ബെംഗളൂരു: കർണാടകയിൽ ഫെയ്‌സ്‌ബുക്ക് പോസ്റ്റിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ആഭ്യന്തര വകുപ്പാണ് മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിറക്കിയിരിക്കുന്നത്. വടക്കു-കിഴക്കൻ ബെംഗളൂരുവിലെ കാവൽ ബെെസാന്ധ്രയ്‌ക്ക് സമീപമാണ് സംഘർഷമുണ്ടായത്. സംഭവസ്ഥലത്ത് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു.
പുലികേശ നഗർ എംഎൽഎയും കോൺഗ്രസ് നേതാവുമായ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ വീടിനു മുൻപിൽ പ്രതിഷേധക്കാർ ഒത്തുകൂടി. എംഎൽഎയുടെ ബന്ധു ഫെയ്‌സ്‌ബുക്കിൽ മുസ്‌ലിം വിരുദ്ധ പോസ്റ്റിട്ടതാണ് സംഘർഷത്തിനു കാരണം. പ്രതിഷേധക്കാർ എംഎൽഎയുടെ വീടിനു നേരെ കല്ലെറിയുകയും വാഹനങ്ങൾ തകർക്കുകയും ചെയ്‌തു.
ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ പ്രതിഷേധിച്ച് എംഎൽഎയുടെ വീടിനു മുൻപിൽ വലിയൊരു ജനക്കൂട്ടം ഒത്തുചേരുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തെത്തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പൊലീസ് ഓടിയെത്തിയപ്പോൾ നൂറുകണക്കിന് ആളുകൾ കൂടി ഡിജെ ഹാലി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി, പൊലീസ് സ്റ്റേഷനു പുറത്ത് വാഹനങ്ങൾക്ക് തീയിട്ടു. ഫെയ്‌സ്‌ബുക്ക് പോസ്റ്റിട്ട എംഎൽഎയുടെ ബന്ധുവിനെതിരെ നടപടിയെടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
സംഭവം നടക്കുമ്പോൾ എംഎൽഎ വീട്ടിലുണ്ടായിരുന്നില്ലെന്നാണ് ശ്രീനിവാസ് മൂർത്തിയോട് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. സംഘർഷമുണ്ടായി മിനിറ്റുകൾക്ക് ശേഷം, സമാധാനവും ഐക്യവും നിലനിർത്താൻ ജനങ്ങളോട് അഭ്യർത്ഥിച്ച് എംഎൽഎ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. മതസ്‌പർദ്ദ വളർത്തുന്ന ഫെയ്‌സ്‌ബുക്ക് പോസ്റ്റിട്ട ബന്ധുവിനെതിരെ നടപടി സ്വീകരിക്കുമെന്ന് എംഎൽഎ ഉറപ്പുനൽകി.
#Bengaluru: Pulkeshinagar Congress MLA R Akhanda Srinivas Murthy appeals for peace after an irate mob surrounded his house in Kaval Byrasandra irked by a derogatory post allegedly put up on social media by his relative. @IndianExpress pic.twitter.com/khmaFj1ews
— Ralph Alex Arakal (@ralpharakal) August 11, 2020
“എന്റെ മുസ്‌ലിം സഹോദരങ്ങളോട് ഞാൻ അപേക്ഷിക്കുകയാണ്. നിങ്ങൾ ദയവുചെയ്‌ത് കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാക്കരുത്. അക്രമാസക്‌തരാകരുതെന്ന് അപേക്ഷിക്കുന്നു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കും. സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കണം. നിങ്ങൾക്കൊപ്പം ഞാനുണ്ട്,” എംഎൽഎ പറഞ്ഞു.
പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടിയത് സ്ഥിതി സങ്കീർണമാക്കി. സംഭവത്തിൽ അഡീഷണൽ കമീഷണറടക്കം 60തോളം പോലീസുകാർക്കും പരുക്കുണ്ട്. പ്രതിഷേധം തെരുവ് യുദ്ധത്തിലേക്ക് നീങ്ങിയപ്പോൾ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ കമൽ പന്ത് ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. പ്രതിഷേധക്കാർ പൊലീസ് ജീപ്പ്, ബസ് എന്നിവ കത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.
എംഎൽഎയുടെ വീടിനു നേരെ ആക്രമണം നടത്തിയവർക്കെതിരെയും പൊലീസിനെ ആക്രമിച്ചവർക്കെതിരെയും ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ പറഞ്ഞു.
പ്രതിഷേധങ്ങൾക്ക് കാരണമായ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് താനിട്ടതല്ലെന്നാണ് എംഎൽഎയുടെ ബന്ധു പറയുന്നത്. തന്റെ ഫെയ്‌സ്‌ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തതാണെന്നും ഇയാൾ പറയുന്നു. എന്നാൽ, സംഭവത്തിനു പിന്നിൽ എന്തെങ്കിലും ഗൂഢാലോചനകൾ നടന്നിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. വിവാദമുണ്ടായതിനു പിന്നാലെ എംഎൽഎയുടെ ബന്ധു ഫെയ്‌സ്‌ബുക്കിൽ നിന്ന് പോസ്റ്റ് നീക്കം ചെയ്‌തിരുന്നു. ഡെലീറ്റ് ചെയ്ത പോസ്റ്റ് പൊലീസ് തിരിച്ചെടുത്തു. കൂടുതൽ അന്വേഷണം നടത്തുകയാണ്.