ബെംഗളൂരു: റോഡപകടത്തിൽനിന്നും അഞ്ചു വയസ്സുകാരി രക്ഷപ്പെട്ടത് അദ്ഭുതകരമായി. ബെംഗളൂരുവിലെ തുമാകുരു റോഡിലുണ്ടായ ബൈക്കപകടത്തിലാണ് തികച്ചും അദ്ഭുതകരമായി കുട്ടിക്ക് ജീവൻ തിരിച്ചുകിട്ടിയത്. ബൈക്ക് ഓടിച്ചിരുന്ന വ്യക്തിയും കുട്ടിയുടെ അമ്മയും റോഡിൽ വീണപ്പോൾ കുട്ടിയുമായി ബൈക്ക് നീങ്ങിയത് 200 മീറ്ററോളം. തിരക്കേറിയ ദേശീയപാതയിൽ കുട്ടിയുമായി ബൈക്ക് മുന്നോട്ടുനീങ്ങുന്ന വീഡിയോ അതിശയിപ്പിക്കും.
തിങ്കളാഴ്ച വൈകിട്ട് 3.30 ഓടെ തുമാകുരു-ബെംഗളൂരു ദേശീയപാതയിലാണ് അപകടം ഉണ്ടായതെന്ന് നെലാമംഗല ട്രാഫിക് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മുന്നിലുളള വാഹനങ്ങളെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. സ്പീഡിൽ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവേ മുന്നിലുളള സ്കൂട്ടറിൽ ബൈക്ക് ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ആളും പിന്നാലെ ബൈക്ക് ഓടിച്ചിരുന്ന ആളും അതിലുണ്ടായിരുന്ന കുട്ടിയുടെ അമ്മയും റോഡിൽ വീണു.
സ്പീഡ് കാരണം ബൈക്ക് വീഴാതെ മുന്നോട്ടുനീങ്ങി. അഞ്ചു വയസ്സുകാരിയെയും കൊണ്ട് ഏകദേശം 200 കിലോമീറ്ററുകളോളം ബൈക്ക് മുന്നോട്ട് പോയി. മുന്നിലുണ്ടായിരുന്ന ചരക്കുലോറിയുടെ സമീപത്തായി ബൈക്ക് എത്തിയെങ്കിലും ഭാഗ്യം കൊണ്ട് തട്ടിയില്ല. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടേനെ. ലോറിയിൽ തട്ടാതെ റോഡിനു സമീപത്തെ ഭിത്തിയിൽ തട്ടുകയും ബൈക്കിലുണ്ടായിരുന്ന കുട്ടി സമീപത്തെ പുൽത്തകിടിയിലേക്ക് വീഴുകയുമായിരുന്നു.
(വീഡിയോ കടപ്പാട്: വി സിക്സ് ന്യൂസ്)
ഉടൻ തന്നെ ആളുകളെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. കുട്ടിക്ക് പ്രാഥമിക ചികിൽസ നൽകിയശേഷം ആശുപത്രിയിൽനിന്നും വിട്ടയച്ചു. അതേസമയം, ബൈക്ക് ഓടിച്ചിരുന്ന ആൾ അപകടം ഉണ്ടായതിനുപിന്നാലെ സ്ത്രീയെയും കുട്ടിയെയും ഉപേക്ഷിച്ചശേഷം അവിടെനിന്നും കടന്നു കളഞ്ഞതായി ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.