കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മുസ്‍ലിം യുവാവിനോട് ജയ് ശ്രീറാം മുഴക്കാനാവശ്യപ്പെട്ട് ട്രെയിനില്‍ നിന്ന് തളളിയിട്ടതായി പരാതി. മുഹമ്മദ് ഷാറൂഖ് ഹൈദര്‍ എന്ന 23 കാരനാണ് ക്രൂര മർദനത്തിനിരയാകേണ്ടി വന്നത്. സൗത്ത് 24 പര്‍ഗാനയില്‍ നിന്നും ഹൂഗ്ലിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഷാറൂഖിന്റെ താടിയും തൊപ്പിയും കണ്ട തീവ്ര ഹിന്ദുത്വവാദികള്‍ ജയ് ശ്രീറാം മുഴക്കാന്‍ ആഹ്വാനം ചെയ്യുകയും വിസമ്മതിച്ചപ്പോള്‍ ആക്രമിക്കുകയും ചെയ്യുകയായിരുന്നു.
എന്നാല്‍ ട്രെയിനില്‍ കയറുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത് എന്നാണ് റെയില്‍വേ പൊലീസിന്റെ വാദം. കൊല്‍ക്കത്തയിലെ സീല്‍ദാഹ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ കംപാര്‍ട്‌മെന്റില്‍ നിന്നും ഒരു കൂട്ടം ആളുകള്‍ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചുതുടങ്ങി.
കുറച്ച് കഴിഞ്ഞ് തങ്ങള്‍ നിന്നിരുന്ന കംപാർട്മെന്റില്‍ ചെറിയ വാക്കു തര്‍ക്കം നടക്കുകയും പിന്നീട് തങ്ങളിലേക്കെത്തുകയുമായിരുന്നുവെന്ന് ഷാറൂഖ് പറയുന്നു. ട്രെയിന്‍ ബല്ലിഗഞ്ച് എത്തിയപ്പോള്‍ ഇതേ സംഘം തൊപ്പിയും താടിയും വച്ചവര്‍ക്ക് നേരെ വരികയും ജയ് ശ്രീറാം വിളിക്കാന്‍ ആഹ്വാനം ചെയ്യുകയുമായിരുന്നു. അവര്‍ ജയ് ശ്രീറാം വിളിക്കാന്‍ പറഞ്ഞപ്പോള്‍ വിസമ്മതിനാൽ സംഘം തന്നെ മർദിച്ചതായി ഷാറൂഖ് പരാതിപ്പെട്ടു. പാര്‍ക് സര്‍ക്കസ് സ്റ്റേഷനില്‍ ട്രെയിനില്‍ നിര്‍ത്താന്‍ ഒരുങ്ങുമ്പോള്‍ അവര്‍ എന്നെ തള്ളി താഴെയിട്ടു. അവിടെയുണ്ടായിരുന്ന ചിലയാളുകളാണ് രക്ഷക്കെത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ തിക്കും തിരക്കും മൂലമാണ് ഷാറൂഖിന് പരുക്ക് സംഭവിച്ചതെന്നാണ് കരുതുന്നതെന്ന് പൊലീസ് പറയുന്നു. രണ്ടോ മൂന്നോ പേർക്കും ഷാറൂഖിന് സംഭവിച്ചതിന് സമാനമായ രീതിയിൽ പരുക്ക് ഉണ്ടായിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഇത്രയും നാളായിട്ടും സംഭവത്തിൽ ഒരാളെ പോലും ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. തങ്ങൾ അന്വേഷണത്തിലാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ മുഹമ്മദ് ഷാറൂഖ് റെയിൽവേ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.