കൊൽക്കത്ത: വോട്ടർ ഐഡി കാർഡൊന്ന് തിരുത്തലിനായി കൊടുത്തതാണ്. തിരുത്തലൊക്കെ കഴിഞ്ഞ് കാർഡ് തിരിച്ചുകിട്ടിയപ്പോൾ സുനിൽ കർമാകർ എന്ന മധ്യവയസ്കൻ ഞെട്ടിപ്പോയി. ഐഡി കാർഡിൽ തന്റെ ചിത്രമില്ല, പകരം നൽകിയിരിക്കുന്നത് ഒരു നായയുടെ ചിത്രം! വല്ലാത്തൊരു തിരുത്തലായി പോയല്ലോ എന്നായി സുനിൽ.
പശ്ചിമ ബംഗാളിലെ മുർഷിദാബാദിലാണ് ഇങ്ങനെയൊരു സംഭവം അരങ്ങേറിയത്. രാംനഗർ ഗ്രാമവാസിയായ സുനിൽ ചില തിരുത്തലുകൾക്കുവേണ്ടിയാണ് വോട്ടർ ഐഡി കാർഡ് നൽകിയത്. എന്നാൽ, തിരിച്ചുകിട്ടയപ്പോൾ തന്റെ ഫൊട്ടോ വേണ്ടിടത്ത് ഒരു നായയുടെ ചിത്രം കണ്ട് സുനിൽ ഞെട്ടി.
Read Also: ആഴ്ചകളായി ഞാനെന്റെ മുഖത്ത് പോലും തൊട്ടിട്ടില്ല; കൊറോണയെ പേടിച്ച് ട്രംപ്
സംഭവത്തെ കുറിച്ച് സുനിൽ പറയുന്നത് ഇങ്ങനെ: ” ഇന്നലെ എന്നെ ദുലാൽ സ്മൃതി സ്കൂളിലേക്ക് വിളിപ്പിച്ചു. തിരുത്താൻ നൽകിയ ഐഡി കാർഡ് അധികൃതർ തിരിച്ചുനൽകി. അപ്പോഴാണ് എന്റെ ഫൊട്ടോ വേണ്ടിടത്ത് ഒരു നായയുടെ ചിത്രം കണ്ടത്. കാർഡിൽ ഒപ്പിട്ടാണ് ഉദ്യോഗസ്ഥൻ എനിക്കു നൽകിയത്. അദ്ദേഹം ആ നായയുടെ ചിത്രം കണ്ടില്ലെന്ന് തോന്നുന്നു. എന്റെ ആത്മാഭിമാനത്തെ ബാധിക്കുന്ന വിഷമാണിത്.”
WB: Sunil Karmakar, a resident of Ramnagar village in Murshidabad,says he had applied for a correction in his voter ID&when he received a revised ID,it had a dog’s photo instead of his own. BDO says “Photo has already been corrected. He’ll get final ID with correct photo.”(04.03) pic.twitter.com/c9Ba9uybOP
— ANI (@ANI) March 4, 2020
സുനിലിന്റെ ഐഡി കാർഡിലെ തെറ്റ് തിരുത്തിയതായി ബ്ലോക് ഡെവലപ്മെന്റ് ഓഫീസർ അറിയിച്ചു. ഓൺലെെൻ അപ്ലിക്കേഷൻ പൂരിപ്പിക്കുന്നതിനിടയിൽ ആർക്കെങ്കിലും സംഭവിച്ച കയ്യബദ്ധമായിരിക്കാം ഇത്. ഫൊട്ടോ തിരുത്തിയ ശേഷം സുനിലിനു വോട്ടർ ഐഡി കാർഡ് തിരിച്ചുനൽകുമെന്നും അദ്ദേഹം പറഞ്ഞു.