കൊൽക്കത്ത: പശ്ചിമ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായിയായ അർപിത മുഖർജിയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു അപ്പാർട്ട്‌മെന്റിൽ നിന്ന് ഇഡി ബുധനാഴ്ച 28 കോടി രൂപയും അറ് കിലൊ സ്വർണക്കട്ടികളും കണ്ടെത്തി.
ബംഗാൾ സ്കൂൾ തൊഴിൽ തട്ടിപ്പുമായി ( എസ് എസ് സി തട്ടിപ്പ്) ബന്ധപ്പെട്ട് ദക്ഷിണ കൊൽക്കത്തയിലെ അർപിത മുഖർജിയുടെ ഫ്ലാറ്റിൽ നിന്ന് 21 കോടിയിലധികം രൂപയുടെ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയിരുന്നു. തുടർന്ന് ഈ മാസം 23 ന് പാർത്ഥ ചാറ്റർജിയെയും അർപ്പിത മുഖർജിയേയും കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്തിരുന്നു
ബെൽഗാഡിയയിലെ ക്ലബ് ടൗൺ ഹൈറ്റ്‌സ് അപ്പാർട്ട്‌മെന്റിൽ നിന്ന് കണ്ടെടുത്ത പണത്തിലെ തുക ഇനിയും കൂടിയേക്കാമെന്നാണ് എൻഫോഴ്സമെന്റ് ഡയറ്കട്റേറ്റുമായി (ഇഡി) ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. , കാരണം യഥാർത്ഥ തുക കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് രാത്രി മുഴുവൻ നോട്ടുകൾ എണ്ണേണ്ടി വന്നേക്കാം. താക്കോൽ കണ്ടെത്താനാകാത്തതിനാൽ ഇഡി ഉദ്യോഗസ്ഥർക്ക് അപ്പാർട്ട്‌മെന്റിന്റെ വാതിൽ തകർത്ത് അകത്ത് കടക്കേണ്ടി വന്നു.
“ഹൗസിങ് കോംപ്ലക്സിലെ ഫ്ലാറ്റിൽ നിന്ന് ഞങ്ങൾ വലിയൊരു തുക കണ്ടെടുത്തു. കൃത്യമായ തുക അറിയാൻ മൂന്ന് നോട്ട് എണ്ണൽ യന്ത്രങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. പണത്തിന് പുറമെ സ്വർണക്കട്ടികളും ആഭരണങ്ങളും മറ്റ് രേഖകളും കണ്ടെടുത്തിട്ടുണ്ട്, ” ഇഡി ഉദ്യോഗസ്ഥൻ പറഞ്ഞു.
കൊൽക്കത്തയിലും പരിസരത്തുമുള്ള തന്റെ സ്വത്തുക്കളെ കുറിച്ച് മുഖർജി നടത്തിയ വെളിപ്പെടുത്തിലിനെ തുടർന്നാണ് ബുധനാഴ്ച പുലർച്ചെ മുതൽ റെയ്ഡ് ആരംഭിച്ചത്.