/indian-express-malayalam/media/media_files/uploads/2021/07/Mamata-Pegasus.jpg)
കൊല്‍ക്കത്ത: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സമിതി രൂപീകരിക്കുന്നത് പ്രഖ്യാപിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മൂന്നു ദിവസം നീളുന്ന ഡല്‍ഹി യാത്രയ്ക്കു പുറപ്പെടുന്നതിന് തൊട്ടുമുമ്പാണു പ്രഖ്യാപനം.
വിരമിച്ച ജഡ്ജിമാരായ ജഡ്ജിമാരായ ജസ്റ്റിസ് എം വി ലോകൂര്‍, ജസ്റ്റിസ് ജ്യോതിര്‍മയ് ഭട്ടാചാര്യ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് അന്വേഷണ സമിതി. അന്വേഷണ കമ്മിഷന്‍ രൂപീകരണം ബംഗാള്‍ മന്ത്രിസഭയുടെ ഇന്നു ചേര്‍ന്ന പ്രത്യേക യോഗം അംഗീകരിച്ചു.
''സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് എം വി ലോകൂര്‍, കൊല്‍ക്കത്ത ഹൈക്കോടതിയില്‍നിന്ന് ചീഫ് ജസ്റ്റിസായി വിരമിച്ച ജ്യോതിര്‍മയ് ഭട്ടാചാര്യ എന്നിവരടങ്ങുന്ന അന്വേഷണ കമ്മിഷനെ നിയമിക്കുന്നതിനു മന്ത്രിസഭ അംഗീകാരം നല്‍കി. പശ്ചിമ ബംഗാളിലെ മൊബൈല്‍ ഫോണുകളുടെ നിയമവിരുദ്ധമായ നിരീക്ഷണം, ചോര്‍ത്തല്‍, റെക്കോര്‍ഡിങ് തുടങ്ങിയവ സംബന്ധിച്ചുള്ള അന്വേഷണത്തിന് 1952ലെ കമ്മിഷന്‍ ഓഫ് എന്‍ക്വയറി നിയമത്തിന്റെ മൂന്നാം വകുപ്പ് പ്രകാരമാണു നിയമനം,''മമത ബാനര്‍ജി പറഞ്ഞു.
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കുമെന്നും നിഷ്പക്ഷ അന്വേഷണ സംഘം രൂപീകരിക്കുമെന്നുമായിരുന്നു പ്രതീക്ഷ. അതു സംഭവിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനം സ്വന്തം അന്വേഷണ കമ്മിഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതായി മമത പറഞ്ഞു.
Also Read: രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ
ഇസ്രായേല്‍ നിര്‍മിത ചാര സോഫ്റ്റ്‌വെയറായ പെഗാസസിന്റെ നിരീക്ഷണ ലക്ഷ്യത്തില്‍ മമത ബാനര്‍ജിയും അനന്തരവന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനര്‍ജിയും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
''ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ചും അത് എങ്ങനെ നടക്കുന്നുവെന്നതും സമിതി അന്വേഷിക്കും... ഈ ചെറിയ നടപടി മറ്റുള്ളവരെ ഉണര്‍ത്താനുള്ള ആഹ്വാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. ജസ്റ്റിസുമാര്‍ എത്രയും വേഗം അന്വേഷണം ആരംഭിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ബംഗാളില്‍നിന്നുള്ള നിരവധി ആളുകളെ നിരീക്ഷിച്ചു, '' മമത പറഞ്ഞു.
ചാരപ്രവർത്തനത്തനം തടയാൻ തന്റെ തന്റെ മൊബൈൽ ഫോണിനു പ്ലാസ്റ്ററിട്ടുവെന്ന് മമത ബാനർജി പറഞ്ഞിരുന്നു. ക്യാമറ പ്ലാസ്റ്റർ കൊണ്ട് മറച്ച ഫോൺ രക്തസാക്ഷിദിന പ്രസംഗത്തിനിടെ മമത ഉയർത്തിക്കാണിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.