ന്യൂഡല്‍ഹി: ബെംഗളൂരു ഈദ്ഗാഹ് മൈതാനത്ത് ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ നടത്തരുതെന്നുള്ള സുപ്രീം കോടതി ഉത്തരവിന് പിന്നാലെ പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിച്ച് പൊലീസ്.
പ്രശ്നബാധിത മേഖലയില്‍ 1,200 പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. മൈതാനത്തേക്കുള്ള എല്ലാ വഴികളും ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടഞ്ഞിരിക്കുകയാണ്. റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെ സംഘവും പ്രദേശത്തുണ്ട്.
സുപ്രീം കോടതി വിധി അനുസരിക്കുമെന്നും എന്നാൽ ഭൂമിയുടെ ഉടമസ്ഥതയ്ക്കായി സമരം തുടരുമെന്നും ബെംഗളൂരു സിറ്റി ജാമിയ മസ്ജിദ് ഇമാം മൗലാന മഖ്സൂദ് ഇമ്രാൻ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
സുപ്രീം കോടതിയുടെ ഉത്തരവ് സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഭൂമിയുടെ ഉടമസ്ഥതയ്ക്കായുള്ള പോരാട്ടം തുടരും. റംസാനിനും ബക്രീദിനും നമസ്കരിക്കുന്നതിനൊപ്പം, മൈതാനം കുട്ടികൾക്ക് കളിക്കാനോ പശുക്കൾക്ക് മേയാനോ ഉള്ള പൊതു ഇടമാക്കട്ടെ. ഭൂമിയിൽ മറ്റ് മതപരമായ പ്രവർത്തനങ്ങൾ അനുവദിക്കണമെന്ന അഭിപ്രായം ഞങ്ങള്‍ക്കില്ല,” അദ്ദേഹം പറഞ്ഞു.
കോടതി ഉത്തരവ് അനുസരിക്കുമെന്ന് വിശ്വ സനാതൻ പരിഷത്ത് പ്രസിഡന്റ് എസ് ഭാസ്കരൻ വ്യക്തമാക്കി. എന്നാൽ സംസ്ഥാന സർക്കാരിന്റെ താത്പര്യക്കുറവില്‍ അദ്ദേഹം നിരാശ രേഖപ്പെടുത്തുകയും ചെയ്തു.
“ഞാൻ വിവരാവകാശ നിയമപ്രകാരം വഖഫ് ബോർഡിൽ നിന്ന് വിവരങ്ങൾ എടുത്തിട്ടുണ്ട്, മൈതാനം വഖഫ് ബോർഡിന്റെ സ്വത്തല്ലെന്ന് അതിൽ വ്യക്തമായി പറയുന്നുണ്ട്. മുസ്ലീങ്ങൾക്ക് ബദൽ ഭൂമിയും നൽകിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ബിജെപി ഈ പ്രശ്നത്തെ പരിഗണിക്കാതെ നിസാര പ്രശ്നങ്ങളില്‍ ഏര്‍പ്പെടുകയാണ്,” ഭാസ്കരന് പറഞ്ഞു.
സമാധാന ചര്‍ച്ചയ്ക്ക് വിളിച്ച ബംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ സി എച്ച് പ്രതാപ് റെഡ്ഡി ഇരു വിഭാഗത്തിനോടും കോടതി ഉത്തരവ് അനുസരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.