Latest News

പാകിസ്ഥാൻകാരാണോ? മലയാളി വിദ്യാര്‍ഥികള്‍ക്കു ബെംഗളുരുവില്‍ പൊലീസ് മര്‍ദനം

രാത്രിയില്‍ ചായ കുടിക്കാനായി ഫ്‌ളാറ്റില്‍നിന്ന് ഇറങ്ങിയ മൂന്നുപേര്‍ക്കാണു മര്‍ദനമേറ്റത്.

ബെംഗളുരു: പാകിസ്ഥാനില്‍ നിന്നുള്ളവരാണോയെന്നു ചോദിച്ച് മലയാളി വിദ്യാര്‍ഥികളെ ബെംഗളുരുവില്‍ പൊലീസ് മര്‍ദിച്ചതായി ആരോപണം. മൂന്നുപേര്‍ക്കാണു മര്‍ദനമേറ്റത്. രാത്രിയില്‍ ചായ കുടിക്കാനായി ഫ്‌ളാറ്റില്‍നിന്ന് ഇറങ്ങി നടക്കാന്‍ തുടങ്ങുകയായിരുന്ന തങ്ങളെ കസ്റ്റഡിയിലെടുത്തു പൊലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നുവെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

വിദ്യാര്‍ഥികളില്‍ ഒരാള്‍ ചിത്രീകരിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണു സംഭവം പുറത്തായത്. പേര് പറഞ്ഞയുടനെ നിങ്ങള്‍ പാകിസ്ഥാനില്‍ നിന്നാണോയെന്നു പോലീസുകാര്‍ ആവര്‍ത്തിച്ചു ചോദിച്ചതായി സംഭവം വിവരിച്ച പതിനെട്ടുകാരനായ അന്‍സല്‍ (യഥാര്‍ഥ പേരല്ല) പറഞ്ഞു.

”പട്രോളിങ് കാറില്‍ രണ്ട് പോലീസുകാര്‍ പുലര്‍ച്ചെ ഒരു മണിയോടെ ഞങ്ങളെ സമീപിച്ച് എവിടേക്കാണും പോകുന്നതെന്നും പേരും ചോദിച്ചു. ഞങ്ങള്‍ മറുപടി നല്‍കിയ ഉടന്‍ പൊലീസുകാരില്‍ ഒരാള്‍ ഞങ്ങള്‍ പാകിസ്ഥാനില്‍നിന്നാണോയെന്ന് ചോദിച്ചു. ഞങ്ങള്‍ ആധാര്‍ കാര്‍ഡുകള്‍ കാണിച്ചിട്ടും ഇതേ ചോദ്യം അവര്‍ തുടര്‍ന്നു. തുടര്‍ന്ന് മറ്റൊരു പട്രോളിങ് വാഹനത്തിലും രണ്ട് ബൈക്കുകളിലുമായുണ്ടായിരുന്ന നാല് പൊലീസുകാരെക്കൂടി അവര്‍ വിളിച്ചുവരുത്തി. ലാത്തികളുമായി വന്ന പോലീസുകാര്‍ ഞങ്ങളെ പട്രോളിങ് കാറില്‍ കയറ്റി എസ്ജി പാളയ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി,”സംഘത്തിലുണ്ടായിരുന്ന സ്വകാര്യ കോളേജ് വിദ്യാര്‍ഥി പറഞ്ഞു.

വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഫ്‌ളാറ്റിനു താഴെ വച്ചാണു സംഭവം നടന്നത്. വിദ്യാര്‍ഥികളും പൊലീസും തമ്മിലുള്ള സംഭാഷണം ഉച്ചത്തിലായപ്പോള്‍, പ്രശ്നം എന്താണെന്ന് അന്വേഷിക്കാനായി അന്‍സലിന്റെ സഹോദരനും സുഹൃത്തുക്കളും ഉള്‍പ്പെടയുള്ള മൂന്നു പേര്‍ ഫ്‌ളാറ്റില്‍നിന്നു പെട്ടെന്നു താഴേക്കിറങ്ങി വന്നു.

”അടുത്തിടെ പ്രദേശത്തുനിന്ന് കുറച്ച് തീവ്രവാദികളെ പിടികൂടിയതായും ഞങ്ങളുടെ ഫോണുകള്‍ പരിശോധിക്കണമെന്നും പോലീസുകാര്‍ പറഞ്ഞു. ഇതിനായി വാറന്റ് നോട്ടീസ് ആവശ്യപ്പെട്ടപ്പോള്‍ ഞങ്ങളെ സ്റ്റേഷനിലേക്കു കൊണ്ടുപോകാന്‍ പൊലീസുകാര്‍ ബലം പ്രയോഗിച്ചു,” അന്‍സലിന്റെ സഹോദരന്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച വീഡിയോ തന്റെ സുഹൃത്തുക്കളാണു ചിത്രീകരിച്ചതെന്നു യുവാവ് പറഞ്ഞു. ഒരു പോലീസുകാരന്‍ ദേഷ്യത്തോടെ വീഡിയോ റെക്കോര്‍ഡിങ് നിര്‍ത്താന്‍ വിദ്യാര്‍ഥിയോട് ആവശ്യപ്പെടുന്നതും ‘ഇതു പൊതുസ്ഥലമാണു സര്‍, എനിക്കു റെക്കോര്‍ഡ് ചെയ്യാനാകും’ എന്നു വീഡിയോയിലെ വ്യക്തി ആവര്‍ത്തിച്ച് പറയുന്നതും ഫൂട്ടേജില്‍നിന്നു വ്യക്തമാണ്.

‘ബംഗളൂരുവില്‍ പോലീസ് ക്രൂരത, വിദ്യാര്‍ഥികളെ പാകിസ്ഥാനികളെന്നു വിളിച്ച് ലോക്കപ്പില്‍ ക്രൂരമായി മര്‍ദിച്ചു’വെന്ന കുറിപ്പോടു കൂടിയാണുu വീഡിയോ ട്വിറ്ററില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.

പുലര്‍ച്ചെ ഒന്നരയോടെ തങ്ങളെ സ്റ്റേഷനിലേക്കു കൊണ്ടുപോയി പൊലീസ് ലാത്തി ഉപയോഗിച്ച് മര്‍ദിച്ചുവെന്നാണു വിദ്യാര്‍ഥികള്‍ പറയുന്നത്. ”സ്റ്റേഷനില്‍ എത്തിയശേഷം പോലീസുകാര്‍ ഞങ്ങളോട് നന്നായി പെരുമാറി. എന്നാല്‍ ഒരു പോലീസുകാരന്‍ ലാത്തിയുമായി മുറിയില്‍ പ്രവേശിച്ച് പൊടുന്നനെ ഞങ്ങളെ മര്‍ദിക്കുകയായിരുന്നു. പുലര്‍ച്ചെ 3.30ന് എന്റെ പ്രാദേശിക രക്ഷിതാവ് എത്തുന്നതുവരെ മര്‍ദനം തുടര്‍ന്നു,” അന്‍സല്‍ പറഞ്ഞു.

‘തല, ഇടുപ്പ്, പുറം, സ്വകാര്യ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ലാത്തി ഉപയോഗിച്ച് കൂരമായി മര്‍ദിച്ചു. ഞങ്ങള്‍ക്കാര്‍ക്കും രക്തസ്രാവമുണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ടായിരുന്നു മര്‍ദനം. ഇനി മുതല്‍ രാത്രി വൈകി ഞങ്ങള്‍ പുറത്തുകടക്കില്ലെന്നും പോലീസുകാര്‍ കണ്ടെത്തിയാല്‍ നടപടിയെടുക്കാമെന്നും എഴുതി ഒപ്പിട്ടുനല്‍കാന്‍ പിന്നീട് ഞങ്ങളോട് ആവശ്യപ്പെട്ടു,”അന്‍സലിന്റെ സുഹൃത്തായ മറ്റൊരു കൗമാരക്കാരന്‍ പറഞ്ഞു. നഗരത്തിലെ മറ്റൊരു സ്വകാര്യ കോളേജില്‍ പഠിക്കുകയാണ് ഇയാള്‍.

”പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയെന്ന് ആരോപിച്ച് തങ്ങള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 500 രൂപ വീതം പിഴ അടയ്ക്കണം. ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിച്ചതിനു പിടിക്കപ്പെട്ടവര്‍ ഒപ്പിട്ടുവെന്ന പോലീസ് പറഞ്ഞ കന്നടയിലുള്ള രേഖയില്‍ ഒപ്പിടാനും ആവശ്യപ്പെട്ടു. ഈ പ്രവര്‍ത്തനങ്ങളെല്ലാം തികച്ചും വിചിത്രവും അസ്വീകാര്യവുമാണ്, ”യുവാവ് പറഞ്ഞു.

സംഭവം സോഷ്യല്‍ മീഡിയയില്‍ പരന്നതോടെ ഡിസിപി (വൈറ്റ് ഫീല്‍ഡ്) എംഎന്‍ അനുചെത് അന്വേഷണത്തിനു ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് സംഭവത്തെക്കുറിച്ച് എസിപി (മൈക്കോ ലേ ഔട്ട്)യില്‍നിന്ന് റിപ്പോര്‍ട്ട് തേടിയതായി അദ്ദേഹം പറഞ്ഞു.

അതേസമയം, വിദ്യാര്‍ഥികളെ മര്‍ദിക്കുകയോ പാകിസ്താനികള്‍ എന്ന് വിളിക്കുകയോ ചെയ്തിട്ടില്ലെന്ന് എസ്ജി പാളയ പൊലീസ് സ്‌റ്റേഷന്‍ അധികൃതര്‍ പറഞ്ഞു.
”ഐഡി കാണിക്കാന്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിട്ടും അവര്‍ അതിനു തയാറായില്ല. അതിനാലാണ് അവരെ കസ്റ്റഡിയിലെടുത്തത്. അല്ലാതെ അവരെ വാക്കാലോ ശാരീരികമോ അധിക്ഷേപിച്ചിട്ടില്ല,” ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Bengaluru 3 kerala students thrashed by cops during midnight stroll allegedly asked if theyre from pak

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express