ഞു. ഇവർ “അപകീർത്തികരവും വെട്ടിയൊട്ടിച്ചതും സന്ദർഭവുമായി യാതൊരു ബന്ധമില്ലാത്തതുമായ” ചിത്രങ്ങൾ യോഗി ആദിത്യനാഥിനെതിരെ ഫെയ്സ്ബുക്കിൽ ഇട്ടെന്നാണ് കേസ്. 2000 ലെ ഐടി നിയമപ്രകാരം മാനനഷ്ടം, മതത്തിന്റെ പേരിൽ സാമൂഹിക വിഭാഗീയത സൃഷ്ടിക്കൽ, വിശ്വാസ്യത തകർക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

അപകീർത്തികരമായ ചിത്രങ്ങൾ വെട്ടിയൊട്ടിച്ചാണ് ഫെയ്സ്ബുക്ക് പോസ്റ്റ് തയ്യാറാക്കിയതെന്ന് ബിജെപി യുവമോർച്ച ബെംഗളൂരു സിറ്റി പ്രസിഡന്റ് സപ്തഗിരി ഗൗഡ പറഞ്ഞു. “അധിക്ഷേപിച്ചതിനൊപ്പം യോഗി ആദിത്യനാഥിനെ സമൂഹ മധ്യത്തിൽ വില കുറച്ച് കാണിക്കാനും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ശ്രമിച്ചു”വെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ പീനൽ കോഡിലെ 153A, 292A, 499, 500, 505 എന്നീ വകുപ്പുകളാണ് സ്ത്രീക്കെതിരെ ചുമത്തിയിട്ടുള്ളത്. 153A വകുപ്പാണ് മതം, ഗോത്രം, നാട്, ജന്മം, വീട്, ഭാഷ എന്നിവയുടെ പേരിൽ രണ്ട് വിഭാഗങ്ങൾക്കിടയിൽ ശത്രുത വർദ്ധിപ്പിക്കുന്ന പരാമർശത്തെ സംബന്ധിച്ചുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ