ബെംഗളൂരു: ആറ് ദിവസം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ബെംഗളൂരു-മൈസൂർ എക്സ്പ്രസ് വേയില്‍ വെള്ളക്കെട്ട്. ഇന്നലെ രാത്രിയില്‍ പെയ്ത നേരിയ മഴയാണ് വെള്ളക്കെട്ടിന് കാരണമായതും ഗതാഗതം മന്ദഗതിയിലാക്കിയത്. രാമനഗരയ്ക്കും ബിഡഡിക്കും ഇടയിൽ സംഗബസവന ദൊഡ്ഡിക്ക് സമീപമുള്ള അണ്ടർപാസിന് സമീപമാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.
വെള്ളം പോകുന്നതിനായി ചാലുകള്‍ ഉണ്ടാക്കിയിരുന്നെന്നും എന്നാല്‍ ഗ്രാമവാസികള്‍ ചെളി ഉപയോഗിച്ച് അത് തടഞ്ഞെന്നുമാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) പ്രോജക്ട് ഡയറക്ടർ ബി ടി ശ്രീധർ ദി ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിക്കവെ പറഞ്ഞത്.
കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ ഇതേ പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. കേന്ദ്ര ഗതാഗത മന്ത്രി എക്സ്പ്രസ് വേ സന്ദര്‍ശിച്ചപ്പോള്‍ വെള്ളക്കെട്ടിന്റെ കാരണം പരിശോധിച്ച് വരികായാണെന്നായിരുന്നു നല്‍കിയ വിശദീകരണം. ഇത് ആവര്‍ത്തിക്കില്ലെന്നും അപകടങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
മാര്‍ച്ച് 12-നാണ് പ്രധാനമന്ത്രി 118 കിലോ മീറ്റര്‍ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തത്. മൂന്നേ മൂക്കാല്‍ മണിക്കൂറുകൊണ്ട് ബെംഗളൂരുവില്‍ നിന്ന് മൈസൂരിലെത്താനാകുമെന്നാണ് ഉദ്യോഗസ്ഥരുടെ അവകാശവാദം.
8,480 കോടി രൂപയുടെ പദ്ധതിയിൽ എൻഎച്ച്-275 ല്‍ വരുന്ന ബെംഗളൂരു-നിദാഘട്ട-മൈസൂർ ആറ് വരി പാതയും ഉള്‍പ്പെടുന്നു. എൻഎച്ച്എഐ ചൊവ്വാഴ്ച ടോൾ പിരിവ് ആരംഭിച്ചിരുന്നു, റോഡ് പണി പൂർത്തിയാകാതെ ടോൾ പിരിക്കുന്നതിൽ ജനതാദൾ (സെക്കുലർ) ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധിച്ചിരുന്നു.