/indian-express-malayalam/media/media_files/uploads/2017/04/shunyota-759.jpg)
നോട്ടുനിരോധനം സാധാരണക്കാരനെ എങ്ങനെ ബാധിച്ചു എന്നത് ആസ്പദമാക്കി നിര്‍മിച്ച ബംഗാളി സിനിമ സെന്‍സര്‍ ബോർഡ് അകാരണമായി തടഞ്ഞുവെച്ചിരിക്കുകയാണ്.മാര്‍ച്ച് 31 നു റിലീസ് ചെയ്യാനിരുന്ന ചിത്രം ഇപ്പോഴും സെന്‍സര്‍ ബോര്‍ഡ് അദ്ധ്യക്ഷന്‍ പഹലാജ് നിഹാനിയുടെ കനിവും കാത്ത് പെട്ടിയിലാണ്.
സുവേന്ദു ഘോഷ് സംവിധാനം ചെയ്ത 'ശൂന്യോത' എന്ന ചിത്രം മാര്‍ച്ച് പത്തൊമ്പതിനാണ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കുന്നത്. ചിത്രത്തിന്‍റെ അവലോകനം മാര്‍ച്ച് ഇരുപത്തേഴിനാണ് നടക്കേണ്ടിയിരുന്നത്. എന്നാല്‍, തൊട്ടടുത്ത ദിവസം തന്നെ- "സാക്ഷ്യപത്രം നല്‍കേണ്ടതായ കമ്മിറ്റിയിലെ അംഗങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിലവിലുള്ള ചട്ടപ്രകാരം കമ്മറ്റി സിനിമയെ അധ്യക്ഷന്‍റെ തീരുമാനത്തിനായി വിടുന്നു " എന്ന് അറിയിച്ചുകൊണ്ടുള്ള ഒരു കത്താണ് സുവേന്ദുവിനു ലഭിച്ചത്.
സെന്‍സര്‍ ബോർഡിന്റെ തീരുമാനങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തുന്നു എന്നു സുവേന്ദു ഘോഷ് പറയുന്നു. "ശൂന്യോതോ എന്ന ഫീച്ചര്‍ ഫിലിം മൂന്നു ഷോര്‍ട്ട് ഫിലിമുകളുടെ കൂട്ടിച്ചേര്‍ക്കലാണ്. അതില്‍ രണ്ടെണ്ണം കഴിഞ്ഞ അഞ്ചു മാസത്തിനിടയിലായാണ് നിര്‍മിച്ചത്. ഈ രണ്ടു ഷോർട് ഫിലിമിനും 'U', 'U/A' വിഭാഗത്തിലായി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചതുമാണ്. മൂന്നാമത്തെ പടം മാത്രമാണ് സെന്‍സര്‍ബോർഡ് കാണാത്തതായി ഉള്ളത്. ഈ മൂന്നു സിനിമകളും ചേര്‍ത്തുവെച്ചുകൊണ്ട് സിനിമയെ ഫീച്ചര്‍ ഫിലിം ആയി റിലീസ് ചെയ്യുക എന്നതായിരുന്നു തീരുമാനം. നോട്ടുനിരോധനം തന്നെ വിഷയമാക്കി നിര്‍മിച്ച രണ്ടു ഷോർട് ഫിലിമുകളെ ഒരു പ്രശ്നവും കൂടാതെ സാക്ഷ്യപ്പെടുത്താന്‍ സെന്‍സര്‍ ബോര്‍ഡിനു പറ്റുമെങ്കില്‍, അതൊരു ഫീച്ചര്‍ ഫിലിം വരുമ്പോള്‍ എന്താണ് അവരുടെ പ്രശ്നം ? " സുവേന്ദു ഘോഷ് ചോദിക്കുന്നു.
തന്‍റെ സിനിമ സംസാരിക്കുന്ന വിഷയം തന്നെയാണ് സെന്‍സര്‍ ബോർഡിന്റെ ഈ സമീപനത്തിനു കാരണം എന്നു സുവേന്ദുഘോഷ് വിശ്വസിക്കുന്നു. ശുന്യാതോ, നോട്ടു നിരോധനത്തെ എതിര്‍ത്തുകൊണ്ടോ അംഗീകരിച്ചുകൊണ്ടോ സംസാരിക്കുന്നില്ല. നോട്ടു നിരോധനം സാധാരണക്കാരില്‍ ഏല്‍പ്പിച്ച പ്രത്യാഘാതങ്ങളെ വിഷയമാക്കുന്നു എന്നു മാത്രമേ ഉള്ളൂ.
"അവര്‍ രണ്ടു ഷോർട് ഫിലിമിനേയും ഒരു ആശങ്കയായി കാണുന്നേയില്ല. എന്നാല്‍ ഇതേ വിഷയത്തില്‍ ഒരു ഫീച്ചര്‍ ഫിലിം തിയേറ്ററുകളില്‍ ഇറങ്ങുന്നു എന്നതില്‍ അവര്‍ വ്യത്യാസം കണ്ടെത്തുന്നു.." പഹലാജ് നിഹാനി തന്‍റെ സിനിമ റിലീസ് ചെയ്യുന്നതിനുള്ള തടസം ഉടനെ തന്നെ നീക്കും എന്ന പ്രതീക്ഷയോടെ തന്നെ ഘോഷ് പറയുന്നു..
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us