ബെംഗളുരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ ആകാശത്തുവച്ച് കൂട്ടിയിടിയില്‍നിന്ന് കഷ്ടിച്ചു രക്ഷപ്പെട്ടു. ജനവരി ഏഴിനുണ്ടായ സംഭവത്തെക്കുറിച്ച് ഡയരക്ടറേറ്റ് ജറല്‍ ഓഫ് ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണത്തിന് ഉത്തരവിട്ടു.
വിമാനങ്ങള്‍ പറന്നുയരുന്നതിനിടെ കൂട്ടിയിടിക്കാവുന്ന അത്ര അടുത്തെത്തിയതായി ഡിജിസിഎ മേധാവി അരുണ്‍ കുമാര്‍ വെളിപ്പെടുത്തി. കൊല്‍ക്കത്തയിലേക്കു പുറപ്പെട്ട 6ഇ 455, ഭുവനേശ്വറിലേക്കു പുറപ്പെട്ട 6ഇ 246 വിമാനങ്ങളാണ് അടുത്തെത്തിയതെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു.
സംഭവം ഒരു ലോഗ്ബുക്കിലും രേഖപ്പെടുത്തിയിട്ടില്ലെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നുമാണ് ഉദ്യോഗസ്ഥരില്‍നിന്നു ലഭിക്കുന്ന വിവരം.
ഭാഗ്യവശാല്‍ റഡാര്‍ കണ്ട്രോളര് പിഴവ് കണ്ടെത്തുകയും ഇരു വിമാനങ്ങളിലെയും പൈലറ്റുമാരെ ഉടന്‍ വിവരമറിയിക്കുകയും ചെയ്തതിനാല്‍ എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നു പറഞ്ഞ അരുണ്‍ കുമാര്‍ തെറ്റിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
”വിമാനങ്ങള്‍ പുറപ്പെടുന്നതിനു വടക്കു ഭാഗത്തെ റണ്‍വേയും വരവിനു തെക്കുഭാഗത്തെ റണ്‍വേയും ഉപയോഗിച്ചിരുന്നത്്. പിന്നീട്, തെക്കുഭാഗത്തെ റണ്‍വേ അടയ്ക്കാന്‍ ഷിഫ്റ്റ് ഇന്‍-ചാര്‍ജ് തീരുമാനിച്ചെങ്കിലും തെക്കുഭാഗത്തെ ടവറിലെ എയര്‍ ട്രാഫിക് കണ്‍ട്രോളറെ അറിയിച്ചില്ല. ഇക്കാരണത്താല്‍, രണ്ടു വിമാനങ്ങള്‍ക്കും ഒരേ സമയം റണ്‍വേകളില്‍നിന്ന് ടേക്ക് ഓഫിന് അനുമതി നല്കി. ഇത് ഒരേ ദിശയിലേക്കു നീങ്ങുന്ന വിമാനങ്ങള്‍ പരസ്പരം കൂട്ടിയിടിക്കുന്ന സാഹചര്യമാണ് സൃഷ്ടിച്ചത്. ഇത് ഒരു റഡാര്‍ കണ്ട്രോളര് കാണുകയും ഉടന്‍ തന്നെ വിമാന്ങ്ങള്ക്കു മുന്നറിയിപ്പ് നല്കുെകയും ചെയ്തു,,” ഡിജിസിഎയിലെ മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
സംഭവത്തെക്കുറിച്ചുള്ള ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിന്റെ ചോദ്യങ്ങളോട് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതുവരെയും ഇന്‍ഡിഗോ പ്രതികരിച്ചില്ല.
Also Read: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ഹര്‍ജി; സുപ്രീം കോടതി വാദം കേള്‍ക്കും