/indian-express-malayalam/media/media_files/uploads/2023/07/TMC.jpg)
Express Photo: Shashi Ghosh
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റം. ഡാര്‍ജിലിങ്ങും കലിംപോങ്ങും ഒഴികെ മറ്റ് എല്ലാ ജില്ലകളിലും വ്യക്തമായ ആധിപത്യത്തോടെയാണ് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി ജയത്തിലേക്ക് നീങ്ങുന്നത്.
സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായി മാറിയ ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. എല്‍ഡിഎഫ്-കോണ്‍ഗ്രസ് സഖ്യം മൂന്നാമതാണ്.
കോണ്‍ഗ്രസ് - സിപിഎം സഖ്യം മുര്‍ഷിദാബാദ്, മാല്‍ഡ ജില്ലകളിലില്‍ മുന്നേറ്റം കാഴ്ചവയ്ക്കുമെന്ന് ആദ്യ ഘട്ടത്തില്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ രണ്ട് ജില്ലകളിലും ത്രിണമൂല്‍ കോണ്‍ഗ്രസ് തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തുകയായിരുന്നു.
ബാലറ്റ് പേപ്പര്‍ തിരഞ്ഞെടുപ്പായതുകൊണ്ട് തന്നെ ഫലം വരാന്‍ വൈകുമെന്നാണ് ലഭിക്കുന്ന വിവരം. വൈകുന്നേരം മൂന്ന് മണിവരെയുള്ള കണക്കുകള്‍ പ്രകാര്യം ത്രിണമൂല്‍ കോണ്‍ഗ്രസ് 14,972 ഗ്രാമപഞ്ചായത്ത് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി 3,421 സീറ്റുകളിലും സിപിഎം-കോണ്‍ഗ്രസ് സഖ്യം 1,488 സീറ്റുകളിലും ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് മാത്രം മത്സരിക്കുന്ന മണ്ഡലങ്ങളില്‍ 824 ഇടത്താണ് ലീഡുള്ളത്.
പ്രതിപക്ഷത്തിന്റെ ആക്രമണങ്ങള്‍ തള്ളി പാര്‍ട്ടിയെ പിന്തുണച്ചതിന് ത്രിണമൂല്‍ കോണ്‍ഗ്രസ് വോട്ടര്‍മാരോട് നന്ദി പറഞ്ഞു.
"നിലയുറപ്പിക്കാന്‍ പോലും ബിജെപിക്ക് സാധിച്ചില്ല. തെളിവുകളില്ലാതെയുള്ള ബിജെപിയുടെ ആരോപണങ്ങള്‍ വെറുതെയായി. ഇത് അപ്രതീക്ഷിതമല്ല. ബംഗാളിലെ ജനങ്ങള്‍ അവരുടെ നിലപാട് ഉറക്കെ പ്രഖ്യാപിച്ചിരിക്കുന്നു. ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിന് മുന്നില്‍ അവര്‍ വാതിലുകള്‍ കൊട്ടിയടച്ചു," ത്രിണമൂല്‍ കോണ്‍ഗ്രസ് മന്ത്രിയായ ബാബുല്‍ സുപ്രിയൊ വ്യക്തമാക്കി.
എന്നാല്‍ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ സര്‍മയുടെ ട്വീറ്റ് കടമെടുത്തായിരുന്നു ബിജെപി തിരിച്ചടിച്ചത്. ഇന്നലെ പശ്ചിമ ബംഗാളില്‍ നടന്ന ആക്രമണങ്ങളില്‍ ജീവനില്‍ ഭയന്ന് 133 പേരാണ് അസമിലെ ധുബ്രി ജില്ലയില്‍ അഭയം തേടിയതെന്നായിരുന്നു ഹിമന്ദയുടെ ട്വീറ്റ്.
ബിജെപിയുടെ അവകാശവാദങ്ങളെ ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഖോഷ് തള്ളി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ആക്രമണങ്ങളില്‍ മരണപ്പെട്ടവരില്‍ 70 ശതമാനം പേരും ത്രിണമൂലിന്റെ പ്രവര്‍ത്തകരാണെന്ന് അദ്ദേഹം പറഞ്ഞു. ആസൂത്രിതമായ ആക്രമണമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.