കൊൽക്കത്ത: ബംഗാൾ സംസ്ഥാനത്ത് നിലനിൽപ്പിനായി പൊരുതുന്ന സിപിഎം ബീഫ് വിവാദത്തിൽ പ്രതികരിക്കാതെ പിന്നോട്ട്. ബിജെപി കശാപ്പ് നിരോധനം വൻതോതിൽ ചർച്ചാ വിഷയമാക്കിയ സാഹചര്യത്തിലാണ് ഇതിനെതിരെ കടുത്ത പ്രതികരണം നടത്തേണ്ടെന്ന തീരുമാനത്തിൽ സിപിഎം സംസ്ഥാന ഘടകം തീരുമാനിച്ചിരിക്കുന്നത്. കേരളത്തിൽ ബീഫ് വിവാദം ബിജെപിക്കെതിരെ പ്രചാരണായുധമാക്കിയ സിപിഎം ബംഗാളിൽ ഈ വിഷയത്തിൽ നേർ വിപരീത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

“കേന്ദ്ര സർക്കാർ ചെയ്യുന്നത് ശരിയല്ല. പക്ഷെ ബീഫ് ഫെസ്റ്റോ, പോർക് ഫെസ്റ്റോ നടത്തി ഇതിനോട് പ്രതികരിക്കുന്നതും ഇഷ്ടമില്ലാത്ത ആഹാരം കഴിക്കാൻ നിർബന്ധിക്കലാണ്. മതേതരത്വ നിലപാടാണെന്ന് തെളിയിക്കാൻ ബീഫ് കഴിക്കണമെന്ന് ഞങ്ങൾ കരുതുന്നില്ല” സംസ്ഥാനത്തെ മുതിർന്ന സിപിഎം നേതാക്കളിലൊരാൾ പിടിഐ യോട് പറഞ്ഞു.

ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത് ഭൂരിപക്ഷ സമുദായ അംഗങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നും അത് ബിജെപിയ്ക്ക് ഗുണകരമായി മാത്രമേ ഭവിക്കൂവെന്നാണ് നേതാവ് പറഞ്ഞത്.

ഇടതുവോട്ടുകൾ വൻതോതിൽ ബിജെപിയിലേക്ക് പോകുന്നുവെന്ന് ഭയം നിലനിൽക്കുമ്പോഴാണ് കൂടുതൽ രൂക്ഷമായ പ്രതിരോധങ്ങളിൽ നിന്ന് സിപിഎം പിന്മാറുന്നത്.

Read More : ഗോവധനിരോധനം; ഭരണഘടനാപരമായ വിപത്ത്

കശാപ്പ് നിരോധന വിഷയത്തിൽ കേരളത്തിൽ സിപിഎം യുവജന വിഭാഗമായ ഡിവൈഎഫ്ഐ യും എസ്എഫ്ഐ യും സംസ്ഥാനത്താകെ ബീഫ് ഫെസ്റ്റ് നടത്തിയിരുന്നു.

ബംഗാളിൽ ഇടതുപക്ഷത്തെ പ്രധാന കക്ഷിയായ ആർഎസ്‌പിയും ബീഫ് ഫെസ്റ്റ് വിഷയത്തിൽ സിപിഎം നിലപാട് തന്നെയാണ് സ്വീകരിച്ചത്. ബീഫ് ഫെസ്റ്റുകൾ സംഘടിപ്പിക്കുന്നതിനോട് ആർഎസ്പി ക്ക് യോജിപ്പില്ലെന്ന് സംസ്ഥാന സെക്രട്ടറി കിസ്തി ഗോസ്വാമി പറഞ്ഞു.

ദാദ്രി സംഭവത്തിന് ശേഷം തൃണമൂൽ അനുഭാവമുള്ള രാഷ്ട്രീയ നിരീക്ഷകനായ സുബോധ് സർക്കാരിനൊപ്പം മുതിർന്ന സിപിഎം നേതാവ് ബികാസ് രഞ്ജൻ ഭട്ടാചാര്യ, പരസ്യമായി ബീഫ് കഴിച്ചിരുന്നു. ഇത് ഇടതുകക്ഷികളിൽ നിന്നും സിപിഎം നേതാക്കളിൽ നിന്നും വൻതോതിൽ വിമർശനം ഏറ്റുവാങ്ങുകയും ചെയ്തു.

കേരളത്തിൽ ചെയ്തത് വെസ്റ്റ് ബംഗാളിൽ നടപ്പിലാക്കാൻ സാധിക്കില്ലെന്ന് ഡിവൈഎഫ്ഐ യും എസ്എഫ്ഐ യും വ്യക്തമാക്കിയിട്ടുണ്ട്. “കേരളത്തിലെയും ബംഗാളിലെയും രാഷ്ട്രീയ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. കേരളത്തിൽ നടപ്പിലാക്കിയത് ബംഗാളിൽ ചെയ്യാൻ സാധിക്കില്ല. എന്നാൽ നിരോധനത്തിനെതിരെ പ്രതിഷേധവുമായി മുന്നോട്ട് വരും” ഡിവൈഎഫ്ഐ ബംഗാൾ ഘടകത്തിലെ മുതിർന്ന നേതാവ് ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ