ബെംഗളൂരു: ബെംഗളൂരുവിൽ കോവിഡ് രോഗമുക്തി നേടിയ 27കാരിക്ക് രണ്ടാം തവണയും കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചെന്ന് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രി. ഒരുമാസത്തിനിടെയാണ് രോഗമുക്തി നേടിയ ശേഷം വീണ്ടും യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ബാനർഗട്ട റോഡിലെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്കാണ് രണ്ടാം തവണയും കേസ് സ്ഥിരീകരിച്ചത്. നരഗത്തിലെ “കോവിഡ് -19 പുനർ രോഗബാധ” ആണ് ഇതെന്ന് ആശുപത്രിയിലെ ഡോക്ടർമാർ സ്ഥിരീകരിച്ചു.
മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാത്ത യുവതിക്ക് ജൂലൈയിലാണ് ആദ്യമായി കോവിഡ് പോസിറ്റീവ് ഫലം ലഭിച്ചതെന്ന് ആശുപത്രിയിലെ പകർച്ചവ്യാധി വകുപ്പിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം അറിയിച്ചു. പനി, ചുമ എന്നിവയുടെ നേരിയ ലക്ഷണങ്ങൾ അവരിൽ പ്രകടമായിരുന്നു. എന്നിരുന്നാലും, രോഗി “സുഖം പ്രാപിക്കുകയും”, നെഗറ്റീവ് ഫലം ലഭിച്ച ശേഷം ഡിസ്ചാർജ് ചെയ്യുകയുമായിരുന്നെന്ന് ഫോർട്ടിസ് ആശുപത്രി അധികൃതർ പറഞ്ഞു.
Read More: Explained: കോവിഡ് ബാധിതരുടെ എണ്ണത്തിൽ ബ്രസീലിനെയും മറികടന്ന് ഇന്ത്യ; 41 ലക്ഷത്തിലധികം രോഗബാധിതർ
ജൂലൈ 24 നാണ് രോഗിയെ ഡിസ്ചാർജ് ചെയ്തതെന്ന് ആശുപത്രിയിലെ പകർച്ചവ്യാധി വിഭാഗം കൺസൾട്ടന്റ് ഡോക്ടർ പ്രതിക് പാട്ടീൽ പറഞ്ഞു. “എന്നിരുന്നാലും, ഏകദേശം ഒരു മാസത്തിനുശേഷം, ഓഗസ്റ്റ് അവസാന വാരത്തോടെ, അവരിൽ വീണ്ടും നേരിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയും വീണ്ടും പോസിറ്റീവ് ഫലം ലഭിക്കുകയുമായിരുന്നു,” അദ്ദേഹം പറഞ്ഞു. “ ബംഗലൂരവിലെ കോവിഡ് -19 പുനർ രോഗബാധയുടെ ആദ്യ റിപ്പോർട്ട് ഇതായിരിക്കാം,” ഡോക്ടർ പാട്ടീൽ പറഞ്ഞു.
“സാധാരണ ഗതിയിൽ, അണുബാധയുണ്ടായാൽ, 2-3 ആഴ്ചക്ക് ശേഷം കോവിഡ് ഇമ്മ്യൂണോഗ്ലോബുലിൻ ജി ആന്റിബോഡിയുടെ പരിശോധനാ ഫലം പോസിറ്റീവ് ആയി ലഭിക്കും. എന്നാൽ, ഈ രോഗിയിൽ, ആന്റിബോഡി സാന്നിദ്ധ്യം പരിശോധിച്ചപ്പോൾ ഫലം നെഗറ്റീവ് ലഭിച്ചു, അതിനർത്ഥം അണുബാധയ്ക്ക് ശേഷം അവരിൽ പ്രതിരോധശേഷി വികസിക്കപ്പെട്ടില്ല എന്നാണ്, ”അദ്ദേഹം പറഞ്ഞു.
മറ്റൊരു സാധ്യത ഐജിജി ആന്റിബോഡികൾ ഒരു മാസത്തിനുള്ളിൽ അപ്രത്യക്ഷമാവുകയും അവർ വീണ്ടും രോഗം ബാധിക്കാവുന്ന തരത്തിലേക്ക് മാറാനും സാധ്യതയുണ്ട് എന്നതാണ്. വീണ്ടും ഒരാളിൽ വരുന്ന കോവിഡ് കേസുകൾ അർത്ഥമാക്കുന്നത് ആന്റിബോഡികൾ അവർ ഉൽപാദിപ്പിച്ചേക്കില്ല അല്ലെങ്കിൽ അവ ഉൽപാദിപ്പിക്കപ്പെട്ടാൽ തന്നെ ദീർഘനേരം നീണ്ടുനിൽക്കില്ല എന്നും, ഇത് വൈറസ് ശരീരത്തിൽ പ്രവേശിച്ച് വീണ്ടും രോഗം ബാധിത്താൻ കാരണമാകുന്നു എന്നുമാണ്, ”ഡോക്ടർ പാട്ടീൽ പറഞ്ഞു.
എന്നാൽ ഇത്തരം സംഭവങ്ങൾ അപൂർവമായി തുടരും എന്ന് പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയിലെ (പിഎച്ച്എഫ്ഐ) ലൈഫ് കോഴ്സ് എപ്പിഡെമിയോളജി വിഭാഗം തലവനായ ഡോക്ടർ ഗിരിധർ ആർ ബാബു ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. “3.8 ലക്ഷം കേസുകൾ സ്ഥിരീകരിച്ചതിന് ശേഷമാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. ഇത് അപൂർവമായി തുടരും. രണ്ടാമത്തെ അണുബാധ ആദ്യത്തേതിനേക്കാൾ കുറഞ്ഞ കാഠിന്യമുള്ളതാണ് എന്നതാണ് നല്ല വാർത്ത,” അദ്ദേഹം പറഞ്ഞു.
Read More: Explained: കൃത്യമായ ഫലം ലഭിക്കാൻ പിസിആർ, ആന്റിബോഡി പരിശോധനകൾ സംയോജിപ്പിക്കുന്നതെങ്ങനെ
“പുനർരോഗബാധയുണ്ടെന്ന് സ്ഥാപിക്കുക പ്രയാസമാണ്. ഭാവിയിൽ കൂടുതൽ പഠനങ്ങൾക്ക് ശേഷം മാത്രമേ പുനർരോഗബാധയുടെ വ്യാപ്തിയെക്കുറിച്ച് പറയാൻ കഴിയൂ,” ഗിരിധർ ആർ ബാബു പറഞ്ഞു.
നഗരത്തിൽ 41,479 പേർ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഒരു സമയത്താണ് (സെപ്റ്റംബർ 6 വരെ) സമയത്താണ് ബെംഗളൂരുവിൽ ഒരു പുനർരോഗബാധ സ്ഥിരീകരിക്കുന്നത്.
കർണാടയിൽ ഇത് വരെ 3.89 ലക്ഷം പേർക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചത്. ആരോഗ്യ, കുടുംബക്ഷേമ സേവന വകുപ്പ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 6298 പേർ രോഗം ബാധിച്ച് മരിച്ചു. ഇതിൽ 2125 മരണങ്ങൾ സ്ഥിരീകരിച്ചത് ബെംഗളൂരുവിലാണ്.
ഡൽഹിയിലും കോവിഡ് പുനർരോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ജൂലൈ ആദ്യം ഡൽഹിയിൽ 50 കാരനായ ഒരു പോലീസുകാരനിൽ കോവിഡ് രണ്ടാമതും കണ്ടെത്തിയതായി സ്ഥിരീകരിച്ചിരുന്നു. മെയ് മാസത്തിലായിരുന്നു പോലീസുകാരന് ആദ്യം കോവിഡ് പോസിറ്റീവ് ഫലം ലഭിച്ചതെങ്കിലും അന്ന് രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല.
രണ്ട് ദിവസത്തിന് ശേഷം, പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിലെ ഒരു ആരോഗ്യ പ്രവർത്തകനും കോവിഡ് -19 പുനർരോഗബാധ വന്നതായി സ്ഥിരീകരിച്ചു, അതിനുശേഷം ഇത്തരം മൂന്ന് കേസുകൾ കൂടി പശ്ചിമ ബംഗാളിന്റെ വടക്കൻ മേഖലയിൽ കണ്ടെത്തിയിരുന്നു.
Read More: Bengaluru: First case of Covid-19 reinfection reported in private hospital