ബെംഗളുരു: ഓഹരി വിപണിയിൽ വൻതോതിൽ പണം നഷ്ടപ്പെട്ടതിന്റെ നഷ്ടം നികത്താൻ ബാങ്ക് കൊള്ളയടിച്ച എൻജിനീയർ ബെംഗളുരുവിൽ അറസ്റ്റിൽ. ഇരുപത്തിയെട്ടുകാരനായ മെക്കാനിക്കൽ എൻജിനീയർ ധീരജ് എസ് ആണ് അറസ്റ്റിലായത്.
കാമാക്ഷിപ്പാളയം സ്വദേശിയായ യുവാവിൽനിന്ന് 85.38 ലക്ഷം രൂപയ്ക്കു തുല്യമായ സ്വർണാഭരണങ്ങളും പണവും പൊലീസ് കണ്ടെത്തി. മടിവാളയിലെ എസ് ബി ഐ ശാഖയിൽ ജനുവരി 14ന് വൈകിട്ട് ആറോടെയായിരുന്നു കവർച്ച.
മുഖംമൂടി ധരിച്ച് ബാങ്കിനകത്ത് കടന്ന യുവാവ് കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ജീവനക്കാരെ ഭീഷണിപ്പെടുത്തി. തുടർന്ന് 3.76 ലക്ഷം രൂപയും 1.80 കിലോ ഗ്രാം സ്വർണവും കവരുകയായിരുന്നു.
Also Read: ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ മൂന്നു ദിവസം ചോദ്യം ചെയ്യാൻ അനുമതി; അറസ്റ്റ് പാടില്ല
ബാങ്ക് മാനേജർ എൻ ഹരീഷിന്റെ പരാതിയിൽ ബെംഗളുരു പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കുകയുമായിരുന്നു. ജനുവരി 18ന് പ്രതിയെ പിടികൂടിയതായി ബെംഗളുരു സൗത്ത്-ഈസ്റ്റ് ഡി എസ് പി ശ്രീനാഥ് മഹാദേവ് ജോഷി ശനിയാഴ്ച പറഞ്ഞു.
ബെംഗളൂരുവിലെ തന്നെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ ധീരജിനു സ്റ്റോക്ക് എക്സചേഞ്ചിലുണ്ടായ തകർച്ച മൂലം വലിയ സംഭവിച്ചതായി ഡി എസ് പി പറഞ്ഞു.
“ഓഹരി വ്യാപാരത്തിൽ ധീരജിന് വൻതോതിൽ പണം നഷ്ടപ്പെട്ടു. സുഹൃത്തുക്കളിൽ നിന്ന് 35 ലക്ഷം രൂപ കടം വാങ്ങിയതായും കണ്ടെത്തി. ഇതിനു പുറമെ മറ്റൊരു ധനകാര്യ സ്ഥാപനത്തിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചും ഇയാൾ പണം കൈപ്പറ്റിയിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.