കൊൽക്കത്ത: ഷഹീദ് മിനാർ മൈതാനത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ റാലിയിൽ പങ്കെടുത്ത ബിജെപി പ്രവർത്തകർ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തെ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി ശക്തമായി അപലപിച്ചു. കൊൽക്കത്ത തെരുവുകളിൽ ‘ഗോലി മാരോ’ (ദേശദ്രോഹികളെ വെടിവച്ചു കൊല്ലുക) മുദ്രാവാക്യം വിളിച്ചവരെ ഞാൻ അപലപിക്കുന്നു. ഇത് ഡൽഹി അല്ല, ഞങ്ങൾ ഇത് സഹിക്കില്ല. നിയമം അതിന്റേതായ വഴി സ്വീകരിക്കും,” മമത ബാനർജി പറഞ്ഞു.

കഴിഞ്ഞ ആഴ്ച വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന അക്രമത്തെ “വംശഹത്യ” എന്ന് വിശേഷിപ്പിച്ച മമത ബാനർജി നിരവധി ആളുകളുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ തനിക്ക് വല്ലാത്ത വേദനയുണ്ടെന്നും പറഞ്ഞു. രാജ്യത്തുടനീളം ‘ഗുജറാത്ത് കലാപ മാതൃക’ നടപ്പാക്കാൻ ബിജെപി ശ്രമിക്കുന്നതായും മമത ബാനർജി ആരോപിച്ചു. വടക്കുകിഴക്കൻ ഡൽഹി പ്രദേശങ്ങളായ ജാഫ്രാബാദ്, ശിവ വിഹാർ, മുസ്തഫാബാദ്, സീലാംപൂർ എന്നിവിടങ്ങളിലുണ്ടായ അക്രമത്തിൽ ഇതുവരെ 46 പേർ മരിച്ചു.

Read More: മമത ബാനർജി ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നു, പക്ഷെ ഞങ്ങളെ തടയാനാകില്ല: അമിത് ഷാ

സിപിഎം നേതാവ് മുഹമ്മദ് സലിം ആണ് ബിജെപി പ്രവര്‍ത്തകര്‍ ഗോലി മാരോ മുദ്രാവാക്യം മുഴക്കുന്നതിന്റെ വീഡിയോ പുറത്ത് വിട്ടത്. ഒരൊറ്റ സന്ദര്‍ശനം കൊണ്ട് അമിത് ഷാ ‘ഗോലി മാരോ സാലോം കോ’ എന്ന മുദ്രാവാക്യം കൊല്‍ക്കത്തയില്‍ പ്രചരിപ്പിച്ചുവെന്ന് മുഹമ്മദ് സലിം പറഞ്ഞു.

“കൊൽക്കത്തയിൽ “ഗോലി മരോ സാലോം കോ” മുദ്രാവാക്യം പ്രചരിപ്പിക്കാൻ അമിത് ഷായുടെ ഒറ്റ സന്ദർശനം മാത്രമേ വേണ്ടിവന്നുള്ളൂ. ഗോഡ്‌സെയുടെ അനുയായികൾക്ക് “ഗോലി” മതിപ്പുണ്ടാക്കുമെങ്കിലും വിവേകാനന്ദൻ, കാസി നസ്രുൽ ഇസ്‌ലാം, ടാഗോർ എന്നിവരുടെ നാടാണ് ബംഗാൾ. #GoBackAmitShah,” സലിം ട്വിറ്ററിൽ കുറിച്ചു.

ഡൽഹിയിലേതിന് സമാനമായി കൊൽക്കത്തയിൽ അക്രമങ്ങൾ വ്യാപിപ്പിക്കാൻ ബിജെപി ശ്രമിക്കുന്നതായി കോൺഗ്രസ് നേതാവ് ആദിർ ചൗധരി ആരോപിച്ചു. “ഡൽഹിയിൽ അക്രമം വ്യാപിപ്പിച്ച ശേഷം ഇപ്പോൾ ബംഗാളിലും ഇതേ സാഹചര്യം സൃഷ്ടിക്കാൻ ബിജെപി ശ്രമിക്കുന്നു. ഇത്തരം മുദ്രാവാക്യങ്ങൾ അത് പ്രതിഫലിപ്പിക്കുന്നു. അവയെ ചെറുക്കാൻ നാമെല്ലാം ഒന്നിച്ച് നിൽക്കണം,” അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ കോൺഗ്രസ് എം‌എൽ‌എ മനോജ് ചക്രവർത്തി കൊൽക്കത്ത പൊലീസിന്റെ നിഷ്‌ക്രിത്വത്തെ കുറ്റപ്പെടുത്തി. “തൃണമൂൽ കോൺഗ്രസിന്റെ പൊലീസ് എന്താണ് ചെയ്യുന്നത്? എന്തുകൊണ്ടാണ് ഇത്തരം ബിജെപി അനുയായികളെ അറസ്റ്റ് ചെയ്യാത്തത്?” അദ്ദേഹം ചോദിച്ചു.

വാർത്താ ഏജൻസിയായ പിടിഐ മുതിർന്ന കൊൽക്കത്ത പൊലീസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടപ്പോൾ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. എന്നാൽ, നഗരത്തിലെ ക്രമസമാധാനനില തകർക്കാൻ ശ്രമിക്കുന്ന ആർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തിനിടയിലാണ് ഞായറാഴ്ച രാവിലെ പൗരത്വ ഭേദഗതി നിയമ അനുകൂല റാലിയെ അഭിസംബോധന ചെയ്യാൻ ഷാ കൊൽക്കത്തയിലെത്തിയത്. റാലിയുടെ വേദിയിലെത്തുന്നതിനുമുമ്പ് അമിത് ഷാ രാജർഹട്ടിൽ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കോർപ്പറേഷൻ ആസ്ഥാനത്തിന് സമീപം പ്രതിഷേധക്കാർ പ്രകടനങ്ങൾ നടത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook