കൊല്‍ക്കത്ത: കേന്ദ്രത്തിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി നടത്തി വന്ന ധര്‍ണ അവസാനിപ്പിച്ചു. കോടതിയില്‍ നിന്നു ലഭിച്ചത് അനുകൂല വിധിയാണെന്നും ഭരണഘടനയുടെ വിജയമാണെന്നും മമത പറഞ്ഞു. അതേസമയം, രാജ്യത്ത് നടക്കുന്നത് ഏകാധിപത്യ ഭരണമാണെന്നും മമത പറഞ്ഞു. ഒറ്റയാള്‍ പാര്‍ട്ടിയാണ് ബിജെപിയെന്നും മമത.

”ഈ ധര്‍ണ ജനാധിപത്യത്തിന്റേയും ഭരണഘടനയുടേയും വിജയമാണ്. ഇന്നത്തേക്ക് അവസാനിപ്പിക്കാം. കോടതി നമുക്ക് അനുകൂലമായ വിധിയാണ് നല്‍കിയത്. അടുത്ത ആഴ്ച നമ്മള്‍ വിഷയം ഡല്‍ഹിയിലെത്തിക്കും” മമത പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനേയും ബിജെപിയേയും ‘വണ്‍ മാന്‍ ഗവണ്‍മെന്റ്, വണ്‍ മാന്‍ പാര്‍ട്ടി’ എന്നാണ് മമത വിശേഷിപ്പിച്ചത്.

നേരത്തെ കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ധര്‍ണ നടന്ന വേദിയിലെത്തിയ ആന്ധ്രാപദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മമതയെ പ്രതിപക്ഷത്തിന്റെ നെടുംതൂണെന്നാണ് വിശേഷിപ്പിച്ചത്.

കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന സുപ്രീം കോടതി ഉത്തരവ് ധാർമ്മിക വിജയമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഭരണഘടനയോടും ഭരണഘടന സ്ഥാപനങ്ങളോടും ആദരവുണ്ട്. രാജീവ് കുമാർ സിബിഐയ്ക്ക് മുന്നിൽ ഹാജരാകില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. നിങ്ങൾക്ക് ഇക്കാര്യത്തിൽ വ്യക്തത വേണമെങ്കിൽ അദ്ദേഹത്തോട് ചോദിക്കാം. പക്ഷേ സിബിഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാണ് എത്തിയത്. അതും വളരെ രഹസ്യമായി. ഇപ്പോഴിതാ സുപ്രീം കോടതി അറസ്റ്റ് പാടില്ലെന്നു പറഞ്ഞു. ഈ ഉത്തരവിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്നും മമത പറഞ്ഞു.

കേസന്വേഷണത്തോട് സഹകരിക്കില്ലെന്ന് ഞങ്ങൾ ഒരിക്കലും പറഞ്ഞിട്ടില്ല. രാജീവ് കുമാറിനു വേണ്ടിയല്ല ഞാൻ വാദിക്കുന്നത്. കോടിക്കണക്കിന് ജനങ്ങൾക്കുവേണ്ടിയാണ്. ഈ വിജയം രാജ്യത്തെ ജനങ്ങളുടേതാണ്. ആരും രാജ്യത്തിന്റെ ബിഗ് ബോസല്ല. ജനാധിപത്യമാണ് രാജ്യത്തിന്റെ ബിഗ് ബോസ്. ഞങ്ങളുടെ സമരം ജനങ്ങളുടെ സമരമാണ്. മോദി ഇനിയൊരിക്കലും അധികാരത്തിലേക്ക് തിരിച്ചു വരില്ല. മോദിയെ താഴെ ഇറക്കുകയാണ് ലക്ഷ്യം. സാധാരണക്കാർ, കർഷകർ, കലാകാരന്മാർ തുടങ്ങിയവരെയെല്ലാം മോദി ഭരണത്തിൽ അതൃപ്തരാണ്.

ആറു വർഷം പഴക്കമുള്ള കേസാണ് ശാദര ചിട്ട് ഫണ്ട് കേസ്. സിപിഎമ്മിന്റെ കാലത്താണ് ഇതുണ്ടായത്. കേസുമായി ബന്ധപ്പെട്ട് സുധിപ്ത സെന്നിനെ ഞങ്ങൾ അറസ്റ്റ് ചെയ്തു. കേസന്വേഷണത്തിന് ജുഡീഷ്യൻ കമ്മിഷനെ നിയമിക്കുകയും 300 കോടി രൂപ തിരികെ ലഭിക്കുകയും ചെയ്തു. എന്നിട്ടും അവർ പറയുന്നു കേസിന് ഉത്തരവാദികൾ ഞങ്ങളാണെന്ന്, മമത കൂട്ടിച്ചേർത്തു.

പശ്ചിമ ബംഗാൾ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും സിബിഐ നല്‍കിയ ഹര്‍ജികളിൽ മുഖ്യമന്ത്രി മമത ബാനർജിക്ക് സുപ്രീം കോടതിയിൽനിന്നും തിരിച്ചടി നേരിട്ടിരുന്നു. ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി കമ്മീഷണർ രാജീവ് കുമാർ സിബിഐയ്ക്ക് മുന്നിൽ ഹാജരാകണമെന്ന് സുപ്രീം കോടതി ഉത്തവിട്ടു. അന്വേഷണവുമായി സഹകരിക്കാനും കോടതി ആവശ്യപ്പെട്ടു. എന്നാൽ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനോ ബലം പ്രയോഗിക്കാനോ പാടില്ലെന്നും കോടതി വ്യക്തമാക്കി.

ചിട്ടി തട്ടിപ്പു കേസുകൾ അന്വേഷിക്കാൻ 2013 ഏപ്രിൽ 26 നാണ് ബംഗാൾ സർക്കാർ പ്രത്യേക സംഘത്തെ (എസ്ഐടി) നിയോഗിച്ചത്. രാജീവ് കുമാറിനെ ആയിരുന്നു എസ്ഐടിയുടെ തലവനാക്കിയത്. പിന്നീട് കേസ് സിബിഐ ഏറ്റെടുത്തപ്പോൾ തെളിവുകൾ നശിപ്പിക്കപ്പെട്ടുവെന്നു കണ്ടെത്തുകയും എസ്ഐടിയുടെ ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. ഇതനുസരിച്ചാണ് കൊൽക്കത്ത പൊലീസ് കമ്മിഷണറായ രാജീവ്കുമാർ ഉൾപ്പെടെ പലർക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട സിബിഐ നോട്ടിസ് നൽകിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ