ബംഗളൂരു: മോചനദ്രവ്യം ആവശ്യപ്പെട്ട് ബെംഗളൂരുവിൽ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാർത്ഥിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ആദായനികുതി ഉദ്യോഗസ്ഥൻ നിരഞ്ജൻ കുമാറിന്റെ മകനും എൻജിനീയറിങ് വിദ്യാർഥിയുമായ എൻ. ശരത് (19) ആണ് കൊല്ലപ്പെട്ടത്. 50 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം ബന്ധുക്കൾക്കു വാട്ട്സ്ആപ്പ് വിഡിയോ സന്ദേശം ലഭിച്ചിരുന്നു. സംഭവത്തില്‍ ശരതിന്റെ ഉറ്റസുഹൃത്ത് അടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
19കാരനെ കൊലപ്പെടുത്തിയ സ്ഥലം ഇവര്‍ പൊലീസിന് കാണിച്ച് കൊടുത്തതായാണ് വിവരം. ആഗസ്ത് മാസം 12ന് വൈകുന്നേരമാണു ശരത്തിനെ കാണാതായത്. കൂടെ സുഹൃത്തായ വിശാലും ഉണ്ടായിരുന്നു. ഇയാള്‍ അടക്കമുളളവരാണ് ശരതിനെ സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. വിശാലും കൂട്ടാളികളും ചേര്‍ന്ന് കയര്‍ കഴുത്തില്‍ കുരുക്കിയാണ് ശരതിനെ കൊലപ്പെടുത്തിയത്.
മോചനദ്രവ്യമായി 50 ലക്ഷം നൽകണമെന്നും ഇല്ലെങ്കിൽ ഇവർ ലക്ഷ്യമിടുന്നതു ശരത്തിന്റെ സഹോദരിയെ ആണെന്നും പൊലീസിൽ അറിയിക്കരുതെന്നുമായിരുന്നു പ്രതികള്‍ നേരത്തേ വാട്ട്സ്ആപ്പ് സന്ദേശത്തിൽ ആവശ്യപ്പെട്ടത്. ശരത്തിന്റെ മൊബൈൽ ഉപയോഗിച്ച് സഹോദരിയുടെ വാട്സ്ആപ്പ് നമ്പരിലേക്കാണ് സന്ദേശം കൈമാറിയത്.
പിതാവിന്റെ പ്രവർത്തിമൂലം ദുരിതമനുഭവിച്ചവരാണു തന്നെ തട്ടിയെടുത്തതെന്നാണു വിഡിയോയിൽ ശരത്ത് പറയുന്നത്. അപ്പോൾ തന്നെ കുടുംബം പൊലീസിൽ പരാതി നൽകി. എന്നാൽ പിന്നീട് ഇവർ സഹോദരിയെ ബന്ധപ്പെട്ടില്ല. ശരത്തിന്റെ ദേഹത്തു കാണാവുന്ന തരത്തിൽ പരുക്കുകളൊന്നും ഇല്ലെന്നും പൊലീസ് അറിയിച്ചിരുന്നു. സെൻട്രൽ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിച്ചിരക്കുന്നത്.