ബെംഗളൂരു:കെജിഎഫ് ടുവിലെ ശബ്ദരേഖകള്‍ അനധികൃതമായി ഉപയോഗിച്ചുവെന്നാരോപിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും (ഐഎന്‍സി) ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ അക്കൗണ്ടുകൾ മരവിപ്പിക്കാന്‍ ബെംഗളൂരു കോടതിയുടെ നിര്‍ദേശം. എംആര്‍ടി മ്യൂസിക് നല്‍കിയ പകര്‍പ്പവകാശ ലംഘന കേസിലാണ് അക്കൗണ്ടുകള്‍ താല്‍ക്കാലികമായി മരവിപ്പിക്കാന്‍ ട്വിറ്ററിന് കോടതി നിര്‍ദേശം നല്‍കിയത്.
കെജിഎഫ് ടുവിലെ ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്, പാര്‍ട്ടിയുടെ സാമൂഹികമാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള സുപ്രിയ ശ്രീനാഥ് എന്നിവര്‍ക്കെതിരെ ബെംഗളൂരു ആസ്ഥാനമായുള്ള എംആര്‍ടി മ്യൂസിക് യശ്വന്ത്പുര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
കെജിഎഫിലെ ഗാനങ്ങള്‍ ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് ഉപയോഗിച്ചതിനാണ് കേസ്. പകര്‍പ്പവകാശ നിയമ ലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതി. പകര്‍പ്പവകാശ നിയമം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്, ഇന്ത്യന്‍ പീനല്‍ കോഡ് എന്നീ വകുപ്പുകള്‍ പ്രകാരമാണ് നേതാക്കള്‍ക്കെതിരെ യശ്വന്ത്പൂര്‍ പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.