ന്യൂഡല്‍ഹി: പശ്ചിമബംഗാളിൽ മെയ് 2 ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷമുണ്ടായ അക്രമസംഭവങ്ങൾ കേന്ദ്രമന്ത്രിമാർ പ്രേരണ നൽകിയതിനെത്തുടർന്നുണ്ടായവയെന്ന് മമത ബാനർജി. പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ നഷ്ടം അംഗീകരിക്കാൻ കേന്ദ്രത്തിലെ എൻഡിഎ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും മമത പറഞ്ഞു.
അതേസമയം സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങൾകാരണം പ്രശ്നം നേരിട്ടവർക്ക് മമത നഷ്ടപരിഹാരം പഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനാണ് തീരുമാനം. കൂച്ബിഹാർ ജില്ലയിൽ നടന്ന സിഎപിഎഫ് വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളിലെ ഓരോ അംഗങ്ങൾക്ക് ഹോം ഗാർഡായി ജോലി നൽകുമെന്നും മമത അറിയിച്ചു. വെടിവയ്പുമായി ബന്ധിപ്പെട്ട് സിഐഡി അന്വേഷണം നടത്തുമെന്നും അവർ പറഞ്ഞു.
Read More: ബംഗാളിൽ വി.മുരളീധരന്റെ വാഹനത്തിനുനേരെ ആൾക്കൂട്ട ആക്രമണം
അതേസമയം പശ്ചിമ മിഡ്‌നാപൂരിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ സംഘം ആക്രമണം നടത്തിയതിനെത്തുടർന്ന് സംസ്ഥാനത്തെ ബിജെപി പ്രവർത്തകരെ ടിഎംസി ലക്ഷ്യമിടുകയാണെന്ന് ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ ആരോപിച്ചു. “ടിഎംസി ഗുണ്ടകളാണ്” ആക്രമണം നടത്തിയതെന്ന് മുരളീധരൻ അവകാശപ്പെട്ടിരുന്നു.
അന്വേഷണത്തിന് കേന്ദ്രം നാലംഗ സംഘത്തെ നിയോഗിച്ചു
നിയമസഭാ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് പശ്ചിമബംഗാളിലുണ്ടായ അക്രമങ്ങളുടെ വസ്തുതകൾ കണ്ടെത്താന്‍ നാലംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തിനു രൂപം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാനത്തെ യഥാര്‍ഥ സ്ഥിതി സംഘം വിലയിരുത്തും.
ആഭ്യന്തര മന്ത്രാലയ അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘം ബംഗാളിലേക്കു പുറപ്പെട്ടു. ഇന്നു രാവിലെ കൊൽക്കത്തയിലേക്കു പോയ സംഘത്തോട് 48 മണിക്കൂറിനുള്ളിൽ തിരിച്ചെത്തി റിപ്പോർട്ട് സമർപ്പിക്കാനാണു നിർദേശിച്ചിരിക്കുന്നത്.
ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ബംഗാളിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. പൊലീസ് ഉദ്യോഗസ്ഥരെയും സംഘം കാണും. അക്രമങ്ങൾ നടന്ന ചില പ്രദേശങ്ങൾ സന്ദർശിക്കുന്ന സംഘം ഇരയായവരുടെ ബന്ധുക്കളിൽനിന്നു വിവരങ്ങൾ തേടുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
വോട്ടെടുപ്പിനെത്തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ ഏറ്റവും കുറഞ്ഞ് 14 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരില്‍നിന്നു വിശദമായ റിപ്പോര്‍ട്ട് തേടിയ ആഭ്യന്തര മന്ത്രാലയം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര നടപടിയെടുക്കാനും ആവശ്യപ്പെട്ടിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്റിനെ ഫോണില്‍ വിളിച്ച് കമസമാധാനനിലയെക്കുറിച്ച് കടുത്ത ദുഖവും ഉത്കണ്ഠയും പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് അക്രമം തടയാന്‍ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശിച്ചു.
ഇന്നലെ, മുന്നാംവട്ടം മുഖ്യമന്ത്രി പദമേറിയ മമത സത്യപ്രതിജ്ഞയ്ക്കുപിന്നാലെ സമാധാനത്തിന് ആഹ്വാനം ചെയ്തിരുന്നു. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ, മമത സത്യപ്രതിജ്ഞ ചെയ്യുന്ന ഇന്നലെ രാജ്യവ്യാപക പ്രതിഷേധത്തിനു ബിജെപി ആഹ്വാനം ചെയ്തിരുന്നു. ചൊവ്വാഴ്ച കൊല്‍ക്കത്തയിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ അക്രമത്തിനിരയായവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചു.
വോട്ടെടുപ്പിനു ശേഷമുള്ള അക്രമങ്ങളെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സുപ്രീം കോടതിയെ സമീപിച്ചിട്ടുമുണ്ട്. പാര്‍ട്ടി വക്താവും മുതിര്‍ന്ന അഭിഭാഷകനുമായ ഗൗരവ് ഭാട്ടിയയാണ് ഹരജി നല്‍കിയത്.