/indian-express-malayalam/media/media_files/uploads/2021/05/Trinamool.jpg)
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിനുശേഷമുള്ള അക്രമങ്ങളെച്ചൊല്ലി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം ആരോപണം ഉന്നയിക്കുന്നതിനിടെ ഇടപെടലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗവര്‍ണര്‍ ജഗദീപ് ധന്റിനെ ഫോണില്‍ വിളിച്ച പ്രധാനമന്ത്രി
സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ച് കടുത്ത ദുഖവും ഉത്കണ്ഠയും പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി വിളിക്കുകയും സംസ്ഥാനത്തെ ഭയപ്പെടുത്തുന്ന ക്രമസമാധാനനിലയെക്കുറിച്ച് കടുത്ത ദുഖവും ഉത്കണ്ഠയും പ്രകടിപ്പിച്ചക്കുകയും ചെയ്തതായി ധന്‍കര്‍ ട്വിറ്ററില്‍ കുറിച്ചു. ''നശീകരണ പ്രവര്‍ത്തനം, തീവയ്പ്, കൊള്ള, കൊലപാതകം എന്നിവയെല്ലാം തടസമില്ലാതെ തുടരുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുന്നു,'' മുഖ്യമന്ത്രി മമത ബാനര്‍ജിയെ ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍ ഗവര്‍ണര്‍ കുറിച്ചു.
PM called and expressed his serious anguish and concern at alarmingly worrisome law & order situation @MamataOfficial
— Governor West Bengal Jagdeep Dhankhar (@jdhankhar1) May 4, 2021
I share grave concerns @PMOIndia given that violence vandalism, arson. loot and killings continue unabated.
Concerned must act in overdrive to restore order.
അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ മമത ബാനർജി സംസ്ഥാനത്തെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി ഗവർണറെ വിളിച്ചതിന് പിറകെയായിരുന്നു കൂടിക്കാഴ്ച. ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായ, ആഭ്യന്തര സെക്രട്ടറി എച്ച്കെ ദ്വിവേദി, ഡിജിപി നിരജ്ഞയൻ കൊൽക്കത്ത പൊലീസ് കമ്മിഷനർ സൗമൻ മിത്ര തുടങ്ങിയവർ യോഗത്തിൽ സന്നിഹിതരായി.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ ബംഗാളിലുടനീളമുണ്ടായ അക്രമസംഭവങ്ങളില്‍ കുറഞ്ഞത് എട്ടു പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരില്‍ ആറുപേര്‍ തങ്ങളുടെ പ്രവര്‍ത്തകരാണെന്നാണ് ബി.ജെ.പി പറയുന്നത്. നന്ദിഗ്രാമില്‍ ഒന്ന് ഉള്‍പ്പെടെ പലയിടത്തും തങ്ങളുടെ ഓഫീസുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആക്രമിച്ച് നശിപ്പിച്ചതായി ബിജെപി ആരോപിക്കുന്നു. നന്ദിഗ്രാമില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ തോല്‍പ്പിച്ച തങ്ങളുടെ നേതാവ് സുവേന്ദു അധികാരിയുടെ കാര്‍ ആക്രമിച്ചതായും ബിജെപി ആരോപിച്ചു.
അതിനിടെ, നോര്‍ത്ത് 24 പര്‍ഗാനയില്‍ തങ്ങളുടെ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതായി പുതുതായി രൂപീകരിച്ച ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട് (ഐ.എസ്.എഫ്) ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-സിപിഎം സഖ്യവുമായി ചേര്‍ന്നാണ് ഐ.എസ്.എഫ്. തൃണമൂല്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും നേരിട്ടത്. ആരോപണം നിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ്, ബര്‍ദ്വാനില്‍ തങ്ങളുടെ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി പറഞ്ഞു.
ബംഗാളില്‍ പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ അക്രമങ്ങളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരില്‍നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അതേസമയം, തൃണമൂല്‍ ആക്രമണത്തിനെതിരേ ബിജെപി നാളെ രാജ്യവ്യാപകമായി ധര്‍ണ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയായി മമത ബാനര്‍ജി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ദിവസം തന്നെയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വോട്ടെടുപ്പിനു ശേഷമുള്ള അക്രമങ്ങളെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി വക്താവും മുതിര്‍ന്ന അഭിഭാഷകനുമായ ഗൗരവ് ഭാട്ടിയ സുപ്രീം കോടതിയില്‍ ഹരജി നല്‍കി. അതേസമയം, ദേശീയ പ്രസിഡന്റ് ജെപി ഇന്ന് കൊല്‍ക്കത്തയിലെത്തി. അക്രമത്തിനിരയായ പാര്‍ട്ടി പ്രവര്‍ത്തകരെ അദ്ദേഹം സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്.
''പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ് ഫലത്തിനുശേഷമുണ്ടായ സംഭവങ്ങള്‍ ഞെട്ടിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്നു. ഇന്ത്യാ വിഭജനകാലത്ത് ഇത്തരം സംഭവങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയില്‍ ഒരു വോട്ടെടുപ്പ് ഫലത്തിനു ശേഷം അത്തരം അസഹിഷ്ണുത ഞങ്ങള്‍ കണ്ടിട്ടില്ല,'' നദ്ദ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎഐ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ട സൗത്ത് 24 പര്‍ഗാനകളിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കുമെന്നും നദ്ദ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.